Saturday, October 26, 2013

'മോന്‍'മാരും നിയമത്തിന്റെ വഴിയും

കുരുവിള എന്നുകേട്ടാല്‍ ഇപ്പോള്‍ മാലോകര്‍ക്ക് കാര്യമറിയാം. അധികാരസ്ഥാനത്തിരിക്കുന്നവര്‍ക്കെതിരേ പരാതിപ്പെട്ടാല്‍ ഏതു കുരുവിളയായാലും ബാംഗ്‌ളൂരിലെ വ്യവസായി എം.കെ. കുരുവിളയെപ്പോലെ അനുഭവിക്കുമെന്ന് ആളുകള്‍ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. അതായത് 'കുരുവിള' എന്നത് ശൈലിയായി മാറിയിട്ടുണ്ടെന്ന് ചുരുക്കം.
എത്ര പണമുണ്ടേലും മുഖ്യമന്ത്രിക്കെതിരേ പരാതി പറഞ്ഞാല്‍ അകത്താക്കും എന്നതാണ് കേരള പൊലീസിന്റെ പുതിയ പ്രമാണം. വെറും പരാതിയല്ല, അഴിമതിയാണ് വിഷയമെങ്കില്‍ വച്ചേക്കാമോ? അതും മുഖ്യമന്ത്രിയുടെ ബന്ധുക്കളും വേണ്ടപ്പെട്ടവരും പണം വാങ്ങിയെന്ന് ആരോപിച്ചാല്‍ കേരള പൊലീസിന്റെ ചോര തിളക്കേണ്ടേ?

അങ്ങനെ കാക്കിക്കോപ്പിരാട്ടികള്‍ അഴിഞ്ഞാടി. കുരുവിളയെ ബാംഗഌരില്‍നിന്ന് വിളിച്ചുവരുത്തി അറസ്റ്റുചെയ്തു. ഇപ്പോള്‍ ആഴ്ചതോറും കുരുവിളയെ അറസ്റ്റുചെയ്ത് അകത്തിടുന്നു. പുറത്തിറങ്ങുമ്പോഴേക്കും അടുത്ത കേസ്. ഇതിനിടെ കുരുവിള ഹൈക്കോടതിയില്‍ പരാതിപ്പെട്ടു. അപ്പോള്‍ കുറച്ചുകാലം സ്വസ്ഥത ഉണ്ടായിരുന്നു. ഹൈക്കോടതിയുടെ ബെഞ്ചുമാറിയതോടെ വീണ്ടും കുരുവിളക്കുമേല്‍ കേരള പൊലീസിന്റെ അറസ്റ്റുനാടകം ആരംഭിച്ചു.

കുരുവിളക്കെതിരേ ഇതുവരെയുള്ള എല്ലാ പരാതികളും കൂട്ടിച്ചേര്‍ത്താലും എല്ലാംകൂടി ഏതാനും ലക്ഷം രൂപ ആര്‍ക്കൊക്കെയോ നഷ്ടപ്പെട്ടു.ഏറ്റവും ഒടുവിലത്തെ പരാതി മൂന്നരലക്ഷം രൂപ കുരുവിള കബളിപ്പിച്ചു എന്നാണ്.കുരുവിളക്കെതിരേ പരാതിയുണ്ടെങ്കില്‍ അന്വേഷിച്ച് നടപടിയെടുക്കേണ്ട എന്നല്ല. അവിടെയും മുഖ്യമന്ത്രിയുടെ 'സുതാര്യകേരളം' വേണ്ടേ? മുഖ്യമന്ത്രിയുടെ പേരു പറഞ്ഞു കുരുവിളയെ വഞ്ചിച്ചതായുള്ള പരാതിയില്‍ ഒരുകോടിയിലേറെ രൂപയാണ് നഷ്ടപ്പെട്ടതായി പറയുന്നത്. അതായത് ഒരു കോടി രൂപ കബളിപ്പിച്ചത് പരാതിപ്പെട്ടാല്‍ മൂന്നര ലക്ഷത്തിന്റെ പരാതിയില്‍ അറസ്റ്റുചെയ്യും എന്നാണ് പൊലീസ് നീതി !

ഹൈക്കോടതിയുടെ (പഴയ) ബെഞ്ചല്ല, ആരു പറഞ്ഞാലും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കേസാണെങ്കില്‍ അന്വേഷണം 'നിയമത്തിന്റെ വഴി'ക്കു പോവും!. എന്നുവച്ചാല്‍ കേസ് കുട്ടിച്ചോറാവും എന്ന് പച്ചമലയാളം. ഗാന്ധി എന്ന് സര്‍ക്കാരാഫീസിലും പൊലീസ് സ്റ്റേഷനിലും പറഞ്ഞാല്‍ കൈക്കൂലിയായി ഏറ്റവും വലിയ കറന്‍സി എന്നാണര്‍ത്ഥമെന്ന് മിക്കവര്‍ക്കും അറിയാമല്ലോ. പത്തുഗാന്ധി എന്ന് രജിസ്‌ട്രേഷന്‍ വകുപ്പില്‍ കേട്ടാല്‍ അയ്യായിരം രൂപയാണെന്ന് ആവശ്യക്കാര്‍ക്ക് ആരും പറയാതെ മനസ്സിലാവും. അതുപോലെ ഒരു പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്താല്‍ എസ്.ഐ 'നിയമം നിയമത്തിന്റെ വഴി പോവും' എന്നു പ്രതികരിച്ചാല്‍ ഉറപ്പിക്കാം, നിങ്ങളുടെ പരാതിയുടെ സ്ഥാനം ചവറ്റുകൊട്ടയിലാണെന്ന്. ഈ പ്രയോഗം സാര്‍വത്രികമാക്കിയതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടാണ് കടപ്പാട്. ശ്രേഷ്ഠ മലയാളത്തിന് ഇനി മുഖ്യമന്ത്രി വക സംഭാവന ഇല്ലെന്ന് ആരും പറയരുത്. തനിക്കും ഗണ്‍മോന്‍, ഗോള്‍ഡ് മോന്‍, ജിക്കുമോന്‍,ചാണ്ടിമോന്‍ തുടങ്ങി താനുമായി ബന്ധമുള്ള 'പുന്നാരമോന്‍'മാര്‍ക്കെതിരെയുമുള്ള ഏതു പരാതിയും അട്ടിമറിച്ചുകൊടുക്കപ്പെടും എന്നതിന്റെ സൂചനയായി മുഖ്യമന്ത്രി 'നിയമം നിയമത്തിന്റെ വഴിക്കു പോവും' എന്നു പറയുന്നതിനെ മലയാളി മനസ്സിലാക്കിയെടുത്തു. പിന്നാലെയുള്ള സംഭവവികാസങ്ങളെല്ലാം അങ്ങനെയായിരുന്നല്ലോ.

കുരുവിളയുടെ കാര്യത്തില്‍ മാത്രമല്ല, നമ്മുടെ പാവം പാവം ഗണ്‍മോന്‍ സലിംരാജിന്റെ കഥ എന്താണ്? ഡി.ജി.പി അദ്ദ്യേത്തിനും ഈ മോനെ പേടിയാണോ എന്ന് ഹൈക്കോടതിയുടെ (പുതിയ) ബെഞ്ചിനുപോലും ചോദിക്കേണ്ടി വന്നു. സാധാരണ ഒരു പൗരന്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ എന്ന പഴയ കോണ്‍സ്റ്റബിള്‍ മുതല്‍ ഡി.ജി.പിവരെയുള്ളവര്‍ക്ക് പരാതി നല്‍കുന്നത് അതിന്‍മേല്‍ നടപടി പ്രതീക്ഷിച്ചുകൊണ്ടാണല്ലോ. എന്നാല്‍ ഗണ്‍മോനെതിരേ എന്തുപരാതി നല്‍കിയാലും അത് കൊടുത്തവരാണ് വിവരമറിയുന്നത്. ഡി.ജി.പിയായി ഇപ്പോഴിരിക്കുന്നന്ന മാന്യദേഹത്തിന് 'നമശിവായം ഡി.ജി.പി'യുടെ റോളേ ഉള്ളോ എന്നാണ് കോടതി ചോദിച്ചത്. എന്നുവച്ചാല്‍, ഇതിനകം പൊലീസ് സേനക്കാകെ പലവട്ടം നാണക്കേടുണ്ടാക്കിയ ഒരാള്‍ക്കെതിരെ അന്വേഷണത്തിനാധാരമായ പരാതികള്‍ കിട്ടിയിട്ടും അതൊന്നും ചെയ്യാതെ ഗണ്‍മോന്റെ മുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കുന്ന ഇക്കൂട്ടരെ പിന്നെന്താണ് കോടതി പറയേണ്ടത്?

ഇപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ ഡി.ജി.പിയെ കാണുന്നതിനുപകരം ഗണ്‍മോനെ കാണും എന്ന അവസ്ഥ വന്നപ്പോള്‍ അദ്ദേഹം ചാടിയെഴുന്നേറ്റ് സര്‍ക്കാരിന് കത്തുനല്‍കി. അതായത് ഗണ്‍മോനെതിരേ പരാതി കിട്ടിയപ്പോഴൊക്കെ താന്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി എന്നാണ് കത്തിലുള്ളത്. എന്നാല്‍ ഈ അന്വേഷണവും നടപടിയുമെല്ലാം അട്ടിമറിക്കപ്പെട്ടു. ഇതോടെ ജനങ്ങള്‍ക്ക് ആരാണ് ഡി.ജി.പി എന്ന് കൂടുതല്‍ വ്യക്തമായി. സര്‍ക്കാരിലേക്ക് മാസങ്ങള്‍ക്കുമുമ്പ് അയച്ച ശിപാര്‍ശയുടെ ഗതി എന്തായെന്ന് അന്വഷിക്കാന്‍ ഡി.ജി.പി തയ്യാറാകാത്തതെന്തേ? ഹൈക്കോടതി ചോദിച്ചപ്പോള്‍മാത്രമാണ് ഡി.ജി.പിക്ക് സര്‍ക്കാരിന് ഒരു കത്തുനല്‍കാനുള്ള ധൈര്യംപോലും ഉണ്ടായത് എന്നതല്ലേ വസ്തുത. ഇതൊക്കെ വോട്ടവകാശമുള്ള പാവം ജനം കണ്ടുകൊണ്ടിരിക്കുകയാണ്.

ഈ ഗണ്‍മോനെതിരെ കോടിക്കണക്കിന് രൂപയുടെ ഭൂമി തട്ടിപ്പ് കേസില്‍ പരാതി ഉണ്ടായപ്പോള്‍ പൊലീസ് എന്താണ് ചെയ്തത്? കുരുവിളയുടെ കാര്യത്തിലെ തനിയാവര്‍ത്തനമല്ലേ ഇതിലും ഉണ്ടായത്?ഗണ്‍മോനെതിരേയുള്ള പരാതിക്കാര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. സംഭവം വിവാദമായപ്പോള്‍ ഒരു എ.എസ്.ഐയെ സസ്‌പെന്‍ഡുചെയ്ത് തലയൂരാന്‍ നോക്കുകയാണ്. ഇതുപോലുള്ള കേസുകളില്‍ 'മോാാളീീീന്ന'ുള്ള ഇടപെടലില്ലാതെ ഒരു എ.എസ്.ഐയും ഇത്തരം കാര്യങ്ങള്‍ ചെയ്യില്ല എന്നറിയാന്‍ പാഴൂര്‍ പടിപ്പുര പോയിട്ട് കഌഫ് ഹൗസുവരെപോലും പോവേണ്ട കാര്യമില്ല.

ഒരു കേസുകൊടുത്തതിനെ തുടര്‍ന്ന് പത്തനംതിട്ടയിലെ ക്വാറി ബിസിനസുകാരന്‍ ശ്രീധരന്‍ നായരുടെ അവസ്ഥ എന്തായി എന്ന് വിശദീകരിക്കേണ്ട കാര്യമില്ല. അയാളുടെ ക്വാറി ബിസിനസ് പൂട്ടിക്കാന്‍ മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും ഇടപെട്ടു. ന്യൂനപക്ഷ വിഭാഗക്കാരായ ചിലരാണ് ക്വാറി രംഗത്തെ അതികായര്‍ എന്നിരിക്കേ അവര്‍ക്കെതിരേ ചെന്നിത്തലയുമായി അടുപ്പവും ബന്ധുത്വവും ആരോപിക്കുന്ന ഒരാളെ വെറുതെ വിടാന്‍ പറ്റുമോ? പരാതിക്കാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും രേഖകള്‍ ഇല്ലാതാക്കാന്‍ കെട്ടിടങ്ങള്‍തന്നെ ഇടിച്ചുനിരത്തുന്നതും ഐസ്‌ക്രീംപാര്‍ലര്‍ കേസില്‍ കേരളം കണ്ടതാണ്. ഈ സര്‍ക്കാര്‍ വന്നതോടെ അതിനൊന്നും തെളിവു കണ്ടെത്താന്‍ പറ്റാത്ത ഗതികെട്ടവരായി കേരള പൊലീസ്. ഒരു കാലത്ത് കേരള പൊലീസിനെ ഓര്‍ത്ത് അഭിമാനം കൊണ്ടവരാണ് മലയാളികള്‍. ഇപ്പോള്‍ കള്ളക്കടത്ത്, മണല്‍കടത്ത്, തെളിവ് നശിപ്പിക്കല്‍ എല്ലാത്തിനും മുന്നില്‍ അവര്‍ തന്നെ. കാക്കിപ്പൊലീസിന്റെ പ്രധാന പണികളിലൊന്ന് വരിയുടക്കലാണെന്ന് സ്‌കൂള്‍ കുട്ടികള്‍ ഉത്തരക്കടലാസില്‍ എഴുതുന്ന രീതിയിലേക്ക് പുരോഗതി ഉണ്ടാക്കി എന്ന് യു.ഡി.എഫ് സര്‍ക്കാരിന് അഭിമാനിക്കാം.


മുഖ്യമന്ത്രിയുടെ 'ഗോള്‍ഡ്‌മോനാ'യാണല്ലോ സ്വര്‍ണക്കള്ളക്കടത്തുകേസിലെ പ്രതി ടി.കെ.ഫയിസ് അറിയപ്പെടുന്നത്. സോളാര്‍ കേസിലെ പ്രതി ബിജുരാധാകൃഷ്ണനുമായി ഒരു മണിക്കൂര്‍ ഗസ്റ്റ് ഹൗസില്‍ മുറിയടച്ചു സംസാരിച്ച ഉമ്മന്‍ചാണ്ടി ദേശീയപാതയോരത്ത് അടച്ചുപൂട്ടിയ എ.സി വാഹനത്തില്‍ ഒരു മണിക്കൂറോളം സംസാരിച്ചുവെന്നാണ് വാര്‍ത്തകള്‍. ബിജുവിന്റെ കാര്യത്തിലെന്നപോലെ ഇതും 'കുടുംബകാര്യം' ആയിരിക്കാനേ വഴിയുള്ളൂ! ഈ ഫയിസ് മാസങ്ങള്‍ക്കുമുമ്പ് ജയിലില്‍ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളായ മോഹനന്‍ മാസ്റ്ററേയും കൊടി സുനിയേയും സന്ദര്‍ശിച്ചതിന്റെ വീഡിയോ ദൃശ്യം പുറത്തെടുക്കാനായി. എന്നാല്‍, മുഖ്യമന്ത്രിയും സോളാര്‍ കേസിലെ സരിതാ നായരും ശ്രീധരന്‍ നായരും സംസാരിച്ചാല്‍ അതൊന്നും ക്യാമറയില്‍ പതിയത്തില്ല!

അതുപോലെ മോഹനന്‍ മാസ്റ്ററും ഫയിസുമായി ടെലിഫോണില്‍ സംസാരിച്ചതിന്റെ രേഖകളും പുറത്തുവന്നു. ഈ രേഖകളുടെ കാര്യം നോക്കണേ! മുഖ്യമന്ത്രിയുടെ 'ഓഫീസ് മോന്‍' മാരായ ജിക്കുമോനും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍.കെയും സംസാരിച്ചാല്‍ അതൊന്നും രേഖകളിലുണ്ടാവില്ല! അത് പൊലീസ് അന്വേഷിക്കേണ്ട കാര്യവുമില്ല! നിയമം നിയമത്തിന്റെ വഴി പോവുന്നത് ഇങ്ങനെയൊക്കെയാണ്.