Friday, July 26, 2013

സോളാര്‍ കേസില്‍ വി.എസ്സിനെ പ്രതിയാക്കണം!

പാമോയില്‍ അഴിമതി വിവാദം കത്തിക്കാളുമ്പോള്‍ അത് 'കേരളകൗമുദി'യിലൂടെ പുറത്തുകൊണ്ടുവന്ന ബി.സി.ജോജോ അന്ന് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനോട് ഒരു അഭിമുഖം ചോദിച്ചു. മുഖ്യമന്ത്രി നേരിട്ടിടപെട്ട് അഴിമതി നടത്തി എന്നതിന്റെ തെളിവുകള്‍ നിരത്തി സ്ഥാപിച്ച പത്രലേഖകനാണ് അഭിമുഖത്തിന് അവസരം ചോദിക്കുന്നത്. സാധാരണഗതിയില്‍ ആരും അത്ര എളുപ്പം അത് സമ്മതിക്കില്ല. എന്നാല്‍ കരുണാകരന്‍ സമ്മതിച്ചു. പാമോയില്‍ അഴിമതി ഇടപാടിലെ സുപ്രധാനരേഖകള്‍ പുറത്തായതിന്റെ കാരണം ചോദിച്ചപ്പോള്‍, ആ അഭിമുഖത്തില്‍ കരുണാകരന്‍ മറുപടി നല്‍കിയത് 'ഫോട്ടോസ്റ്റാറ്റ്' എന്നാണ്!

ഇത് ഓര്‍ക്കാനുള്ള കാരണം ഇപ്പോഴത്തെ 'സരിതോര്‍ജ' വിവാദത്തില്‍ കേരളീയ സമൂഹത്തിന് പ്രതിയാണെന്ന് പൂര്‍ണബോദ്ധ്യമുളള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാടുകളാണ്. അട്ടപ്പാടിയില്‍ ആദിവാസിക്കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവുമൂലം മരിക്കുന്നതിനുള്ള കാരണം ആഹാരം നല്‍കിയിട്ടും അതുകഴിക്കാത്ത ആദിവാസികളുടെ 'നിഷേധാത്മ'ക കര്‍മ്മങ്ങളാണെന്ന് കണ്ടെത്തിയ മഹാനാണീ മുഖ്യമന്ത്രി! (ഈ ആദിവാസികളത്രയും ഡി.വൈ.എഫ്.ഐക്കാരാണോ?) പട്ടികജാതി പട്ടികവര്‍ഗക്ഷേമത്തിന് സര്‍ക്കാര്‍ നീക്കിവച്ച പണം പൂര്‍ണമായും ചെലവഴിച്ച സര്‍ക്കാരാണിത്. അതിനര്‍ത്ഥം, ആദിവാസികള്‍ക്കുവേണ്ടിയുള്ള പണവും ഏതൊക്കെയോ സരിത-ജിക്കു-ജോപ്പന്‍-സലിംരാജുമാര്‍ കൊണ്ടുപോയെന്നാണല്ലോ. ട്രെയിനപകടമുണ്ടായപ്പോള്‍ നേരിട്ട് ഉത്തരവാദിത്തമുണ്ടാവാതിരുന്നിട്ടുപോലും കോഗ്രസുകാരനായ ലാല്‍ബഹാദൂര്‍ ശാസ്ത്രി കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചത് പഴങ്കഥയായി കരുതാം. അതേ കോണ്‍ഗ്രസ് ഭരിക്കുമ്പോഴാണ് ആദിവാസിക്കുഞ്ഞുങ്ങളുടെ മരണത്തിന്റെ പൂര്‍ണ ധാര്‍മ്മിക ഉത്തരവാദിത്തമുള്ള ആദിവാസിക്ഷേമമന്ത്രി ആദിവാസിയായ കുമാരി ജയലക്ഷ്മിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്നത്. ചെറിയ വ്യത്യാസമുണ്ട്, ശാസ്ത്രിയുടെ കാലത്ത് കോണ്‍ഗ്രസിനെ നയിച്ചത് ജവഹര്‍ലാല്‍ നെഹൃ ആയിരുന്നു. ഒന്നും രണ്ടും ലക്ഷം കോടി രൂപയുടെ അഴിമതി ആരോപണത്തിന്റെ ചെളിപുരണ്ട കോണ്‍ഗ്രസിന്റെ ഇന്നത്തെ ഹൈക്കമാന്‍ഡ് പത്തുകോടിയുടെ സോളാര്‍ അഴിമതിയുമായി ഡല്‍ഹിയിലെത്തിയപ്പോള്‍ ആയിരം കോടിയില്‍ കുറഞ്ഞ അഴിമതി സ്വീകരിക്കില്ലെന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടിയെ വിരട്ടി വിട്ടു എന്നാണ് കഥ. അത്. ഇനി ഡെല്‍ഹിയിലെത്തുമ്പോള്‍ നിലവിലുള്ള അഴിമതി 'നിലവാര'ത്തിലേക്ക് ഉയരണമെന്ന് ഹൈക്കമാന്‍ഡ് ഉപദേശിച്ചുകാണില്ലെന്ന് കരുതാം!


പാമോയില്‍ അഴിമതിക്കാലത്ത് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു വിലക്കുമില്ലായിരുന്നു. ഇതിപ്പോള്‍ ഡെല്‍ഹിയില്‍ കേരളാഹൗസില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്. മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കുന്നതിന് പൊലീസുകാരുടെ അനുമതി വേണം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ പ്രവേശിക്കുന്നതിന് എന്തൊക്കെ നിയന്ത്രണങ്ങളാണെന്നോ! കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് വകുപ്പുമേധാവികള്‍ നേരിട്ട് മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് വിശദീകരണം നല്‍കുന്നതിനുപകരം അത് പൊതുജനസമ്പര്‍ക്ക വകുപ്പ് മുഖാന്തരം ആവണമെന്നൊരു സര്‍ക്കുലര്‍ വന്നു. ചില ഉദ്യോസ്ഥ മേധാവികള്‍ അവര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്കുമാത്രം സര്‍ക്കാര്‍ അറിയിപ്പുനല്‍കിയിരുന്ന സാഹചര്യത്തില്‍ അത് എല്ലാവര്‍ക്കും ലഭിക്കുതിനായിരുന്നു ഇത്. ജനാധിപത്യവിരുദ്ധമെന്നുമാത്രമല്ല, റഷ്യയില്‍നിന്ന് കെട്ടുകെട്ടിയ വ്യവസ്ഥിതി ഇവിടെ നടപ്പാക്കുന്നു എന്നാരോപിച്ച് കുഞ്ഞൂഞ്ഞച്ചായന്‍ അന്നൊഴുക്കിയ കണ്ണീര്‍കൊണ്ടുമാത്രമാണ് ആ സര്‍ക്കാരിന്റെ കാലത്ത് പവര്‍കട്ടുണ്ടാകാതെ പിടിച്ചുനിന്നത്! ദോഷം പറയരുതല്ലോ, അന്ന് അതിനെതിരേ മാദ്ധ്യമശിങ്കങ്ങള്‍ എന്തൊരു പ്രക്ഷോഭമാണ് നടത്തിയത്. പക്ഷെ, ഇപ്പോള്‍ ആ മാദ്ധ്യമശിങ്കങ്ങള്‍ക്കെല്ലാം വല്ലാത്ത ഉറക്കം. എന്തായാലും നമ്മുടെ സ്വന്തം കുഞ്ഞൂഞ്ഞല്ലേ ഇതൊക്കെ ചെയ്യുന്നത്. അപ്പോള്‍പിന്നെ 'നമ്മുടെ സര്‍ക്കാര്‍ നമ്മളെ തല്ലിയാല്‍ നിങ്ങള്‍ക്കെന്താ നാട്ടാരെ' എന്ന പഴയ മുദ്രാവാക്യം ആവര്‍ത്തിക്കുകയല്ലാതെ നിവൃത്തിയില്ല.

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തി കുറച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തുടങ്ങിയിരുന്നു. അത് മുഖ്യമന്ത്രിയോട് നിശിത ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്കും സര്‍ക്കാരിന്റെ മൂടുതാങ്ങാത്തവര്‍ക്കും മാത്രമായിരുന്നു.സരിതമാര്‍ക്ക് സെക്രട്ടേറിയറ്റില്‍ കയറി മേയാന്‍ ഒരു നിയന്ത്രണവുമില്ലായിരുന്നു. സരിതമാര്‍ക്ക് വേണ്ടപ്പെട്ടവരെ കെട്ടിപ്പിടിച്ചുമ്മ നല്‍കാന്‍വേണ്ടിക്കൂടിയുളളതാണ് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാള്‍ എന്നു തെളിയിച്ചത് നിസ്സാരമാണോ!


പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ഭാഗ്യമുണ്ട്. ചുമ്മാ ഇരിക്കുമ്പോഴാണ് ഓരോ വിജിലന്‍സ് കേസുകള്‍ വരുന്നത്. ഏറ്റവും ഒടുവില്‍ വിജിലന്‍സ് അന്വേഷണം മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയുടെ പരാതിയിലാണ്. സരിതക്കെതിരെ പരാതി നല്‍കിയ വ്യവസായിയായ ശ്രീധരന്‍നായര്‍ക്ക് വിശ്വാസ്യതയില്ലൊണ് മുഖ്യമന്ത്രി മുതല്‍ മുഖ്യമന്ത്രിക്കസേര സ്വപ്‌നം കണ്ട് ഉമ്മന്‍ചാണ്ടിയെ കുരുക്കാന്‍ നടക്കുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍മന്ത്രിവരെ പറയുന്നത്. കോണ്‍ഗ്രസുകാരനാണെങ്കിലും ശ്രീധരന്‍നായര്‍ ആദ്യം മുതല്‍ ഒരേ കാര്യമാണ് പറയുന്നത്. മുഖ്യമന്ത്രിയെ കാണുംമുമ്പ് എന്തുകൊണ്ട് ചെക്ക് മാറാന്‍ സരിതക്ക് അനുവാദം നല്‍കി എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തുടക്കം മുതല്‍ ഒരേ കാര്യം പറയുന്നു എന്നുമാത്രമല്ല, നുണപരിശോധനക്ക് തയ്യാറാണെന്ന് വെല്ലുവിളിക്കുകയും ചെയ്യുന്നു. എന്നിട്ടും അതിനെക്കുറിച്ച് വിജിലന്‍സോ സാദായോ ആയ ഒരു പൊലീസുകാരനെക്കൊണ്ടുപോലും അന്വേഷണം നടത്തില്ലെന്ന വാശിയിലാണ് സര്‍ക്കാര്‍. അപ്പോഴാണ് വിശ്വാസ്യതയുടെ കാര്യത്തില്‍ ഹരിശ്ചന്ദ്രന്‍പോലും തോറ്റുപോവുന്ന ആര്‍.ബാലകൃഷ്ണപിള്ള രംഗത്തെത്തിയത്.

കേരളത്തില്‍ മന്ത്രിയായിരുന്ന ഒരാള്‍ ആദ്യമായി അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടത് ബാലകൃഷ്ണപിള്ളയിലൂടെയാണ്.
വി.എസ്. അച്യുതാനന്ദനാണ് യു.ഡി.എഫ് സര്‍ക്കാര്‍ വേണ്ടെന്നുവച്ച അഴിമതിക്കേസിന്റെ പിന്നാലെ സുപ്രീംകോടതിവരെപോയി ബാലകൃഷ്ണപിള്ളയെ പൂജപ്പുര ജയിലഴിക്കുള്ളിലാക്കിയത്. സുപ്രീംകോടതി ശിക്ഷിച്ച കാലാവധി പൂര്‍ത്തിയാക്കാതെ ശരീരത്തില്‍ ഇരുമ്പിന്റെ അംശം കൂടുതലാണെന്നുപറഞ്ഞ് കിംസ് ആശുപത്രിയില്‍ കിടക്കാന്‍വരെ ഈ സര്‍ക്കാര്‍ അനുവദിച്ച് 'നിയമം' നടപ്പാക്കി.

ബാലകൃഷ്ണപിള്ളക്ക് ഇരുമ്പിന്റെ അംശം കൂടുതലാണെന്ന് കേരളീയര്‍ വിശ്വസിച്ചത് അദ്ദേഹത്തിന്റെ സ്‌കൂളിലെ അദ്ധ്യാപകനായ കൃഷ്ണകുമാറിന്റെ ആസനത്തില്‍ കമ്പിപ്പാര കയറിയപ്പോഴാണ്. ശിക്ഷാകാലാവധി കഴിയുംമുമ്പ് അദ്ദേഹത്തെ പ്രത്യേക ഉത്തരവിലൂടെ സര്‍ക്കാര്‍ പുറത്തിറക്കിയശേഷം അദ്ദേഹത്തിന് ഇരുമ്പും ഉരുക്കുമെല്ലാം ആവശ്യത്തില്‍ കൂടുതലാണെന്ന് തെളിയിച്ചുവരികയായിരുന്നു. അങ്ങനെ 'പൂര്‍ണവിശ്വാസ്യത'യുള്ള ഒരാളിന്റെ പരാതി സര്‍ക്കാരിന് കിട്ടിയാല്‍ അന്വേഷിക്കാതിരിക്കാനാവില്ല. പിള്ളയുടെ ആവശ്യം എന്താണെന്നോ? തന്നെ അഴിമതിക്കേസില്‍ ശിക്ഷിച്ച, ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിയെ ഐസ്‌ക്രീം കേസില്‍ വട്ടം കറക്കുന്നതിന് വി.എസ് പ്രഗത്ഭ അഭിഭാഷകരെ കോടതിയില്‍ കൊണ്ടുവരുന്നു. പ്രശാന്ത്ഭൂഷണ്‍ ഉള്‍പ്പെടെ മണിക്കൂറിന് ലക്ഷങ്ങള്‍ വിലമതിക്കുന്ന അഭിഭാഷകര്‍ക്ക് അച്യുതാനന്ദന്‍ എവിടെനിന്ന് പണം നല്‍കുന്നു? ന്യായമായ ആവശ്യമാണ്. തന്റെ അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പെടെയുള്ളവര്‍ സൗജന്യമായി ഹാജരായാണ് കേസ് വാദിക്കുന്നതെന്ന് വി.എസ്. പറയുന്നതിന് എന്ത് വിശ്വാസ്യതയാണുള്ളത്? സുപ്രീംകോടതി ശിക്ഷിച്ച ആളിനെതെന്നയാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കേണ്ടത്.

നീതിന്യായ കോടതികളുടെ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ സോളാര്‍ കേസില്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ അനുയായികളായ പാവം പയ്യന്‍മാരും സഹപ്രവര്‍ത്തകരും പ്രതികളാവില്ലെന്നുമാത്രമല്ല, അന്വേഷണത്തിന്റെ ഏഴയലത്തുപോലും എത്തില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ആ സ്ഥിതിക്ക് ഇനി ഈ കേസില്‍ ഒരു പ്രതി വേണം. അതിന് പറ്റിയ ആള്‍ വി.എസ്. അച്യുതാനന്ദനാണ്. അതാവുമ്പോള്‍ തീരെ വിശ്വാസ്യത ഇല്ലാത്ത ആളാണ്! സരിതയെ ആദ്യമായി അറസ്റ്റുചെയ്ത് ജയിലിലടച്ച സര്‍ക്കാരിന്റെ നായകനാണ്. സരിതക്കും ബിജുവിനും എതിരെ കേസെടുത്തതും വി.എസിന്റെ സര്‍ക്കാര്‍തന്നെ. സോളാര്‍ കേസില്‍ വി.എസ്സിനെ വെറും പ്രതിയല്ല, ഒന്നാം പ്രതിതന്നെയാക്കാന്‍ ഇതില്‍കൂടുതല്‍ കാരണങ്ങള്‍ വേണോ? അതാവുമ്പോള്‍ മനപ്രയാസമില്ലാതെ മുഖ്യവാര്‍ത്തയായി വീശിയടിക്കാന്‍ കുഞ്ഞൂഞ്ഞച്ചായന്‍ ആന്റ് കമ്പനിയോട് താല്പര്യമുള്ള മാദ്ധ്യമങ്ങള്‍ കാത്തുനില്‍ക്കുകയുമാണ്.

Thursday, July 18, 2013

ശാലുമേനോനും കലാഭവന്‍മണിയും നിയമം പോകുന്ന വഴിയും

ഒടുവില്‍,നടിയും നര്‍ത്തകിയുമായ ശാലുമേനോനെ പൊലീസ് അറസ്റ്റു ചെയ്തു.ഇത് നേരത്തേ വേണ്ടതായിരുന്നില്ലേ എന്ന സംശയം പരസ്യമായി ഉന്നയിച്ചവരില്‍ യു.ഡി.എഫിന്റെ കാബിനറ്റ് പദവി കൈകാര്യം ചെയ്യുന്നവരും ഉള്‍പ്പെടുന്നുണ്ട്.

സാധാരണഗതിയില്‍ ഒരു പ്രതിയെ പൊലീസ് എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് മലയാളികള്‍ക്ക് നല്ല ബോദ്ധ്യമുള്ളതാണ്. പൊലീസിന് പുതിയ ജീപ്പ് ഉണ്ടെങ്കിലും പഴയ ജീപ്പ് കൊണ്ടുവന്ന് അതിന്റെ പിന്‍സീറ്റില്‍ അങ്ങേയറ്റത്തായാണ് ഇരുത്തുക. അത് ഒരുവിധം സ്വാധീനമുള്ളവരുടെ കാര്യത്തില്‍ മാത്രമാണ്. അല്ലെങ്കില്‍ ജീപ്പിന്റെ തറയിലിരിക്കാനാവും യോഗം.

എന്നാല്‍,ശാലുമേനോന്റെ കാര്യത്തില്‍ അങ്ങനെയൊന്നുമുണ്ടായില്ല. ദേശീയപാതകളില്‍മാത്രമല്ല, ഊടുവഴികളില്‍പോലും മറഞ്ഞുനിന്ന് കാറുകളുടെ സണ്‍ഫിലിം ഒട്ടിച്ചവര്‍ക്ക് പിഴയും തെറിവിളിയും 'സമ്മാനിക്കുന്ന' പൊലീസ് ഈ പ്രതിക്ക് സ്വന്തം കാറില്‍ പൊലീസ് ഏമാന്‍മാരുടെ സന്നിധാനത്തിലേക്ക് എത്താന്‍ അവസരമൊരുക്കി. ആ കാറില്‍ സണ്‍ഫിലിം ഒട്ടിച്ചിട്ടുണ്ടെന്ന് 'നീതിപാലകര്‍' പ്രത്യേകം ഉറപ്പാക്കി! അവരുടെ ചിത്രമോ ദൃശ്യങ്ങളോ എടുക്കുന്നത് തടഞ്ഞു. അത് മറികടന്ന ഒരു പാവം ക്യാമറാമാനെ 'ഇടിച്ചുപരിപ്പാക്കാനും' മറന്നില്ല.
ഇനി നമുക്ക് മറ്റൊരു രംഗം ഓര്‍ക്കാം. ആതിരപ്പള്ളിയില്‍ വനപാലകനെ മര്‍ദ്ദിച്ച കേസില്‍ കോടതി നിര്‍ദ്ദേശപ്രകാരം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങാനെത്തിയ നടനും ഗായകനുമായ കലാഭവന്‍ മണിയെ അറസ്റ്റുചെയ്യാന്‍ നോക്കിയതും ഒപ്പമുണ്ടായിരുന്ന അഭിഭാഷകന്‍ ചെറുത്തതിനാല്‍ അത് നടക്കാതെ പോയതും നമുക്ക് മറക്കാം. കീഴടങ്ങിയ മണിയെ ജീപ്പിലെ പിന്‍സീറ്റില്‍ അങ്ങേ അറ്റത്തിരുത്തി കോടതിയില്‍ ഹാജരാക്കിയ പൊലീസിന്റെ ഔത്സുക്യം അത്ര പെട്ടെന്ന് വിസ്മരിക്കാവുന്നതാണോ?


കലാഭവന്‍ മണിയും ശാലുമേനോനും തമ്മില്‍ താരതമ്യം ചെയ്യപ്പെട്ടാല്‍ ശാലുമേനോനെക്കാളും എന്തുകൊണ്ടും ജനപ്രിയത കലാഭവന്‍ മണിക്കുതന്നെയാണ്. ബഹുഭാഷാ നടനായ മണി അറിയപ്പെടുന്ന നാടന്‍പാട്ട് ഗായകനുമാണല്ലോ. പൊലീസ് സ്റ്റേഷന് ഉള്‍പ്പെടെ കെട്ടിടം നിര്‍മ്മിച്ചു നല്‍കിയതൊന്നും ആപത്തുകാലത്ത് പൊലീസുകാര്‍ ഓര്‍ക്കില്ല.
എന്തായാലും ഇവിടെയാണ് ഇന്റലിജന്‍സ് മേധാവിയും അഡീഷണല്‍ ഡി.ജി.പിയുമായ ടി.പി.സെന്‍കുമാര്‍ പറഞ്ഞതിന്റെ പ്രസക്തി. കലാഭവന്‍ മണിയെ അറസ്റ്റുചെയ്യാന്‍ സര്‍വസന്നാഹവുമൊരുക്കിയ പൊലീസ് അതേകുറ്റം ചെയ്താല്‍ മമ്മൂട്ടിയോടും മോഹന്‍ലാലിനോടും അങ്ങനെ ചെയ്യുമോ എന്നായിരുന്നല്ലോ അദ്ദേഹത്തിന്റെ ചോദ്യം.
മമ്മൂട്ടിയും മോഹന്‍ലാലുമൊന്നും വേണ്ട, ശാലുമേനോന്‍ പോലും പൊലീസിന്റെ ദൃഷ്ടിയില്‍ കലാഭവന്‍ മണിയെക്കാള്‍ ഉയരത്തിലാണ്.
ഇവിടെ പൊലീസിലെ ജാതീയതമാത്രമല്ല കടന്നുവരുന്നത്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സ്വന്തം വീട്ടില്‍ വിളിച്ചു സല്‍ക്കരിക്കാന്‍ കലാഭവന്‍ മണിക്ക് കഴിഞ്ഞില്ല. കേന്ദ്രമന്ത്രിമാരെ കിടപ്പറയില്‍ കൂട്ടിക്കൊണ്ടുപോയി ചപ്രമഞ്ചത്തിലിരുത്താന്‍ കലാഭവന്‍ മണിക്ക് സാധിച്ചില്ല. 'അത്തരം' ഒരുപാട് കഴിവുകള്‍ ഉള്ളതിനാലാണ് ശാലുമേനോന് പൊലീസിന്റെ 'വിവിഐപി' പരിഗണന കിട്ടിയതും കലാഭവന്‍ മണിക്ക് കൊലപാതകിക്കും കൊള്ളക്കാരനും കിട്ടുന്ന സ്ഥാനം കിട്ടിയതും. കാക്കിയണിഞ്ഞ എത്രപേര്‍ ശാലുമേനോന്റെ പുതിയ വീട്ടില്‍ പാലുകാച്ചാനും കിടപ്പറ കാണാനും എത്തി എന്നതൊക്കെ ഇനി അറിയേണ്ട കാര്യം. ഇപ്പോഴത്തെ ഈ വി.ഐ.പി പരിഗണനയുടെ പിന്നിലെ കൂടുതല്‍ കഥകള്‍ പുറത്തുവരികതന്നെ ചെയ്യും.
നിയമം നിയമത്തിന്റെ വഴിക്കുപോവുമെന്ന് ഒരുപാട് നാളായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറയുന്നുണ്ട്. അതിന്റെ തത്സമയ സംപ്രേഷണമാണ് ഇപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും മുതല്‍ ആഭ്യന്തരവകുപ്പിലെ മന്ത്രിപദം മോഹിപ്പിച്ചിട്ട് കൊടുക്കാതെ കൊതിപ്പിച്ചുവിട്ട രമേശ് ചെന്നിത്തലവരെയുള്ളവര്‍ ജോപ്പന്റെയും ജിക്കുവിന്റെയും സലിംരാജിന്റെയും മൊബൈല്‍ഫോണില്‍ വിളിച്ചാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കിട്ടും. 'സോളാര്‍' സരിതയും ബിജുവും വിളിച്ചാല്‍ മുഖ്യമന്ത്രിയെ കിട്ടില്ല! 'സാങ്കേതികവിദ്യ'യുടെ ഒരു വളര്‍ച്ചയേ...!

മുഖ്യമന്ത്രിക്കും സര്‍ക്കാര്‍ ചെലവില്‍ മൊബൈല്‍ഫോണ്‍ നിയമവിധേയമായിത്തന്നെ അനുവദിച്ചിട്ടുണ്ട്. എ.കെ.ആന്റണി ഉള്‍പ്പെടെയുള്ളവര്‍ അത് ഉപയോഗിച്ചിരുന്നു.രാഷ്ട്രീയശത്രു ആയതിനാല്‍ വി.എസ്.അച്യുതാനന്ദന്‍ ഉപയോഗിച്ചിരുന്നുവെന്നത് ഉമ്മന്‍ചാണ്ടി കണക്കാക്കണമെന്നില്ല. തിരുവനന്തപുരത്ത് ജഗതിയില്‍ 'പുതുപ്പള്ളി ഹൗസ്' എന്ന സ്വന്തം വീടുണ്ടായിരിക്കേ 'കഌഫ്ഹൗസ്' എന്ന ഔദ്യോഗികവസതി ഉപയോഗിക്കുന്ന മുഖ്യമന്ത്രി മൊബൈല്‍ഫോണ്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടും ഉപയോഗിക്കാത്തതിന് ഇതുവരെയും ന്യായീകരണമൊന്നും പറഞ്ഞുകേട്ടില്ല.


കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പുകാലയളവുകളിലെ ധനസമാഹരണച്ചുമതല കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഉമ്മന്‍ചാണ്ടിക്കാണെന്ന് അറിയാത്തവര്‍ തീരെ കുറവായിരിക്കും. അതുകൊണ്ടുതന്നെ ഇതുപോലുള്ള 'വീഴ്ച' മുഖ്യമന്ത്രി പ്രതീക്ഷിച്ചിരിക്കില്ലേ? ഉടുതുണിക്ക് മറുതുണി ഇല്ലാതെ പെഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ആയവര്‍ കോടിക്കണക്കിനുരൂപ ചെലവഴിച്ച് വീടുവയ്ക്കുന്നത് മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് വെറും വാദത്തിനായി സമ്മതിക്കാം.പക്ഷേ, പാലുകാച്ചിന് പോയപ്പോള്‍ മുഖ്യമന്ത്രിക്ക് തന്റെ സഹായി ഇത്രയും വലിയ വീട് വയ്ക്കുന്നതിനുള്ള ആസ്തി എവിടെനിന്ന് സ്വരൂപിച്ചു എന്ന് അന്വേഷിക്കാന്‍ കഴിയുമായിരുന്നില്ലേ? അപ്പോള്‍, 'എമ്പ്രാന്‍ കട്ടാല്‍ അമ്പലവാസികളൊക്കെ കക്കും' എന്ന് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശ്വസിക്കേണ്ടിവരും.
പാമോയില്‍ കേസില്‍ അതുവരെയുള്ള അന്വേഷണപുരോഗതി മുഴുവന്‍ അട്ടിമറിച്ച് തിരഞ്ഞെടുപ്പുഫലംവന്നതിന്റെ അന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും പിന്നീട് വിജിലന്‍സ് കോടതി അതിനെതിരായ നിലപാടെടുത്തപ്പോള്‍ പി.സി.ജോര്‍ജിനെ ഇറക്കിവിട്ട് ജഡ്ജിയുടെ ജാതിവരെ പറയിപ്പിച്ച് കേസ് കേള്‍ക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുകയും ചെയ്ത ഉമ്മന്‍ചാണ്ടിയുടെ കുശാഗ്രബുദ്ധി കേരളം കണ്ടതാണ്. സോളാര്‍ കേസുകള്‍ ഉണ്ടാവുമ്പോള്‍ സഹായികളില്‍ അന്വേഷണം ഒതുക്കാന്‍ വേണ്ടിയല്ലേ ഉമ്മന്‍ചാണ്ടി മൊബൈല്‍ഫോണ്‍ വേണ്ടെന്നുവച്ചത്? ഔദ്യോഗിക വസതിയും വാഹനവും ലാന്റ്‌ഫോണും ഉള്‍പ്പെടെ മറ്റെല്ലാ സൗകര്യങ്ങളും ഉപയോഗിക്കുന്ന മുഖ്യമന്ത്രി സര്‍ക്കാര്‍ നല്‍കുന്ന മൊബൈല്‍ഫോണ്‍മാത്രം വേണ്ടെന്നുവയ്ക്കുന്നതിന്റെ യുക്തി സാധാരണക്കാരെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസ് സോളാര്‍ തട്ടിപ്പിന് ഉപയോഗപ്പെടുത്തി എന്ന് വ്യക്തമായിക്കഴിഞ്ഞു. മുഖ്യമന്ത്രിക്ക് പ്രത്യക്ഷത്തില്‍ ഇതില്‍ പങ്കുണ്ടെന്നാണ് പരാതിക്കാരന്‍ പത്തനംതിട്ട കോടതിയില്‍ സമര്‍പ്പിച്ച അന്യായത്തില്‍ പറയുന്നത്. ആ കേസിലെ അറസ്റ്റിലായ പ്രതിയും മുഖ്യമന്ത്രിയുടെ പെഴ്‌സണല്‍ സ്റ്റാഫ് അംഗവുമായിരുന്ന ജോപ്പന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍വച്ച് 40 ലക്ഷം രൂപയുടെ ചെക്ക് ആവലാതിക്കാരനില്‍നിന്ന് വാങ്ങി സരിതക്ക് നല്‍കി എന്നുമാത്രമല്ല അപ്പോള്‍ ചുംബനം ലഭിച്ചതും പൊലീസിന്റെ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത് പുറത്തുവന്നിട്ടുണ്ട്. ഈ ഒരൊറ്റ കേസില്‍മാത്രം മുഖ്യമന്ത്രിയുടെ (ഐക്യരാഷ്ട്രസഭയുടെ അവാര്‍ഡിനര്‍ഹമായ...!) ഓഫീസ് എന്തൊക്കെ ആയി എന്നത് ഓരോ മലയാളിയേയും നാണക്കേടുകൊണ്ട് തലകുനിപ്പിക്കുന്നതാണ്.

എന്നിട്ടും, നമ്മുടെ പൊലീസിനുമാത്രം ഇതൊന്നും മനസ്സിലാവുന്നില്ല. അല്ലെങ്കില്‍ അവര്‍ അങ്ങനെ നടിക്കുന്നു.സത്യസന്ധരായ വളരെക്കുറച്ചുവിഗ്രഹങ്ങളേ കേരള പൊലീസിലുള്ളൂ. അക്കൂട്ടത്തില്‍ മുന്നിലാണ് എ.ഡി.ജി.പി ഹേമചന്ദ്രന്റെ സ്ഥാനം. അതുകൊണ്ടുതന്നെ നിയമം നിയമത്തിന്റെ വഴിക്ക് പോവുമെന്നു പറയുന്നതുകേട്ട് കുറച്ചുകൂടി ശുഭാപ്തിവിശ്വാസത്തോടെ കാത്തിരിക്കാം. - 

(12th Jul 2013)

See more at: http://mflintmedia.com/details/11717-Right-Click-by-MB-Santhosh-Salumenon-and-Kalabhavan-Mani-Double-way-of-Law.html#sthash.I0Xd24HT.dpuf