Thursday, September 19, 2013

കൂകിപ്പായും തീവണ്ടി


റെയില്‍ അധികൃതര്‍ കേരളത്തിനുനേരെ കൊഞ്ഞനംകുത്തിക്കൊണ്ട് കൂകിപ്പായാന്‍ തുടങ്ങിയിട്ട് കൊല്ലങ്ങളേറെയായി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പാലക്കാട് കോച്ചുഫാക്ടറി സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിക്കുമെന്ന റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്റെ പ്രഖ്യാപനം.

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പാലക്കാട് കോച്ചുഫാക്ടറിക്കായി സ്ഥലമെടുത്ത് നല്‍കിയിരുെന്നങ്കിലും റെയില്‍വേ അധികൃതര്‍ നിര്‍മ്മാണത്തിന് വേണ്ടത്ര താല്പര്യം കാട്ടിയില്ല. പാലക്കാടിനൊപ്പം കോച്ചുഫാക്ടറി നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചത് ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ്.

റായ്ബറേലിയെ അറിയാമല്ലോ. കഴിഞ്ഞ രണ്ടുതവണയായി യു.പി.എയുടെയും കോണ്‍ഗ്രസിന്റെയും അദ്ധ്യക്ഷയായ സോണിയാഗാന്ധിയെ പാര്‍ലമെന്റിലെത്തിക്കുന്നത് റായ്ബറേലിയാണ്. അതിനുമുമ്പ് അമ്മായി അമ്മ ഇന്ദിരാഗാന്ധിയുടെ മണ്ഡലമായിരുന്നു. അടിയന്തരാവസ്ഥ കഴിഞ്ഞുള്ള തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയെ അടിയറവുപറയിപ്പിച്ചെങ്കിലും പിന്നീട് ഇവിടെനിന്നുതന്നെ അവര്‍ ലോക്‌സഭയില്‍ എത്തി. ഇന്ദിരാഗാന്ധിയുടെ ഭര്‍ത്താവ് ഫിറോസ്ഗാന്ധിയാണ് റായ്ബറേലിയില്‍നിന്നുള്ള ആദ്യ എം.പി. രണ്ടാം തവണയും വിജയിച്ച അദ്ദേഹം കാലാവധി പൂര്‍ത്തിയാവുംമുമ്പ് അന്തരിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്ത് 'കിച്ചന്‍ കാബിനറ്റ്' അംഗങ്ങള്‍ എന്നു പരിഹസിക്കപ്പെട്ട അരുണ്‍നെഹൃ, ക്യാപ്റ്റന്‍ സതീശ് ശര്‍മ്മ എന്നിവരും നെഹൃകുടുംബത്തിന്റെ സ്വകാര്യ പാര്‍ലമെന്റ് മണ്ഡലം എന്നുവിളിക്കപ്പെടു റായ്ബറേലിയില്‍നിന്ന് ലോക്‌സഭ കണ്ടവരാണ്.

പാലക്കാട് കോച്ചുഫാക്ടറിക്ക് സ്ഥലം സര്‍ക്കാര്‍ കണ്ടെത്തി നല്‍കണമെന്നായിരുന്നു റെയില്‍വേ നിലപാട്. അതിന്റെ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നായിരുന്നു റെയില്‍വെയുടെ ആവശ്യം. വിയോജിപ്പുരേഖപ്പെടുത്തിക്കൊണ്ടുതന്നെ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ അതു ചെയ്തു. ഇതിനിടയില്‍ റായ്ബറേലിയില്‍ റെയില്‍വേ സ്വന്തം പണം മുടക്കി സ്ഥലം കണ്ടെത്തി വാങ്ങി കോച്ചുഫാക്ടറി നിര്‍മ്മാണം പൂര്‍ത്തിയാക്കി. എന്നാല്‍, കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു നല്‍കിയിട്ടും ഇതുവരെയും നിര്‍മ്മാണത്തിന് നടപടി ആരംഭിച്ചിട്ടില്ല. ഇതിനിടയില്‍ പങ്കാളിത്തം കൂടിയേ തീരൂ എന്നു വന്നപ്പോള്‍ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ മുന്നോട്ടുവന്നു.
പക്ഷെ, റെയില്‍വേക്ക് അതില്‍ തീരെ തൃപ്തി ഇല്ല. സ്വകാര്യമേഖലയുമായുള്ള പങ്കാളിത്തം എന്നുപറയുത് ചക്കരക്കുടത്തിലെ കൈയിടലാണ്. റെയില്‍വേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വന്‍ തോതില്‍ അഴിമതിയുണ്ടെന്ന് പല തവണ തെളിഞ്ഞിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി വിഹിതം കിട്ടുന്നതിനാല്‍ ഏത് അഴിമതിയും മൂടിവയ്ക്കപ്പെടുകയാണ്. അപൂര്‍വമായി ചില എന്‍ജിനീയര്‍മാര്‍ സി.ബി.ഐയുടെ പിടിയിലാവുന്നുണ്ടെങ്കിലും വന്‍തോക്കുകള്‍ രക്ഷപ്പെടുന്നു. സ്വകാര്യ പങ്കാളിത്തമാവുമ്പോള്‍ തീവെട്ടിക്കൊള്ളക്ക് അവസരമൊരുങ്ങും.

ദേശീയപാതാ വികസനമാണ് അത്തരം തീവെട്ടിക്കൊള്ളയുടെ മറ്റൊരു മേഖല. ഒരു കിലോമീറ്ററിന് അഞ്ചുകോടിയിലേറെ രൂപ ദേശീയപാതക്കായി നല്‍കുന്നുണ്ട്. ഈ തുക ചെലവഴിച്ചാല്‍ ഇന്നത്തെ മാതിരിയുള്ള ദേശീയപാതാ വികസനം സുഗമമായി നടത്താമെന്നു പറയുന്നത് വിദഗ്ദരാണ്. എന്നാല്‍ ടോള്‍ പിരിവിന് അവസരം നല്‍കി കിലോമീറ്ററിന് 15 കോടി രൂപയായി ഉയര്‍ത്തുന്ന ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരെ ഈയിടെ കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍തെന്നയാണ് തുറന്നുകാട്ടിയത്. അഞ്ചുകോടിക്കുചെയ്യാവുന്ന പണിക്ക് 15 കോടി നല്‍കുമ്പോള്‍ അഞ്ചുകോടി പണി ചെയ്യാന്‍. ബാക്കി 10 കോടി രൂപ ഉദ്യോഗസ്ഥ- രാഷ്ട്രീയ കൂട്ടുകെട്ടിന് കിട്ടും. ഇതുപോലെയാണ് റെയില്‍വേയുടെ സ്വകാര്യ പങ്കാളിത്തത്തിന്റെ കഥയും.

കേരളത്തില്‍ പുറത്തിറങ്ങിയാല്‍ കേന്ദ്രമന്ത്രിമാരെ തട്ടീംമുട്ടീം നടക്കാന്‍ വയ്യാത്ത സ്ഥിതിയായിട്ടുണ്ട്. എട്ടു കേന്ദ്രമന്ത്രിമാര്‍. അതിനുപുറമേ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍, സംയുക്ത പാര്‍ലമെന്ററി സമിതി അദ്ധ്യക്ഷന്‍... പദവികള്‍ക്കും കൊടിവച്ച കാറുകള്‍ക്കും ഒരു പഞ്ഞവുമില്ല. ഒരു കേന്ദ്രമന്ത്രി സോളാര്‍ കേസിലെ നടി ശാലുമേനോനെ സെന്‍സര്‍ബോര്‍ഡ് അംഗമാക്കി. അദ്ദേഹം അവരുടെ വീടുപാലുകാച്ചലിന് ബെഡ്‌റൂമില്‍ കയറി കിടക്കയിലിരിക്കുന്ന ചിത്രം കണ്ടാല്‍...അതെ, രോമമില്ലാത്തവര്‍ക്കും രോമാഞ്ചമുണ്ടാവും.സംസ്ഥാന ആഭ്യന്തരമന്ത്രി എവിടെ പാലുകാച്ചുണ്ടെങ്കിലും അവിടെ പോയി കരിക്കുകുടിക്കുന്ന ആളാണെന്ന് കേരളീയര്‍ ഈയിടെയാണ് മനസ്സിലാക്കിയത്. അതുപോലെ കാണാന്‍ സുന്ദരിയാണെങ്കില്‍ സെന്‍സര്‍ബോര്‍ഡംഗമാക്കുകയാണോ കേന്ദ്രമന്ത്രിയുടെ ജോലി എന്ന് മലയാളി മനസ്സിലാക്കി വരുന്നേയുള്ളൂ.

സെന്‍സര്‍ബോര്‍ഡില്‍ അംഗമാക്കുന്നതിനുള്ള മാനദണ്ഡമെന്താണെന്നെങ്കിലും അധികൃതര്‍ വ്യക്തമാക്കണ്ടേ? ആ ബോര്‍ഡിലെ ബാക്കിയുള്ളവരില്‍ എത്രപേര്‍ കരിക്കുകൊടുത്തും പാലുകാച്ചിന് ക്ഷണിച്ചും അംഗത്വം നേടിയതാണെന്ന് വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.

കേരളത്തിലെ ഗസ്റ്റുഹൗസുകളില്‍ പരിവാരസമേതം മേഞ്ഞുനടക്കുന്ന ഈ കേന്ദ്രമന്ത്രിപ്പടയിലുള്ളവര്‍ എന്തുകൊണ്ട് അന്യ സംസ്ഥാനങ്ങളിലുള്ള മന്ത്രിമാരെ കണ്ടു പഠിക്കുന്നില്ല? മലയാളി കേന്ദ്രമന്ത്രിയായാല്‍ പിന്നെ കേരളീയര്‍ക്കുവേണ്ടി ഒന്നും ചെയ്യില്ലെന്ന വാശിയിലാണ്. ആഗോളമലയാളിയായിമാറിയാല്‍ സ്വന്തം നാട്ടിലുള്ളവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യുന്നത് കുറച്ചിലാണത്രേ. കുറേനാള്‍മുമ്പ് പ്രവാസികാര്യമന്ത്രിക്ക് വ്യോമയാനമന്ത്രിയുടെ ചുമതല കിട്ടി.
 അപ്പോഴാണ് കുറച്ചു പണി കിട്ടിയത്. അതുവരെ വിദേശങ്ങളില്‍ കറങ്ങി നടക്കലല്ലാത്തപ്പോള്‍ നാട്ടില്‍വന്ന് ഗസ്റ്റ്ഹൗസുകള്‍ കേന്ദ്രീകരിച്ച് ഗ്രൂപ്പുപ്രവര്‍ത്തനം. വ്യോമയാനം കിട്ടിയപ്പോള്‍ പ്രവാസിമലയാളികള്‍ ആഹഌദം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ എന്ന അവസ്ഥയിലായിരുന്നു. മിക്കപ്പോഴും ഒരാവശ്യവുമില്ലെങ്കിലും വിദേശത്തെത്തി ഗിഫ്റ്റുകളും വാങ്ങി മടങ്ങുമ്പോള്‍ കൊടുത്ത ഉറപ്പുകള്‍ പാലിക്കാന്‍ മന്ത്രിക്ക് അവസരം കിട്ടിയിരിക്കുന്നു. അദ്ദേഹം ആ സ്ഥാനമൊഴിഞ്ഞപ്പോള്‍ വേണ്ടപ്പെട്ടവരായി നിന്ന പ്രവാസികള്‍തന്നെ ആഹ്ലാദസൂചകമായി പടക്കംപൊട്ടിച്ചു എന്നാണ് വാര്‍ത്തകള്‍. അത്രക്കാണ് പ്രവാസികളെ ദ്രോഹിച്ചത്. ഇപ്പോഴത്തെ മലയാളി മന്ത്രി എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ സൗജന്യമായി കൊണ്ടുവരാവുന്ന ലഗേജ് 30 കിലോയില്‍നിന്ന് 20 കിലോയായി വെട്ടിക്കുറയ്ക്കാന്‍ എന്തുപാടുപെട്ടെന്നോ! എന്തായാലും ഇതുകഴിഞ്ഞ് അധികം കഴിയാതെ ഈ മഹാന്‍മാരൊക്കെ ചുണ്ടില്‍ കള്ളച്ചിരിയും ഒട്ടിച്ചുവച്ച് തിരഞ്ഞെടുപ്പുത്സവത്തിന് എഴുന്നള്ളുമല്ലോ. അേന്നരം ഈ സാര്‍വദേശീയ മലയാളികളെ നേരിടാന്‍ നാടന്‍ മലയാളികള്‍ തയ്യാറാവുമെുന്ന് കരുതാം.

കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെ സ്ഥിതി അത്യന്തം പരിതാപകരമാണ്. പുതിയ കോച്ചില്ല, വൃത്തിയില്ല. നല്ല ആഹാരം നല്‍കില്ല.മന്ത്രിമാരെപ്പോലെ പാവപ്പെട്ട ജനങ്ങള്‍ ഓസിനല്ല യാത്ര ചെയ്യുന്നത്. പണം കൊടുത്ത് ടിക്കറ്റെടുത്ത് സഞ്ചരിക്കുകയാണ്. ഓണം ഇങ്ങുവന്നെത്തി. സ്‌പെഷ്യല്‍ ട്രെയിനുകള്‍ മുമ്പ് ധാരാളം ഓടിക്കുമായിരുന്നു. കേന്ദ്രമന്ത്രിമാരുടെ എണ്ണപ്പെരുപ്പംമൂലം ഇത്തവണ അതും ചടങ്ങുപോലെ. കിട്ടിക്കൊണ്ടിരുന്ന അത്തരം സൗകര്യംപോലും നിഷേധിച്ചിട്ടും അതിനെതിരെ പ്രതിഷേധിക്കാന്‍പോലും ഈ കേന്ദ്ര പുംഗവന്‍മാര്‍ തയ്യാറായില്ല. ഇവരൊക്കെ വളരെ അപൂര്‍വമായല്ലേ ട്രെയിനില്‍ സഞ്ചരിക്കാറുള്ളൂ. സര്‍ക്കാര്‍ ചെലവില്‍ വിമാനത്തില്‍ പറക്കാം. കാശുകൊടുത്തുപോവാന്‍ ട്രെയിന്‍പോലും കിട്ടാത്ത ദുരിതം ഇവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാനായി വരുന്ന തിരഞ്ഞെടുപ്പ് വിനിയോഗിക്കേണ്ടതുണ്ട്.  അതിനെയോക്കെക്കാള്‍ അമ്പരപ്പിക്കുന്നത് ഓണത്തിന് ചെന്നൈയില്‍ നിന്ന് ആസാമിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ അയച്ച റെയില്‍ അധികൃതരുടെ തന്തയില്ലായ്കയാണ്. മലയാളിയെ ഇത്ര നിന്ദ്യമായി അപമാനിച്ചിട്ടും ഒന്നം പ്രതികരിക്കാത്ത ഈ കേന്ദ്രമന്ത്രിക്കൂട്ടത്തെ നിര്‍ഗുണന്മാര്‍ എന്ന് വിളിച്ചാല്‍ അത് നിര്‍ഗുണപ്പരിഷകള്‍ക്ക് അപമാനകരമാവും.   

തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജരുണ്ട്. പേരില്‍തന്നെ വാളുള്ള ഉത്തരേന്ത്യക്കാരന്‍. കേരളീയരോട് പരമപുച്ഛമാണ്. ബ്‌ളഡി മലയാളി എന്നാണ് കോണ്‍ഫറന്‍സുകളില്‍ സംബോധന ചെയ്യുന്നത്. കേരളത്തിന് അനുവദിച്ച പണം തമിഴ്‌നാട്ടിന് നല്‍കുകയാണ് പ്രധാന പണി. മലയാളികള്‍ക്കുള്ള തസ്തികകളില്‍ നിയമനം നടത്താതിരിക്കുകയാണ് ഹോബി. തിരുവനന്തപുരത്ത് കത്തിവേഷംപോലെ ഷാളും തോളത്തിട്ടുനടക്കുന്ന കേന്ദ്രമന്ത്രി ഇടക്കിടെ വിരുന്നു വരുന്നുണ്ട്. വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച്, പേട്ടയില്‍ റെയില്‍വേ മെഡിക്കല്‍ കോളേജ്... എല്ലാം ഇപ്പോ ശര്യാക്കിത്തരാം എന്നു പറഞ്ഞ് വടക്കോട്ട് വണ്ടി കയറിയ പുംഗവന് ഒരു പൊണ്ടാട്ടിയെ കിട്ടി എന്നല്ലാതെ നാട്ടുകാര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്തു എന്ന് സ്വന്തക്കാര്‍പോലും കുറ്റപ്പെടുത്തില്ല! തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനുകളെല്ലാം തൊട്ടടുത്തുള്ള പേട്ട സ്റ്റേഷനില്‍ ഒരു മിനിട്ട് നിര്‍ത്തണമെന്ന ആവശ്യത്തിന് ദശകങ്ങളുടെ പഴക്കമുണ്ട്. റെയില്‍വേക്ക് കാല്‍ക്കാശിന്റെ ചെലവില്ലാത്ത കാര്യമാണ്. അതുപോലും നടത്താന്‍ കഴിയാത്ത ഈ കേന്ദ്രമന്ത്രി എന്തൊക്കെയായിരുന്നു വീരവാദം മുഴക്കിയത്. യു.എന്‍, വിദേശകാര്യ സര്‍വീസ്, എഴുത്തുകാരന്‍, സോണിയയുടെയും രാഹുലിന്റെയും മന്‍മോഹനന്റെയും സ്വന്തം ആള്‍... എന്നിട്ടവസാനം പവനായി ശവമായി എന്നു പറഞ്ഞപോലെയായി നാട്ടുകാരുടെ സ്ഥിതി.

ദോഷം പറയരുതല്ലോ, തിരുവനന്തപുരത്തിന്റെ ഈ കേന്ദ്രമന്ത്രി കേരളത്തിന്റെ തീവണ്ടികളെ തമിഴ്‌നാട്ടിലേക്ക് ദാനം ചെയ്യാന്‍ ഉത്സാഹിക്കുന്നുണ്ട്. റെയില്‍വേ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍പോലും നടപ്പാക്കാന്‍ കഴിയാത്ത ഈ എം.പി വീണ്ടും വാഴ്ക എന്നാണോ വീഴ്ക എന്നാണോ പറയേണ്ടത്? ജനപ്രതിനിധികള്‍ ആ വാക്കിന്റെ അര്‍ത്ഥം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നതു കാണാന്‍ അയല്‍നാടുകളില്‍ പോവാമെന്നുവച്ചാല്‍ അതിനു ട്രെയിനില്‍ സീറ്റുകിട്ടേണ്ടേ! 

Wednesday, September 4, 2013

സെക്രട്ടേറിയറ്റിനെക്കൊണ്ടുള്ള ഉപയോഗങ്ങള്‍



 സെക്രട്ടേറിയറ്റിന് എന്തൊക്കെ ഉപയോഗങ്ങളാണുള്ളതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞുതന്നപ്പോഴാണ് മനസ്സിലായത്. കാലവര്‍ഷക്കെടുതി ഉണ്ടാവുമ്പോള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടത് സെക്രട്ടേറിയറ്റിലാണത്രേ. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതും സെക്രട്ടേറിയറ്റിലിരുന്നാണെന്ന് മുഖ്യമന്ത്രി മാത്രമല്ല, 'സോളാര്‍' ഫെയിം നടി ശാലുമേനോന്‍റെ വീട്ടില്‍ പാലുകാച്ചിന്റന്ന് 'വഴിയേ' പോയിക്കേറി കരിക്കുകുടിച്ച ശുദ്ധാത്മാവായ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞ സ്ഥിതിക്ക് വിശ്വസിക്കാതെ തരമില്ല.

കേരളം കഴിഞ്ഞ കുറേനാളായി കാലവര്‍ഷക്കെടുതിയില്‍ നട്ടം തിരിയുകയാണ്. കഴിഞ്ഞ ആഴ്ചയിലായിരുന്നു ഇതിന്‍റെ രൂക്ഷത കൂടുതല്‍ അനുഭവപ്പെട്ടത്. ഇടുക്കി പുറംലോകവുമായി ബന്ധപ്പെടാനാകാതെ വലഞ്ഞു.അന്നുമുതല്‍ ആഗസ്റ്റ് 12ന് ഉപരോധസമരം എല്‍.ഡി.എഫ് ആരംഭിക്കുന്നതുവരെ സെക്രട്ടേറിയറ്റില്‍നിന്ന് കാലവര്‍ഷക്കെടുതികളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി എന്തെങ്കിലും കാര്യമായ സഹായങ്ങള്‍ ഉണ്ടായതായി മാലോകര്‍ക്കറിയില്ല.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ വിപണിയില്‍ ബ്രാന്‍റഡ് അരിക്ക് കിലോ 20 രൂപയായിരുന്നു. ഇപ്പോള്‍ അത് അമ്പതിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ എത്രയോ നാളുകളായി ജയ,സുലേഖ മുതല്‍ പാലക്കാടന്‍ മട്ടവരെയുള്ള അരി ഇനങ്ങള്‍ കിലോഗ്രാമിന് 16 രൂപ നിരക്കിലാണ് കണ്‍സ്യൂമര്‍ഫെഡ്, സപ്‌ളൈകോ സ്ഥാപനങ്ങളിലൂടെ നല്‍കിയിരുന്നത്. മറ്റെല്ലാവരും വില കൂട്ടുമ്പോള്‍ സര്‍ക്കാര്‍ എന്തിനു കൂട്ടാതിരിക്കണം? പെരുന്നാള്‍, ഓണം വിപണിയോടനുബന്ധിച്ച് ഒറ്റയടിക്ക് കിലോഗ്രാമിന് അഞ്ചുരൂപവീതം കൂട്ടി വിലവര്‍ദ്ധനക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പച്ചക്കറികളുടെ വിലവര്‍ദ്ധനയാണ് ഭീകരം. മുമ്പ് 10 രൂപക്ക് ഒരു കൂറ് പച്ചക്കറി കിട്ടുമായിരുന്നു. ഒരു കുടുംബത്തിന് ഒരു ദിവസത്തേക്കുവേണ്ട പച്ചക്കറിയാണ് ഇതിലുണ്ടാവുമായിരുന്നത്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് പച്ചക്കറി വില കൂടിയപ്പോള്‍ കൂറുപച്ചക്കറി കിറ്റുകളിലാക്കി വിലകുറച്ചുവിറ്റ് മാതൃക കാട്ടിയിരുന്നു. ഇപ്പോള്‍ കൂറുപച്ചക്കറി കുറഞ്ഞത് 40 രൂപ ആയിട്ടും സര്‍ക്കാരിന്‍റെ കണ്ണുതുറന്നില്ല. 

ഹോര്‍ട്ടികോര്‍പ്പിന്‍റെ പച്ചക്കറി വിപണനശാലകളില്‍ പലപ്പോഴും പൊതുവിപണിയേക്കാള്‍ വില കൂടുതലുമാണ്. ഇപ്പോള്‍ കിലോക്ക് 20 രൂപയില്‍ കുറഞ്ഞ ഒരിനവും കിട്ടാനില്ല. പഴവര്‍ഗങ്ങളും. കുറഞ്ഞ വില പേരക്കക്കാണ്- 40 രൂപ. രണ്ടുവര്‍ഷംമുമ്പ് 10 രൂപയായിരുന്നു എന്ന് ഇനി ആരോടും പറയാന്‍ നില്‍ക്കണ്ട. വന്നുവന്ന് ഉള്ളിയും തക്കാളിയും സവാളയുംമാത്രമല്ല ഏത്തപ്പഴവും രസകദളിയുമൊക്കെ ഈ സര്‍ക്കാരിന്‍റെ ജനക്ഷേമഭരണത്തില്‍ കിലോക്ക് 50 രൂപ കടന്ന ഇനങ്ങളാണ്. ഉത്സാഹിച്ചാല്‍ നൂറിലെത്തിക്കാം എന്ന വാശിയിലാണ് വില പോവുന്ന പോക്ക്! ഇതാണോ ഈ വികസനം, വികസനം എന്നൊക്കെ പറയുത്?

ഇതൊക്കെ പരിഹരിക്കാനിരിക്കവേയാണ് എല്‍.ഡി.എഫ് സെക്രട്ടേറിയറ്റ് ഉപരോധിച്ചതെന്നാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും പറയുന്നത്. സരിതോര്‍ജത്തെക്കുറിച്ച് എന്തിനു പറയുന്നു അത്രക്ക് നിര്‍ബന്ധമാണെങ്കില്‍ കാലവര്‍ഷക്കെടുതിയോ വിലക്കയറ്റമോ ഉന്നയിച്ചു സമരം ചെയ്തുകൂടായിരുന്നോ എന്ന് സോഷ്യല്‍ മീഡിയായിലൂടെ യൂത്ത് കോണ്‍ഗ്രസ് (ഡി.വൈ.എഫ് ഐക്കാരെപ്പോലെതന്നെ ഇവരെയും ഇപ്പോള്‍ കാണാനേയില്ല...!) ശിങ്കങ്ങള്‍ ഓരി ഇടുന്നുണ്ട്. സരിതയാണെങ്കില്‍ തട്ടിപ്പുകാര്‍ക്ക് പണം കൊടുത്ത് കേസുകളില്‍നിന്ന് ഊരിപ്പോരാനുള്ള പ്രക്രിയക്ക് തുടക്കം കുറിച്ച് പത്തനംതിട്ട കോടതിയില്‍ 1,60,000 രൂപ കെട്ടിവച്ചു കഴിഞ്ഞു. മജിസ്‌ട്രേട്ടിനുമുന്നില്‍ 20 പേജുള്ള മൊഴി മൂരയായി മാറ്റിയതിന് സരിതക്ക് ഒും കിട്ടിയില്ല എന്നു പറഞ്ഞാല്‍ ഇനി ജനം ശരിക്കും വിശ്വസിച്ചോളും! മുഖ്യമന്ത്രിയുടെ, കൂട്ടിലകപ്പെട്ടുപോയ പാവം ജോപ്പനെ ഇനി തുറുവിടാമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ വക്കീലിനെക്കൊണ്ട് മറ്റെന്താണ് പ്രയോജനം? ജോപ്പനെയും മറ്റൊരു വമ്പന്‍ തട്ടിപ്പില്‍കൂടി ഉള്‍പ്പെട്ട സലിംരാജിനെയും രക്ഷപ്പെടുത്തുകയാണെന്ന് ദിനംതോറും തെളിയിച്ചുകൊണ്ടിരിക്കുകയാണല്ലോ.

ഒരു ദിവസം സെക്രട്ടേറിയറ്റ് ഉപരോധിച്ചാല്‍ അപരിഹാര്യമായ നഷ്ടം ഉണ്ടാവുമെന്ന് നെഞ്ചത്തടിച്ചു നിലവിളിച്ചവരാണ് ഉപരോധ സമരം വന്‍ വിജയമായപ്പോള്‍ രണ്ടുദിവസം അവധി പ്രഖ്യാപിച്ചത്? നിങ്ങള്‍ ഉപരോധിക്കുകയൊന്നും വേണ്ട, ഞങ്ങള്‍ അവധി കൊടുത്തോളാം എന്ന നിലയിലേക്കെത്തിയപ്പോള്‍ ഈ ദിവസങ്ങളില്‍ കാലവര്‍ഷക്കെടുതികളില്‍ ആശ്വാസമരുളാനും വിലക്കയറ്റം നിയന്ത്രിക്കാനും എന്തു ചെയ്യുമെന്ന് പ്രഖ്യാപിക്കാനുള്ള ബാദ്ധ്യതയെങ്കിലും സര്‍ക്കാര്‍ കാണിക്കണമായിരുന്നു. സെക്രട്ടേറിയറ്റ് ഇടിച്ചുനിരത്തി അവിടെ ചൊറിയണം നടണമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന ആര്‍.സുഗതന്‍ പ്രസംഗിച്ചത് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിന്‍റെ ഉപയോഗം സരിതമാര്‍ക്ക് മുഖ്യമന്ത്രിയുടെ പി.എമാര്‍ക്ക് ഉമ്മകൊടുക്കാനുള്ള ഇടമായി മാറുമെന്ന് മുന്‍കൂട്ടിക്കണ്ടായിരിക്കുമോ?എന്തായാലും ഉപരോധസമരം തീര്‍ന്നു. അതിന്‍റെ ജയപരാജയങ്ങള്‍ ഇവിടെ പരിശോധിക്കുന്നില്ല. ഇനി സര്‍ക്കാരിന് സെക്രട്ടേറിയറ്റിനെ ശരിക്ക് ഉപയോഗിക്കാമല്ലോ? അപ്പോള്‍, നാളെ മുതല്‍ വിലക്കയറ്റം നിയന്ത്രിക്കുമോ?കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമെത്താന്‍ വരള്‍ച്ചാദുരിതമെത്തുംവരെ കാത്തിരിക്കേണ്ടെന്നും വിശ്വസിക്കാനാവുമോ?


പള്ളിക്കൂടങ്ങള്‍ അടച്ചിട്ട് പട്ടാള ക്യാമ്പുകളാക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ തീരുമാനം ഗംഭീരമായി. സര്‍ക്കാരിന്‍റെ അധീനതയിലുള്ള വിദ്യാലയങ്ങളെയാണ് ഇങ്ങനെ അടച്ചിട്ടത്. അതായത് പാവപ്പെട്ട മിടുക്കര്‍ക്ക് പഠിക്കാനുള്ള അവസരം നഷ്ടപ്പെടുത്തി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മക്കളും കൊച്ചുമക്കളുമൊന്നും സര്‍ക്കാര്‍ സ്‌കൂളുകളിലും കോളേജുകളിലുമൊന്നും പഠിക്കാത്തതിനാല്‍ അവരെ ഈ തീരുമാനം ബാധിക്കുകയേയില്ല. മുഖ്യമന്ത്രിയുടെ മോനുവേണ്ടി കേന്ദ്രസര്‍വകലാശാലാ വൈസ്ചാന്‍സലര്‍ വീട്ടുമുറ്റത്ത് പ്രവേശനപരീക്ഷ മറ്റാരെയുമറിയിക്കാതെ നടത്തി ഒന്നാം റാങ്കുനല്‍കുന്ന കാലമാണിത്. ജനാധിപത്യത്തിന്‍റെ പേരില്‍ ഗീര്‍വാണപ്രസംഗം നടത്തിയവരാണ് പ്രതിഷേധ സമരത്തിന് പുറപ്പെടുന്നവരെ അവര്‍ തിരിക്കുന്ന സ്ഥലത്തുവച്ച് അറസ്റ്റുചെയ്യാന്‍ നടപടി എടുത്തത്. എന്‍റെ വീട്ടില്‍ ആരെ താമസിപ്പിക്കണം എന്ന തീരുമാനം എന്റേതാവുതാണ് പൗരാവകാശത്തിന്‍റെ ബാലപാഠം. അതുപോലും പൊലീസ് കൈയേറിയ ഗുരുതരാവസ്ഥ ഉണ്ടായിട്ടുപോലും വി.എം.സുധീരനെപ്പോലുള്ള അവശേഷിക്കുന്ന പ്രതീക്ഷകള്‍പോലും നിശ്ശബ്ദരായി എന്നത് കോഗ്രസ് എത്തിനില്‍ക്കുന്ന പ്രതിസന്ധിയുടെ ആഴം ബോദ്ധ്യപ്പെടുത്തുന്നതാണ്. അത്യന്തം അപമാനകരവും ജനാധിപത്യ വിരുദ്ധവുമായ ഈ തീരുമാനങ്ങള്‍ക്കെതിരെ ഒന്നും ചെയ്യാതെ അതിനുപിന്തുണ പ്രഖ്യാപിച്ച നമ്മുടെ മുഖ്യധാരാ മാദ്ധ്യമങ്ങള്‍ എന്ത് സാമൂഹിക ഉത്തരവാദിത്തമാണ് നിറവേറ്റുന്നത്?അത്തരം ജനാധിപത്യവിരുദ്ധമായ തീരുമാനങ്ങളെ തൃണവല്‍ഗണിക്കാനും കേരളം കണ്ട ഏറ്റവും വലിയ സമരത്തിന് സാക്ഷിയാവാനും സെക്രട്ടേറിയറ്റിനു കഴിഞ്ഞു എന്നതും ചരിത്രം കയറി ഇറങ്ങുന്ന ഈ സ്ഥാപനത്തിന്‍റെ ഉപയോഗങ്ങളുടെ കൂട്ടത്തില്‍ ഭാവിചരിത്രം രേഖപ്പെടുത്താതിരിക്കില്ല.