Friday, June 14, 2013

പകരം: എന്റെ ആദ്യ നോവല്‍

      
    
                                           




മോണോറെയില്‍ വേണം, റേഷനരിയും…


നിദ്രയില്‍ കാണുന്നതല്ല സ്വപ്‌നം ; നിങ്ങളെ ഉറങ്ങാന്‍ അനുവദിക്കാത്തതാണ്’ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ഈ വാക്കുകള്‍ യു ഡി എഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക പരസ്യത്തിന്റെ ഏറ്റവും ആകര്‍ഷകഘടകമാണ്. എന്തുകൊണ്ടാണ് ഉറങ്ങാന്‍ അനുവദിക്കാത്തതെന്ന് സാധാരണക്കാര്‍ പറയും. വിശപ്പ് കത്തിക്കാളുമ്പോള്‍ ഉറക്കം വരില്ലെന്ന് അറിയാത്തവര്‍ ഭരണനേതാക്കള്‍ മാത്രമായിരിക്കും. മൂന്നുനേരം ആഹാരം കഴിക്കുക എന്നത് ആഡംബരമായി കരുതേണ്ടിവരുന്ന വലിയൊരു വിഭാഗം കേരളത്തിലുണ്ട് .



ദാരിദ്ര്യരേഖയ്ക്ക് താഴെയുളളവര്‍ക്ക് 25 കിലോഗ്രാം അരി നല്‍കുന്നതിനാല്‍ അത്തരക്കാരില്‍ പട്ടിണി ഇല്ലെന്ന് പറയാം. എ പി എല്‍ എന്ന് ചുരുക്കപ്പേരിലറിയപ്പെടുന്ന ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവര്‍ക്കാണ് മുണ്ട് മുറുക്കിയുടുത്ത് വിശപ്പിനെ സ്വപ്നംകൊണ്ട് നേരിടേണ്ടി വരുന്നത്. കുറഞ്ഞവിലയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്ന റേഷന്‍ സംവിധാനം മുമ്പ് കേരളത്തില്‍ നിലവിലുണ്ടായിരുന്നു. അരിയും ഗോതമ്പും പഞ്ചസാരയും ന്യായവിലയ്ക്ക് കിട്ടിയിരുന്നത് ഈ നാട്ടിലെ സാധാരണക്കാര്‍ക്ക് പകര്‍ന്ന ആശ്വസം ചെറുതല്ല. ഈ വിപണി ഇടപെടലിന്റെ ഫലമായി വിലക്കയറ്റം ഒരുപരിധിവരെ പിടിച്ചുനിര്‍ത്താനായിരുന്നു.

എന്നാല്‍, പാവങ്ങളോട് സഹാനുഭൂതി ഉണ്ടായിരുന്ന നേതാക്കളുടെ എണ്ണം ചുരുങ്ങുകയും അധികാരം ഇടത്തരക്കാരുടെയും അതിന് മുകളിലുള്ളവരുടെയും ജീവിതം മെച്ചപ്പെടുത്താനാണെന്ന് വിശ്വസിക്കുന്ന പുതിയ ‘നേതൃത്വതലമുറ’ ഉയര്‍ന്നുവരികയും ചെയ്തതോടെ കഥ മാറി. റേഷന്‍ അരി വാങ്ങി ജീവിച്ചുപോന്നവരെ ഇത്തരക്കാര്‍ കാണാനോ പരിഗണിക്കാനോ മുതിര്‍ന്നില്ല. ബി പിഎല്‍ എന്ന് പരിഹസിച്ച് ‘ എന്തെങ്കിലും നക്കാപ്പിച്ച ‘ നല്‍കി ഒതുക്കാനായിരുന്നു ഇവര്‍ക്ക് താല്പര്യം. റേഷന്‍ അരി വാങ്ങി പട്ടിണി അകറ്റിയിരുന്ന എ പി എല്‍ വിഭാഗങ്ങളെ ഇവര്‍ മറന്നു. അതുകൊണ്ടുതന്നെ റേഷന്‍ കടകളും ഇക്കൂട്ടര്‍ മറന്നു! അവരുടെ മനസ്സില്‍ ഷോപ്പിംഗ് മാളുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും സൂപ്പര്‍ ബസാറുകളുമായിരുന്നു.
കൂണുപോലെ അവ നാട്ടിലെമ്പാടും മുളച്ചുപൊന്തിയപ്പോള്‍ ഇതാ വികസനത്തിന്റെ പുതിയ സൂര്യന്‍ ഉദിച്ചു എന്ന രീതിയില്‍ ഈ നേതാക്കള്‍ സംതൃപ്തിയോടെ ഏമ്പക്കം വിട്ടു!കോടികളുടെ നിക്ഷേപത്തിന്‍റ ബലത്തില്‍ പാവങ്ങളുടെ മുറുക്കാന്‍കട മുതല്‍ ചെറിയ നാട്ടുമുക്കിലെ ചായക്കടവരെ ഇക്കൂട്ടര്‍ പൂട്ടിച്ചു. അതേതുടര്‍ന്ന് തൊഴില്‍ രഹിതരായി ആത്മഹത്യ ചെയ്തവര്‍ ഒരു കണക്കിലും വന്നില്ല.  അതിനെതിരായി ശബ്ദമുയര്‍ത്തിയവരെല്ലാം വികസനത്തിന്റെ ശത്രുക്കളായി.

അങ്ങനെ, ‘ വികസനം വന്നെനിക്കിരിക്കാന്‍മേലേ ‘ എന്നുപറഞ്ഞ അവസ്ഥയിലാണിപ്പോള്‍. അരിക്കും പച്ചക്കറിക്കും മീനിനും മുട്ടയ്ക്കും തുടങ്ങി ഭക്ഷണവസ്തുക്കള്‍ക്കെല്ലാം വില കുതിച്ചു കയറുമ്പോള്‍ ഇതൊന്നും വാങ്ങാന്‍ നിവൃത്തിയില്ലാത്തവര്‍ എന്തുചെയ്യുമെന്ന് ഭരണക്കാര്‍ ആലോചിക്കുന്നേയില്ല. തിരഞ്ഞെടുപ്പ് സമയത്ത് പണം ‘കൊണ്ടു മറിക്കുന്ന’ കരിഞ്ചന്തക്കാരന്റെയും കൊള്ളപ്പലിശക്കാരന്റെയും താല്പര്യം സംരക്ഷിക്കുക എന്നത് അധികാരത്തിലിരിക്കുന്നവരുടെ ഉത്തരവാദിത്വവും മുഖ്യ ചുമതലയുമായി മാറുന്നത് ഈ സാഹചര്യത്തിലാണ്.
വിമാനത്താവള വികസനം മുഖ്യ അജണ്ട ആവുകയും ആശുപത്രികള്‍ അടിയന്തര നടപടി ആവശ്യമില്ലാത്ത സ്ഥാപനങ്ങളായി മാറുകയും ചെയ്യുന്നു. ആദായനികുതി കൊടുക്കാത്തവര്‍ക്കെല്ലാം സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് മരുന്ന് സൗജന്യമായി നല്‍കുമെന്ന് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നു.

നിലവിലത്തെ രീതിയനുസരിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ഉള്‍പ്പെടെയുളളവ സൗജന്യമാണ്. ദശകങ്ങളായി നിലനില്‍ക്കുന്നതാണ് ആ സംവിധാനം. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ആശുപത്രികളില്‍ മരുന്നുകള്‍ മാത്രമല്ല, കുറിപ്പെഴുതാനുള്ള കടലാസുപോലും ഇല്ലായിരുന്നു.

ആ സ്ഥിതിക്ക് ഏറെ മാറ്റം വരുത്താന്‍ പിന്നാലെ വന്ന വി എസ് സര്‍ക്കാരിനായി. ആരോഗ്യമന്ത്രിയായിരുന്ന പി കെ ശ്രീമതി ഇതിനായി കുറെയേറെ പരിശ്രമിച്ചു. അങ്ങനെ അത്യാവശ്യം വേണ്ടുന്ന മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാക്കാന്‍ ആ സര്‍ക്കാരിന് കഴിഞ്ഞിരുന്നു.

ഇനി ഒരത്യാഹിതം ഉണ്ടായാല്‍ ആശുപത്രിയില്‍ മരുന്ന് കിട്ടാന്‍ ആദായനികുതി കൊടുക്കുന്നില്ല എന്ന സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കാനായി ഓടിനടക്കണം എന്നുവരുന്നത് കഷ്ടമാണ്. ന്യായവിലയ്ക്ക് മരുന്ന് വിതരണം നടത്താന്‍ ‘കാരുണ്യ’ ഫാര്‍മസികള്‍ സംസ്ഥാനത്തൊട്ടാകെ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പിന്നെ, വല്ലാതെ പതുങ്ങുന്നതാണ് കണ്ടത്.

ഇതിനിടെ ഔഷധ വിതരണക്കാരുടെ അഖിലേന്ത്യാ പ്രസിഡന്റ് മുഖ്യമന്ത്രിയെ കണ്ടതോടെ കുതിക്കാനൊരുമ്പെട്ട ‘കാരുണ്യ’ കിതക്കാന്‍ തുടങ്ങി. തുടങ്ങിയ ഒരെണ്ണംപോലും മുന്നോട്ടുകെണ്ടുപോകാനാവാതെ ഉഴറുന്ന ആ അവസ്ഥയില്‍ അതിന് ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥനെ ഇടുക്കിയിലേക്ക് തട്ടി സര്‍ക്കാര്‍ പ്രതികാരം തീര്‍ത്തു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ഇതാണനുഭവം! അത് വാര്‍ത്തയായതോടെ ആ ഉദ്യോഗസ്ഥനെ തിരിച്ചുകൊണ്ടുവന്നു. ഈ സര്‍ക്കാരിന് ജനങ്ങള്‍ക്കിടയില്‍ അവിസ്മരണീയമാക്കാമായിരുന്ന ഒരു നടപടിയാണ് അങ്ങനെ ചതഞ്ഞരഞ്ഞത്.
സംസ്ഥാനം മുഴുവന്‍ ചവറുകൂനകളാല്‍ നാറുകയാണ്. മഴ പെയ്തുതുടങ്ങി. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനുചുറ്റും ഉള്‍പ്പെടെ ഡെങ്കിപ്പനിയും പകര്‍ച്ചവ്യാധികളും പിടിമുറുക്കിയിരിക്കുന്നു. സംസ്ഥാന സര്‍ക്കാരും പ്രാദേശിക സര്‍ക്കാരുകളും അങ്ങോട്ടുമിങ്ങോട്ടും കൊഞ്ഞനംകുത്തിക്കളിക്കുകയാണ്… ഭീകരദുരന്തങ്ങളെ വരവേല്‍ക്കാനിരിക്കുകയാണോ ഇവര്‍? ദുരന്തശേഷം നേതാക്കള്‍ക്ക് ഒരനുശോചന സന്ദര്‍ശനം മതി. പക്ഷേ, പാവങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് ഒരു കുടുംബത്തിന്റെ അത്താണിയാവാം, പ്രതീക്ഷയാവാം…അഞ്ചാം മന്ത്രിക്കുവേണ്ടിയുള്ള ആവേശമൊന്നും ഈ വാര്‍ഷികവേളയില്‍പ്പോലും പുതിയ മന്ത്രിയില്‍നിന്നുണ്ടാവുന്നില്ലല്ലോ…

തോട്ടിന്‍കരയില്‍ വിമാനത്താവളമുണ്ടാക്കുന്നത് നല്ലതാണ്. മോണോറെയിലും വരട്ടെ. നിക്ഷേപക സോണിലും അല്ലാത്തിടങ്ങളിലും പദ്ധതികള്‍ പെരുകട്ടെ. അതിവേഗ റെയില്‍ മാത്രമല്ല മറ്റുവാഹനങ്ങള്‍ക്കുള്ള ഇടനാഴികളോ പെരുവഴികളോ വരുന്നത് അഭികാമ്യമാണ്.
പക്ഷെ, ഇതിലുമെല്ലാം ആദ്യം വേണ്ടത് പട്ടിണിയകറ്റാനുള്ള, ഒരുനേരമെങ്കിലും ആഹാരം എല്ലാവര്‍ക്കും ഉറപ്പാക്കാനുള്ള നടപടിയാണ്. രോഗം വന്നാല്‍ എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കണം. ഒപ്പം, മൂക്കുപൊത്താതെ വഴി നടക്കാന്‍ കഴിഞ്ഞിരുന്ന ആ പഴയകാലം എന്നിനി തിരികെ വരുമെന്ന് പറഞ്ഞുതരാമോ?

വ്യവസായം വികസിക്കുന്ന വിധം


കേരളത്തിലെ വികസനത്തിന്റെ ഏറ്റവും വലിയ പ്രതിബന്ധം, അവശേഷിക്കുന്ന നെല്‍വയലുകളും മണലെടുത്ത് കൊല്ലാക്കൊല ചെയ്തിട്ടും നീരൊഴുക്ക് ശേഷിക്കുന്ന പുഴകളും ഭൂഗര്‍ഭ ജലത്തോത് ഇപ്പോഴത്തെപ്പോലെയെങ്കിലും നിലനിര്‍ത്താന്‍ സഹായകമായ ചതുപ്പുകളും  കണ്ടല്‍ക്കാടുകളുമൊക്കെയാണെന്ന് സംസ്ഥാനത്തെ വ്യവസായ വകുപ്പ് കരുതാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. ചെയ്യേണ്ടത് ചെയ്യാന്‍ കെല്പില്ലാത്തവരുടെ കുറ്റപ്പെടുത്തലിനപ്പുറം അതില്‍ വലിയ കാര്യമില്ലായിരുന്നു. എന്നാല്‍, കഴിഞ്ഞ ഒന്നര ദശകമായി കേരളത്തിലെ പാടങ്ങളും പുഴകളും വ്യവസായത്തിന്റെ പേരിലോ മറവിലോ വിറ്റുതുലയ്ക്കലല്ലാതെ കാര്യമായ ഒരു വ്യവസായവും കേരളത്തില്‍ ഉണ്ടായിട്ടില്ല.
 
ഇക്കാര്യത്തില്‍ ഭരിക്കുന്ന സര്‍ക്കാരുകള്‍ക്കുപോലും ഒരു മാറ്റവും ഉണ്ടായിട്ടില്ല. മാറി മാറി അധികാരത്തില്‍ വന്ന സര്‍ക്കാരുകള്‍ക്ക് കേരളത്തെ വിറ്റുതുലയ്ക്കുന്ന കാര്യത്തില്‍ ഒരേ നയമായിരുന്നു. 2001- 2006 കാലയളവില്‍ യു ഡി എഫിലെ മുസ്ലിം ലീഗിന്റെ വ്യവസായ മന്ത്രിയുടെ പെഴ്‌സണല്‍ സ്റ്റാഫിലെ പ്രമുഖന്‍ തുടര്‍ന്നുവന്ന ഇടത് മന്ത്രിസഭയിലെ സി പി എം വ്യവസായ മന്ത്രിയുടെ സ്റ്റാഫിലും അതേ സ്ഥാനത്ത് തുടര്‍ന്നു.
മുമ്പ് ഇത് സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നോ? സി പി എം മന്ത്രിമാരുടെ പെഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ പാര്‍ട്ടി അംഗങ്ങളാകുന്നതായിരുന്നു കീഴ്‌വഴക്കം. എന്നാല്‍, ഇദ്ദേഹത്തിന്റെ കാര്യത്തില്‍ അതുപോലും മറികടക്കപ്പെട്ടു!

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൊക്കകോള കമ്പനി പൂട്ടാന്‍ തീരുമാനിച്ചപ്പോള്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണന്‍ പറഞ്ഞത് സര്‍ക്കാരിന് ഇതിലൂടെ നികുതി ഇനത്തില്‍ മാത്രമുള്ള നഷ്ടം പ്രതിവര്‍ഷം 500 കോടി രൂപയാണെന്നായിരുന്നു. അത് രഹസ്യമായൊന്നുമല്ല, കോഴിക്കോട്ട് നടന്ന വ്യവസായവകുപ്പിന്റെ ഒരു യോഗത്തില്‍ പരസ്യമായി പ്രസംഗിക്കുകയായിരുന്നു. അതേക്കുറിച്ച് ഈ ലേഖകന്‍ അന്വേഷിച്ചു. അപ്പോഴാണ് വ്യവസായ വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി പറയുംപോലെയല്ല കാര്യങ്ങള്‍ എന്നു വ്യക്തമായത്.
കൊക്കകോള കമ്പനി ഒരു വര്‍ഷം അഞ്ചുകോടി രൂപയിലേറെ രൂപ സംസ്ഥാനത്ത് നികുതിയായി നല്‍കിയിട്ടില്ലെന്ന് കണക്കുകള്‍ സാക്ഷ്യപ്പെടുത്തി. വില്പന നികുതി, കെട്ടിട നികുതി, തൊഴില്‍ നികുതി എന്നിങ്ങനെയാണ് സര്‍ക്കാരിന് ഈ കമ്പനിയില്‍നിന്ന് കിട്ടേണ്ട വരുമാനം.

കൊക്കകോള കമ്പനി പ്രവര്‍ത്തിച്ച അഞ്ചുവര്‍ഷത്തിനുള്ളില്‍  ആയിനത്തില്‍ കിട്ടിയത് 20 കോടി രൂപയില്‍ താഴെയാണ്. പെരുമാട്ടി പഞ്ചായത്തില്‍ 2010ല്‍ അടച്ച കെട്ടിടനികുതി 4.66 ലക്ഷം രൂപയും തൊഴില്‍ നികുതി 65,350 രൂപയുമാണ്. എങ്ങനെ കണക്കുകൂട്ടിയാലും ഒരു വര്‍ഷത്തെ വരുമാനം അഞ്ചുകോടി രൂപയിലെത്തില്ല! അഞ്ചുകോടി എങ്ങനെയാണ് 500 ആവുക?
ഇതിനുള്ള ടി.ബാലകൃഷ്ണന്റെ പ്രതികരണം ഇങ്ങനെ: കൊക്കകോള കമ്പനി ആയുഷ്‌കാലം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അവര്‍ നല്‍കുമായിരുന്ന പ്രത്യക്ഷ – പരോക്ഷ നികുതികള്‍ കണക്കുകൂട്ടിയാല്‍ 500 കോടി വരും! അത് വാര്‍ത്തയായതുകൊണ്ടാവാം, പിന്നീട് അദ്ദേഹം ഒരിക്കലും 500 കോടി രൂപയുടെ കണക്ക് പറഞ്ഞുകേട്ടിട്ടേയില്ല.
എന്നാല്‍, അന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന കെ ജയകുമാര്‍ ( അതെ, ഇന്നത്തെ ചീഫ് സെക്രട്ടറി തന്നെ) നേതൃത്വം നല്‍കിയ വിദഗ്ധ സമിതി കണ്ടെത്തിയത് പരിസ്ഥിതി നാശത്തിന് പുറമേ കൊക്കകോള കമ്പനി 216 കോടി രൂപയുടെ നാശനഷ്ടമുണ്ടാക്കി എന്നാണ്. അതായത് 21 കോടി രൂപ സര്‍ക്കാരിന് നല്‍കി സംസ്ഥാനത്തിന് 216 കോടി രൂപ നഷ്ടമുണ്ടാക്കി! കൊക്കകോള കമ്പനി പ്രവര്‍ത്തിച്ചിരുന്ന പ്ളാച്ചിമടയിലും പരിസരങ്ങളിലും ജനിച്ച കുട്ടികള്‍ക്ക് അസാധരണമാം വിധം ഭാരക്കുറവ് അനുഭവപ്പെടുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
ഭോപ്പാല്‍ – മറക്കാറായിട്ടില്ലല്ലോ. 1984 ഡിസംബര്‍ രണ്ടിന്റെ വിഷവാതകച്ചോര്‍ച്ചയിലൂടെ പതിനായിരത്തിലേറെപ്പേരെ ബഹുരാഷ്ട്രഭീമനായ യൂണിയന്‍ കാര്‍ബൈഡ് കൊന്നൊടുക്കിയതായാണ് അനൗദ്യോഗിക കണക്ക്. ഔദ്യോഗിക രേഖകള്‍ പ്രകാരം മരിച്ചത് 3787 ആണ്.

അതിനുശേഷം ഭോപ്പാലിലും പരിസരങ്ങളിലും ജനിച്ച നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് അംഗവൈകല്യവും ബുദ്ധിമാന്ദ്യവും ഉണ്ടായി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരംപോലും വാങ്ങി നല്‍കാന്‍ നമ്മുടെ സര്‍ക്കാരുകള്‍ക്കായില്ല.
നിക്ഷിപ്ത താല്പര്യക്കാര്‍ക്കുവേണ്ടി വ്യവസായ വകുപ്പ് വാദിക്കുമ്പോള്‍ അതിന്റെ പിന്നിലുള്ള യാഥാര്‍ത്ഥ്യം തിരിച്ചറിയാവുന്നതുകൊണ്ടാണ് വി  എം സുധീരനെയും ടി എന്‍ പ്രതാപനെയുംപോലുള്ള കോണ്‍ഗ്രസുകാര്‍ക്കുപോലും നിലംനികത്തല്‍ അജണ്ടയ്‌ക്കെതിരെ പരസ്യമായി രംഗത്തുവരേണ്ടി വരുന്നത്. അത്തരം വിമത ശബ്ദങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. അത് കേരളത്തില്‍ ശേഷിക്കുന്ന വയലുകളും തോടുകളും പുഴകളും മലകളും നിലനില്‍ക്കുന്നതിന് ഇടയാക്കും. പരിസ്ഥിതി നിലനിര്‍ത്തിക്കൊണ്ടുള്ള വ്യവസായ വികസനമേ ഏത് നാടിനും ഗുണകരമാവൂ എന്ന് നമ്മുടെ ഭരണാധികാരികള്‍ തിരിച്ചറിയാത്തതെന്താണ്

ജനങ്ങളെ മറന്നുപോവുന്നവര്‍

ന്ത്യയിലെ മൂന്നുരാഷ്ട്രീയ പാര്‍ട്ടികളുടെ ഉന്നതതല യോഗങ്ങള്‍ സമാപിച്ചതേയുള്ളൂ. എന്നാല്‍, ആ യോഗങ്ങളൊന്നും ജീവിക്കാനായി യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതരായ പാവപ്പെട്ടവരെ കാര്യമായി പരിഗണിച്ചതേയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ജയ്പൂരില്‍ നടന്ന കോണ്‍ഗ്രസിന്റെ ‘ചിന്തന്‍ശിബിര്‍’ എന്നുപേരിട്ട സമ്മേളനത്തില്‍ രാഹുല്‍ഗാന്ധിയെ അരിയിട്ടുവാഴിക്കുന്ന ചടങ്ങിന്റെ തുടര്‍ച്ചയാണുണ്ടായത്. 2004ല്‍ രാഷ്ട്രീയത്തിലേക്കിറങ്ങി ഉടന്‍ അച്ഛന്‍ രാജീവ്ഗാന്ധിയുടെ അമേതി മണ്ഡലത്തില്‍നിന്ന് എം.പിയായ രാഹുല്‍ മൂന്നുവര്‍ഷത്തിനുശേഷം നടന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുഖ്യപ്രചാരകനായി. കോണ്‍ഗ്രസിന്റെ ഒരു കാലത്തെ ശക്തിദുര്‍ഗമായിരുന്ന ഈ സംസ്ഥാനം രാഹുലിന്റെ നേതൃത്വത്തില്‍ തിരിച്ചുപിടിക്കുമെന്നൊക്കെയായിരുന്നു ഒരു വിഭാഗം മാദ്ധ്യമങ്ങള്‍ വായ്ത്താരി മുഴക്കിയത്.ഫലം വന്നപ്പോള്‍ 22 സീറ്റും 8.53 ശതമാനം വോട്ടുമായി ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട പരാജയമാണ് പാര്‍ട്ടിയെ കാത്തിരുന്നത്. ആ ‘തോല്‍വി’കൊണ്ട് നേട്ടമുണ്ടായത് രാഹുല്‍ഗാന്ധിക്കാണ് – എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി അദ്ദേഹത്തിന് ‘പ്രമോഷന്‍’ കിട്ടി!


ജനറല്‍ സെക്രട്ടറിയായിരുന്ന രാഹുല്‍ഗാന്ധിക്ക് എന്‍. എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ചുമതലയാണ് കിട്ടിയത്. ഈ രണ്ട് സംഘടനകളിലും ഒരിക്കലും പ്രവര്‍ത്തിച്ചിട്ടില്ലാത്ത അദ്ദേഹത്തിന് അതെങ്ങനെയെന്ന് കേട്ട് മനസ്സിലാക്കുകയേ നിവര്‍ത്തിയുണ്ടായിരുന്നുള്ളൂ. പാര്‍ലമെന്റിലെ മിക്കവാറും യുവ കോണ്‍ഗ്രസ് എം.പിമാരെയുംപോലെ രാഹുലും പഠിച്ചത്  വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവേശനമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥി സംഘടനയുടെ ചുമതല രാഹുലിന് നല്‍കിയത് അങ്ങേയറ്റം ‘ഉചിതജ്ഞത’യായി!
ഇന്ധന വിലവര്‍ദ്ധന, എണ്ണക്കമ്പനികള്‍ ജനങ്ങളെ കൊള്ളയടിക്കുന്നത്, വിലക്കയറ്റം എന്നിവയൊന്നും കാര്യമായി ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായി രാഹുലിനെ  വാഴിക്കുന്ന ചടങ്ങുമൂലം കഴിഞ്ഞില്ല. ‘ജയ്പൂര്‍ പ്രഖ്യാപനം’ എന്ന പേരിലുള്ള പ്രഖ്യാപനത്തില്‍ ‘ ആം ആത്മി’പോലുള്ള പ്രയോഗങ്ങള്‍ അക്ഷരത്തെറ്റുപോലെയാണെങ്കിലും കടന്നുവന്നതില്‍ സന്തോഷിക്കാം. ഇന്ത്യ എന്ന രാജ്യത്ത് വന്‍കിട മുതലാളിമാര്‍ക്കുപുറമേ ഇത്തരക്കാരും ജീവിക്കുന്നുവെന്ന് ഈ പാര്‍ട്ടി ഇപ്പോഴും ഓര്‍ക്കുന്നുണ്ടല്ലോ!
പ്രതിപക്ഷവും ഭരണപക്ഷവും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്ന കാഴ്ചയാണ് നാട് കണ്ടുകൊണ്ടിരിക്കുന്നത്.ടുജി സ്പെക്ട്രംപോലുള്ള, രാജ്യത്തെ പിടിച്ചുലച്ച അഴിമതിക്കേസുകളില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണെങ്കില്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരി ‘ചേരുംപടി ചേര്‍ക്കാന്‍’ പറ്റിയ ആളാണെന്ന് അരവിന്ദ് കെജ് രിവാള്‍ എന്ന അരാഷ്ട്രീയക്കാരന്‍ വിളിച്ചു പറഞ്ഞപ്പോള്‍ മുഖം നഷ്ടപ്പെട്ടത് രാജ്യം ഭരിക്കാന്‍ കച്ചകെട്ടിയിരുന്ന കക്ഷിക്കാണ്. രാഹുലിന്റെ പെങ്ങള്‍ പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രെക്ക് ഭൂമി വെട്ടിപ്പിടിക്കാന്‍ നിയമങ്ങള്‍ വഴിമാറുന്നതിനെക്കുറിച്ച് രേഖകള്‍ നിരത്തി കോണ്‍ഗ്രസിനെ മറുപടിയില്ലാതാക്കിയതും ഇതേ അരാഷ്ട്രീയക്കാരനാണ്.  രാഷ്ട്രീയക്കാരിലുളള അവിശ്വാസം സാധാരണക്കാരില്‍ വര്‍ദ്ധിക്കുന്നതിനേ ഇതൊക്കെ ഉപകരിച്ചുള്ളൂ. ബി.ജെ.പി പ്രസിഡന്റിന്റെ കസേരയില്‍ അഴിമതിക്കാരനെ വീണ്ടും വാഴിക്കില്ലെന്ന നിലപാടെടുത്തവര്‍ നിശ്ശബ്ദരാവുന്നതാണ് പിന്നീട് കണ്ടത്.
എന്നാല്‍, രണ്ടാം തവണയും അധികാരമേല്‍ക്കാനിരിക്കേ നിതിന്‍ ഗഡ്കരിയുടെ നിയന്ത്രണത്തിലുള്ള ‘പുര്‍ത്തി’ ഗ്രൂപ്പില്‍ നടന്ന ആദായനികുതി റെയ്ഡാണ് അദ്ദേഹത്തിന്റെ തലവര മാറ്റിയത്.രാജ്നാഥ് സിംഗ് ബി.ജെ.പി പ്രസിഡന്റായ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെതിരായി കുറേക്കൂടി മൂര്‍ച്ചയുള്ള ആക്രമണം പ്രതീക്ഷിക്കാം. അവര്‍ അധികാരത്തിലെത്തിയാലും ഇന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നയങ്ങളായിരിക്കും പിന്തുടരാന്‍ സാദ്ധ്യത.മുന്‍ ബി.ജെ.പി സര്‍ക്കാര്‍ സഞ്ചരിച്ച പാത കോണ്‍ഗ്രസിന്റേതായിരുന്നല്ലോ.
സി.പി.ഐ(എം) കേന്ദ്രക്കമ്മിറ്റി ഇത്തവണ കൂടിയത് കൊല്‍ക്കത്തയിലാണ്. ഏറ്റവും കൂടുതല്‍ ജനപിന്തുണയും ഭരണവും ഉണ്ടായിരുന്ന പശ്ചിമബംഗാളില്‍ പാര്‍ട്ടി നയങ്ങള്‍ ജനവിരുദ്ധമായപ്പോള്‍ പ്രതിപക്ഷത്ത് മൂലക്കിരിക്കേണ്ടിവന്നു. മമതാബാനര്‍ജി വിപ്ലവപ്പാര്‍ട്ടിയെ തലങ്ങും വിലങ്ങും ആക്രമിക്കുമ്പോള്‍ കിതച്ചുകൊണ്ട് പിന്‍വലിയാതെ രക്ഷയില്ലാതായി. സി.പി.ഐ(എം)ന്റെ ഏറ്റവും വലിയ ഘടകമായ കേരളത്തില്‍ ഇടതുസര്‍ക്കാരിന് ചരിത്രത്തിലാദ്യമായി പിന്തുടര്‍ച്ചക്ക് അവസരമുണ്ടായതാണ്. ‘മകന്‍ ചത്താലും വേണ്ടില്ല, മരുമകളുടെ കണ്ണീര്‍ കണ്ടാല്‍
മതി’യെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിലെ ചിലര്‍ക്ക് നിര്‍ബന്ധം. അങ്ങനെ 2006ലെ സ്ഥാനാര്‍ത്ഥി നിര്‍ണയ നാടകങ്ങളുടെ തനിയാവര്‍ത്തനം. ജനം ‘വി.എസ്, വി.എസ് …’ എന്ന് ആര്‍ത്തിരമ്പിയതും വി.എസ്സിനെതിരെ നിലയുറപ്പിച്ചവര്‍ അവരവരുടെ മണ്ഡലങ്ങളില്‍ വി.എസ്സിന്റെ പ്രസംഗത്തിനായി വ്രതനിഷ്ഠയോടെ കാത്തിരുന്നതും ചരിത്രം.ജയത്തോടടുത്ത തോല്‍വിയിലെത്തിയെങ്കിലും ജനകീയ നേതാവിനെതിരെ പിന്നെയും പാര്‍ട്ടി തിരിയുന്നതാണ് കണ്ടത്. യു.ഡി.എഫ് നേതൃത്വം നല്‍കുന്ന ഭരണപക്ഷവും സി.പി.ഐ(എം) എന്ന പാര്‍ട്ടിയും ഒരേപോലെ തൊണ്ണൂറിലെത്തി നില്‍ക്കുന്ന നേതാവിന്റെ സ്വീകാര്യത തകര്‍ക്കാന്‍ മത്സരിക്കുകയായിരുന്നു.പോളിറ്റ്ബ്യൂറോ കൊല്‍ക്കത്തയില്‍ ചര്‍ച്ച ചെയ്തതും ഇതേവിഷയമാണ്. അതിനുശേഷം കേരളത്തില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന് ഇതിനകം പുറത്തുവന്നല്ലോ. അതില്‍ ഏതെങ്കിലും ഇപ്പോള്‍ പ്രസക്തമാണോ എന്ന് ആലോചിച്ചുനോക്കുക. ജില്ലാ സമ്മേളന മത്സരങ്ങളില്‍ പത്തനംതിട്ടയിലും കൊല്ലത്തും രണ്ടുനീതി എന്നത് എങ്ങനെ മാര്‍ക്സിസം ലെനിനിസിത്തലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയും? അതിനെ അംഗീകരിക്കേണ്ടിവരുന്ന പ്രകാശ് കാരാട്ട് എന്ന അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുടെ ഗതികേടിനോട് സഹതപിക്കാം. കേരളത്തിലെ ജനങ്ങളുടെമേല്‍ അസഹനീയ ഭാരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു സര്‍ക്കാരിനെതിരെ ചെറുവിരലനക്കാന്‍ ഈ പാര്‍ട്ടിക്കാവുന്നില്ല.

communist ivision

പങ്കാളിത്ത പെന്‍ഷന്‍ കേരളത്തിലെ സര്‍വീസ് സംഘടനകളുടെ വിഷയമേ അല്ല. കാരണം, നിലവിലുള്ള ജീവനക്കാരെ  അത് ബാധിക്കില്ല.പുതിയതായി വരുന്ന, ഇപ്പോഴത്തെയും ഇനിയത്തെയും ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളുമാണ് അതിന്റെ ഗുണഭോക്താക്കള്‍. എന്നിട്ടും  ഇവിടെ ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും എന്തുചെയ്യുകയായിരുന്നു. ചോരച്ചാലുകള്‍ നീന്തിക്കയറി എന്ന വീമ്പിളിക്കുന്ന നേതാവ് ടി.വി ക്യാമറകള്‍ക്കുമുമ്പില്‍ നെഞ്ചത്തടിച്ച് വാവിട്ട് നിലവിളിക്കുന്ന കാഴ്ച കാണുന്ന ഏത് ചെറുപ്പക്കാരനാണ് ആത്മാഭിമാനത്തോടെ ആ സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുക?ചെറുപ്പക്കാരെ മറന്ന്, അവരുടെ പ്രശ്‌നങ്ങള്‍ കാണാതെ നവോത്ഥാന കേരളം എന്നൊക്കെ പറഞ്ഞ് തെക്കുവടക്ക് നടന്നാല്‍ എത്രപേര്‍ ഒപ്പമുണ്ടാവുമെന്ന് ഇപ്പോഴെങ്കിലും മനസ്സിലായിട്ടുണ്ടാവുമല്ലോ.
കോണ്‍ഗ്രസ് ഭരണകകഷിയാണ്.  പദവികളിലില്ലാത്ത വി.എം.സുധീരനെപ്പോലെ ചിലരൊഴികെയുള്ളവര്‍ക്ക് അധികാരതമിരം ബാധിച്ചിരിക്കുന്നതിനാല്‍ അവര്‍ക്ക് ജനകീയ വിഷയങ്ങള്‍ ഇനി പ്രതിപക്ഷത്തെത്തുമ്പോഴേ ഓര്‍മ്മ വരൂ.ബി.ജെ.പിക്ക് പുതിയ പ്രസിഡന്റ് വന്നതിനാല്‍ ഇനി വേണം ജനകീയ വിഷയങ്ങളില്‍ ഒരുങ്ങാന്‍. എന്നാല്‍, പാവപ്പെട്ടവരെ ഇടതുപക്ഷത്തിനുപോലും ഓര്‍ക്കാന്‍ സമയമില്ലെന്നുവന്നാല്‍ അരവിന്ദ് കെജ് രിവാളുമാര്‍ക്ക് മുദ്രാവാക്യം വിളിക്കാന്‍ നാം നിര്‍ബന്ധിതരാവില്ലേ

രാഹുല്‍ എന്ന പരാജയപ്പെട്ട യുവരാജാവ്

എ ഐ സി സി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിക്ക് കിട്ടിയതുപോലെ ഒരവസരം ഇന്ത്യയിലെ ഒരു ചെറുപ്പക്കാരനും കിട്ടിയിട്ടുണ്ടാവില്ല.  കഴിവ് തെളിയിച്ച് നേതാക്കളാവണം എന്ന് വാശിപിടിക്കുന്ന രാഹുല്‍ ഗാന്ധി ഒരിടത്തുപോലും കഴിവ് തെളിയിക്കുകയോ പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല.
ഗിമ്മിക്കുകളില്‍ അഭിരമിക്കുന്നവരോ വീണുപോവുന്നവരോ ആണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും. ആദിവാസികളുടെ വീട്ടില്‍ അന്തിയുറങ്ങുകയോ അവരോടൊപ്പം ഒരു നേരം ആഹാരം കഴിക്കുകയോ ഒക്കെ ഇപ്പോഴും ആ വിഭാഗക്കാരെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. എന്നാല്‍, കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ നയവൈകല്യങ്ങളാണ് ആ ജനവിഭാഗങ്ങള്‍ ഇപ്പോഴും ഇരുളില്‍ തുടരാന്‍ കാരണമെന്ന യാഥാര്‍ത്ഥ്യം ആരും അവരോട് പറഞ്ഞുകൊടുക്കുന്നില്ല. അതുകൊണ്ടുതന്നെ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസിന്റെ പതിവ് ‘കള്ളത്തര’ത്തിന്റെ പൈതൃകത്തിന് അര്‍ഹനാണ്. അതും അദ്ദേഹം സന്തോഷത്തോടെ വാരിയെടുത്ത് അണിയുകയാണ്!

നെഹ്‌റു കുടുംബം എക്കാലത്തും ഇന്ത്യയുടെ വികാരമാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു എന്ന ഇന്ത്യ കണ്ട എക്കാലത്തേയും വലിയ രാജ്യതന്ത്രജ്ഞന്‍ പ്രധാനമന്ത്രിക്കപ്പുറം ഈ മഹത്തായ രാജ്യത്തിന്റെ ആത്മാവറിഞ്ഞ നേതാവായിരുന്നു. രാഷ്ട്രപിതാവിന്റെ ചില്ലിട്ടുവയ്ക്കുന്നതിനായുള്ള  ഫ്രെയിമിലേക്ക് മഹാത്മാഗാന്ധി ഒതുക്കപ്പെട്ടു. സ്വന്തം മക്കളുടെ കാര്യംപോലും നോക്കാതെ രാജ്യസേവനം എന്ന ഒറ്റ അജണ്ടയിലേക്ക് ഗാന്ധിജി ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ മകളുടെ വിദേശവിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും നെഹ്‌റു ചെയ്തില്ലെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

അതെന്തായാലും അച്ഛന് കിട്ടിയ സ്‌നേഹാദരങ്ങള്‍ ഒട്ടും കുറയാതെതന്നെ മകള്‍ ഇന്ദിരാപ്രിയദര്‍ശിനിയിലേക്കും പകരാന്‍ ഈ രാജ്യത്തെ പ്രജകള്‍ക്ക് ഒരു മടിയും ഉണ്ടായില്ല. ജനാധിപത്യത്തെ കശാപ്പുചെയ്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ രോഷം പ്രകടിപ്പിടിച്ചു എന്നതൊഴിച്ചാല്‍ എല്ലാകാലത്തും ഇന്ദിരാഗാന്ധിക്ക് സ്വന്തം ജനത മുഗ്ദ്ധ സ്‌നേഹം വാരിക്കോരി നല്‍കി.ഒടുവില്‍  അംഗരക്ഷകര്‍തന്നെ ആ ജീവിതം അവസാനിപ്പിച്ചപ്പോള്‍ ഈ രാജ്യം ദു:ഖം സഹിക്കാനാവാതെ അലമുറയിടുകയായിരുന്നു.
ഇന്ദിരയുടെ ഇളയമകന്‍ സഞ്ജയ് ഗാന്ധി അപക്വസ്വപ്‌നങ്ങളുടെ പതാകാവാഹകനായിരുന്നു. ധനികരുടെ സ്വപ്‌നങ്ങള്‍ക്ക്  നിറംപകരാന്‍ വേണ്ടി വന്നാല്‍ സ്വപ്‌നം കാണാന്‍ അര്‍ഹതയില്ലാത്തവരുടെ ജീവിതം നഷ്ടപ്പെട്ടാലും അതില്‍ അപാകതയില്ലെന്ന് വിശ്വസിച്ചിരുന്നവരില്‍ ഒരാള്‍. ‘മാരുതി’ കാറുകളിലൂടെ ഇന്ത്യന്‍ നിരത്തുകളില്‍ പുതിയ ഒരു വിപഌവത്തിന് തുടക്കം കുറിച്ചെങ്കിലും അതിന്റെ പേരില്‍ ജീവിതം നഷ്ടപ്പെട്ടത് കാറില്‍ ഒരിക്കലെങ്കിലും കയറുക എന്നത് വലിയൊരു ആഡംബരമായി കരുതുകയും ഭയപ്പെടുകയും ചെയ്തിരുന്ന വലിയൊരു നിസ്സഹായ സമൂഹത്തിനാണ്. നിര്‍ബന്ധിത വന്ധ്യംകരണം ഉള്‍പ്പെടെയുള്ള ചെയ്തികളിലൂടെ നിസ്വവര്‍ഗത്തിന്റെ ഭീതിദസ്വപ്‌നമായി മാറിയ സഞ്ജയരാജകുമാരന്‍ അകാലത്തില്‍ പൊലിയുകയായിരുന്നു. അതേതുടര്‍ന്നായിരുന്നു മൂത്തകുമാരന്‍ രാജീവ്ഗാന്ധി വിമാനം പറത്തല്‍ ഉപേക്ഷിച്ച് രാഷ്ട്രീയാഭ്യാസത്തിന് ഇറങ്ങിത്തിരിച്ചത്. അമ്മയുടെ നൊമ്പരമുണര്‍ത്തുന്ന വിയോഗത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ കണ്ട ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നല്‍കി ജനങ്ങള്‍ പുത്രനെ വരവേറ്റു. പുതിയതായി അധികാരത്തിലെത്തുന്ന എല്ലാവര്‍ക്കും പറ്റുന്നതുപോലെ മുഖസ്തുതികളിലും ചുറ്റിലും കേന്ദ്രീകരിച്ചിരുന്നവരുടെ വ്യാജവചനങ്ങളിലും അഭിരമിച്ച രാജീവകുമാരന്‍ വളരെപ്പെട്ടെന്ന് ജനങ്ങളില്‍നിന്ന് അകന്നു. തിരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ സ്വന്തം മുഖത്തിന് വേണ്ട കണ്ണാടി കണ്ടെടുക്കാന്‍ രാജീവ് ഗാന്ധി നിര്‍ബന്ധിതനായി. അങ്ങനെ കഠിനപരിശ്രമങ്ങളുടെ ഗൃഹപാഠത്തിലൂടെ വീണ്ടും വിശ്വാസം വീണ്ടെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് തമിഴ്പുലികളുടെ രൂപത്തില്‍ കാലന്‍ ഇരച്ചെത്തിയത്.
രാജീവിന്റെ ഹൃദയസരസ്സിലെ പ്രണയപുഷ്പം മാത്രമായിരുന്ന സോണിയാഗാന്ധി എന്ന വീട്ടമ്മ രാഷ്ട്രീയത്തിലിറങ്ങാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു. നെഹ്‌റുകുടുംബത്തിലെ ഒരാളില്ലെങ്കില്‍ നൂറ്റാണ്ടുപിന്നിട്ട കോണ്‍ഗ്രസ് നയിക്കപ്പെടാനാളില്ലാതാവുമെന്ന് തീര്‍ച്ച. അങ്ങനെയാണ് വിദേശി സ്ഥാപിച്ച കോണ്‍ഗ്രസിന് വിദേശത്തുജനിച്ച ഒരു വീട്ടമ്മ ഹൈക്കമാന്‍ഡായത്.പണിയില്ലാതെ പുരനിറഞ്ഞ് നില്‍ക്കുകയായിരുന്ന ആണ്‍തരി രാഹുല്‍ഗാന്ധിയേയും അമ്മ കൂട്ടിന് വിളിച്ചു.
ദോഷം പറയരുതല്ലോ , പയ്യന്‍സ് പോയിടത്തെല്ലാം ആളുകൂടി. തിരഞ്ഞെടുപ്പില്‍ വോട്ട് എതിര്‍ സ്ഥാനാര്‍ത്ഥിക്കായിരുന്നെന്നുമാത്രം. പച്ച തൊട്ടില്ല എന്ന് ലീഗുകാര്‍ക്കുപോലും പറയേണ്ട അവസ്ഥ.കേരളത്തില്‍ നൂറു സീറ്റ് ഉറപ്പിച്ചിരുന്ന യു.ഡി. എഫിന് മുപ്പതോളം സീറ്റ് തട്ടിക്കളയുക എന്നത് നിസ്സാര കാര്യമാണോ? മാത്രമല്ല, അമുല്‍ബേബി വിവാദത്തിലൂടെ വി എസ് അച്യുതാനന്ദന് രാജ്യാന്തരശ്രദ്ധ നേടിക്കൊടുക്കുകയും ചെയ്തു. ഉത്തര്‍പ്രദേശില്‍ മൂലായത്തിന്റെ പ്രാദേശികകുമാരന്‍ ഈ ദേശീയകുമാരനെ നാട്ടുഭാഷയില്‍ പറഞ്ഞാല്‍ കാലുവാരി തറയിലടിക്കുകയും ചെയ്തു. എന്നിട്ടും മതിയാവാതെ കക്ഷി ഇനി കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ സര്‍ക്കാരിലും പാര്‍ട്ടിയിലും ഏറ്റെടുക്കാന്‍ ഒരുമ്പെട്ടിരിക്കുകയാണത്രേ.
പ്രതിഭാ നിര്‍ണയ പരീക്ഷകള്‍ നടത്തി പാര്‍ട്ടിയിലും പോഷകസംഘടനകളിലും പ്രവര്‍ത്തകര്‍ക്ക് ഒരു സ്ഥാനവുമില്ലാതാക്കി എന്ന ബഹുമതിയും രാഹുലിന് സ്വന്തം. ഇവന്റ് മാനേജര്‍മാര്‍ തിരഞ്ഞെടുപ്പിനുപുറമേ പാര്‍ട്ടി സമ്മേളനങ്ങളും ആഘോഷമാക്കി മാറ്റുന്നു.യൂത്ത് കോണ്‍ഗ്രസിന് നക്ഷത്രം നല്‍കുന്ന തിരക്കിലാണ് പുതിയ രാജകുമാരന്‍.മൂന്ന് നിറത്തിലുള്ള നക്ഷത്രം നല്‍കി പ്രവര്‍ത്തകരെ വിലയിരുത്തുമത്രേ. പ്രവര്‍ത്തകരെ നക്ഷത്രമെണ്ണിക്കലാണ് ലക്ഷ്യമെന്ന് അടക്കം പറയുന്നത് കോണ്‍ഗ്രസുകാര്‍തന്നെയാണ്.
 
ഇതിനിടയില്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ പലതവണ വന്നു.ചിലപ്പോള്‍ കാപ്പികുടിക്കാനും കേരളീയരുടെ ദേശീയ ഭക്ഷണമായ പൊറോട്ട തിന്നാനുമായിരുന്നു.വേറൊരിക്കല്‍ കൊളംബിയക്കാരി ജുവനിറ്റയുമായി വന്ന് കുമരകത്ത് താമസിച്ച് തിരികെപ്പോയി. ഇതേ ‘കുറ്റം’ ചെയ്ത കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനും സി പി എം നേതാവും തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റുമായ അഡ്വ.സുന്ദരേശനും എതിരെ പൊലീസ് കേസെടുത്തു. അതേ പൊലീസ് രാഹുലിനും ജുവനിറ്റയ്ക്കും കാവല്‍നിന്നു. നോക്കണേ, പൊലീസിന്റെ നിയമപാലന നാനാര്‍ത്ഥങ്ങള്‍!
അതൊക്കെ, എന്തോ ആകട്ടെ. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി നടന്ന സര്‍ക്കാരാണ് ഇപ്പോഴത്തേത് എന്നതില്‍ കോണ്‍ഗ്രസുകാര്‍ക്കുപോലും അഭിപ്രായവ്യത്യാസം ഉണ്ടാവാനിടയില്ല. 2ജി സ്‌പെക്ട്രം മുതല്‍ കോമണ്‍വെല്‍ത്ത് അഴിമതി വരെ ഉദാഹരണങ്ങള്‍ ഏറെയാണ്. അവിടെയൊക്കെ ഏറ്റവും നന്നായി ഇടപെടാനും അഴിമതിക്കാരെ ചെവിക്കുപിടിച്ച് പുറത്തുകളയാനും ശേഷിയുള്ള രണ്ടുപേരില്‍ ഒരാളായിരുന്നു രാഹുല്‍ഗാന്ധി. അതൊന്നും ചെയ്യാത്ത രാഹുലിനെ പരാജയപ്പെട്ട രാജകുമാരന്‍ എന്നുമാത്രം വിശേഷിപ്പിച്ചാല്‍ മതിയോ?

(

പാവപ്പെട്ടവരോ,കഷ്ടം!

കൊച്ചിയില്‍ കേരളത്തിന്റെ വ്യവസായ മാമാങ്കമായ ‘എമേര്‍ജിംഗ് കേരള’ നടക്കുമ്പോള്‍ പാവപ്പെട്ടവര്‍ എങ്ങനെയാണ് ഭരണനേതാക്കള്‍ക്ക് ചതുര്‍ത്ഥിയായി മാറുന്നത്? ഇന്ത്യയുടെ പ്രധാനമന്ത്രിയും വിദേശങ്ങളില്‍നിന്നുള്ള പണക്കാരും വരുന്നത് ഇന്ത്യ കോടീശ്വരന്‍മാരുടെ നാടായി മാറി എന്ന തെറ്റിദ്ധാരണയോടെയല്ല എന്ന തിരിച്ചറിവ് നമ്മുടെ ഭരണാധികാരികള്‍ക്ക് എന്നാണ് ഉണ്ടാവുക?

ആണ്ടോടാണ്ടോ അഞ്ചാണ്ടിലൊരിക്കലോ മാമാങ്കങ്ങളോ ഉച്ചകോടികളോ കൊണ്ടാടുന്നതിന് ജനങ്ങള്‍ എതിരല്ല. ‘ജിമ്മെ’ന്നോ ‘എമേര്‍ജിംഗ് കേരള’ എന്നോ അതല്ല വേറെ ഏതെങ്കിലും പേരിടുന്നതോ ഒന്നും സാധാരണക്കാര്‍ക്ക് വിഷയമല്ല. ഈ മഹാമഹങ്ങളുടെ പേരില്‍ സാധാരണക്കാരുടെമേല്‍ കുതിരകയറരുതെന്ന ചെറിയ ആഗ്രഹം മാത്രമേ അവര്‍ക്കുണ്ടാവൂ.
പണം മുടക്കാനെത്തുന്നവര്‍ക്ക് അവരവരുടെ താല്‍പര്യങ്ങളുണ്ടാകും. മുടക്കിയ പണം എത്ര വേഗത്തില്‍ പരമാവധി ലാഭത്തോടെ പലമടങ്ങ് പെരുപ്പിക്കാമെന്നതാവും അവരുടെ ലക്ഷ്യങ്ങളില്‍ പ്രധാനം. അല്ലാതെ കേരളത്തിനെയോ കേരളീയരെയോ രക്ഷിക്കാമെന്നും നന്നാക്കാമെന്നും കരുതി പണം മുടക്കാനല്ല ഇവര്‍ വരുന്നത്. ക്ഷണിച്ചില്ലെങ്കിലും ലാഭം കിട്ടുമെങ്കില്‍ ഇവര്‍ വരുമെന്നത് വേറെ. കേരളത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ എത്രയെണ്ണമാണ് ഇങ്ങനെ മാമാങ്കങ്ങള്‍ നടത്തി കൊണ്ടുവന്നതെന്ന് അധികൃതര്‍ വ്യക്തമാക്കണം. എഴുന്നള്ളിച്ചുകൊണ്ടുവന്ന ഗ്വാളിയോര്‍ റയോണ്‍സ് മുതല്‍ സ്മാര്‍ട്ട് സിറ്റി വരെയുള്ളവ നമ്മളെ കൊള്ളയടിക്കുന്നതിന് സമാനമായ വ്യവസ്ഥകള്‍ വച്ചതിന് വഴങ്ങിക്കൊടുത്തത് സംസ്ഥാനത്തിന് ശാപമായി മാറിയ ചരിത്രം കണ്‍മുന്നിലുണ്ട്. എന്നാല്‍, കൊടുമ്പിരിക്കൊള്ളുന്ന തൊഴിലാളി സമരങ്ങളുടെ, പ്രത്യേകിച്ചും ഘെരാവോ ഉള്‍പ്പെടെയുള്ള സമരങ്ങള്‍ നടന്ന കാലയളവില്‍ സ്വമേധയാ വന്ന് ഇവിടെ മുതല്‍ മുടക്കിയവര്‍ ഇപ്പോഴും നല്ല നിലയില്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് മറക്കരുത്.
മേളകളുടെ ഭാഗമാവാന്‍ അമ്പതിലേറെ രാഷ്ട്രങ്ങളില്‍നിന്ന്  ഭരണാധികാരികള്‍ എത്തുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. അത് ശരിയായിരിക്കും. പുറത്തുപോവുമ്പോള്‍ മഞ്ഞളാംകുഴി അലിയും പി സി ജോര്‍ജും എന്‍ ശക്തനുമൊക്കെ കേരളത്തിന്റെ ഭരണാധികാരികളാണ്. ഇവിടെ അവര്‍ക്കുള്ള പണി എന്താണെന്ന് അവര്‍ക്കെങ്കിലും അറിയാമോ അവോ! അതുപോലെ വിദേശങ്ങളിലെ അലിമാരും ജോര്‍ജുമാരും ശക്തന്‍മാരും കേരളം കാണാനെത്തുമ്പോള്‍ ആലവട്ടവും വെഞ്ചാമരവും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍മാരുമായി വരവേല്‍ക്കാം. ഈ എമേര്‍ജിംഗിന്റെ ഫലമായി ഉയര്‍ന്നുവരാനിടയുള്ള നിശാക്‌ളബ്ബുകളില്‍ ഭാവിയില്‍ വരുമ്പോള്‍ കഴിയാന്‍ അഡ്വാന്‍സ് ടിക്കറ്റും നല്‍കാം!

ലേ മെറിഡിയന്‍ ഹോട്ടല്‍
അത്തരക്കാര്‍ വന്ന് ആഹ്ലാദിച്ച് തിരിച്ചു പൊയ്ക്കോട്ടെ. അതിന് പാവപ്പെട്ടവര്‍ എന്തിന് പിഴ മൂളണം ? കൊച്ചിയില്‍ തട്ടുകടകള്‍ക്ക്  മൂന്നു ദിവസത്തേക്കാണ് നിയന്ത്രണം. അതിന് കൊച്ചി മേയര്‍ പറഞ്ഞ ന്യായീകരണമാണ് ബഹുവിശേഷം. ‘വിദേശപ്രതിനിധികളാരെങ്കിലും തട്ടുകടയില്‍നിന്ന് ആഹാരം കഴിച്ച് വയറിന് അസുഖം പിടിച്ചാലോ’ എന്ന്. ഈ മേയര്‍ ഈ നാട്ടിലൊന്നും ഇല്ലെന്നു തോന്നുന്നു. ഈ മേയറുടെ നഗരസഭയുടെ അതിര്‍ത്തി പങ്കിടുന്ന മരട് നഗരസഭയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വിദേശഭരണാധികാരികള്‍ക്കടക്കം ഭക്ഷണമൊരുക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലായ ‘ലേ മെറിഡിയനി’ല്‍നിന്ന് മനുഷ്യര്‍ക്ക് കഴിക്കാന്‍ കൊള്ളാത്ത ആഹാരം പിടിച്ചെടുത്തത് പ്രദര്‍ശിപ്പിച്ചിട്ട് അധികം നാളായിട്ടില്ല. തട്ടുകടക്കാരില്‍നിന്ന് മോശം ഭക്ഷണം പിടിച്ചെടുത്ത വാര്‍ത്ത ഇതുവരെയും കാണാനായില്ല.
ഏത് വികസനം വന്നാലും പാവപ്പെട്ടവരുടെ വയറ്റത്താണ് അടിക്കുന്നത്. പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരാനാണ് ഇവിടത്തെ രാഷ്ട്രീയ നേതാക്കള്‍ക്ക് താല്‍പര്യം. ഇല്ലെങ്കില്‍ മൂന്നുദിവസം പാവപ്പെട്ടവരെ പട്ടിണിക്കിടാന്‍ ഇവരുടെ വോട്ടുനേടി അധികാരത്തിലെത്തിയവര്‍ക്ക് ധൈര്യം വരുമോ? അവരുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കാന്‍ ഇവര്‍ക്ക് ആരാണ് അധികാരം നല്‍കിയത്?  ഇത് കല്ലേപ്പിളര്‍ക്കുന്ന കല്‍പനകളുടെ ഏകാധിപത്യരാജ്യത്തല്ല. ബഹുഭൂരിപക്ഷം വരുന്ന പട്ടിണിപ്പാവങ്ങളുടെ വോട്ടുനേടിയവര്‍ വാഴുന്ന നാട്ടിലാണിത്.

ഇതൊക്കെ  കാണാന്‍ ജനങ്ങള്‍ക്ക് കഴിയണം. കണ്ട കാര്യങ്ങള്‍ തിരിച്ചറിയുകയും വേണം. സ്വന്തം കണ്ണിനെയും അനുഭവങ്ങളെയുംകാള്‍ വലിയ സത്യങ്ങളെ തേടി പരക്കംപായേണ്ടതില്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കണം. പൊന്‍ നാണയങ്ങളാണെന്ന് കരുതുന്നവ കള്ളക്കമ്മട്ടങ്ങളില്‍നിന്നുള്ളതാണെന്നറിയുമ്പോള്‍ നടുക്കമുണ്ടാവുന്നത് സ്വാഭാവികം. ആ നടുക്കത്തില്‍ മരവിച്ചുപോവുന്നതിനുപകരം ‘എല്ലുപൊക്കിയ ഗോപുരങ്ങളായി’ ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ കഴിയുമ്പോഴാണ് ജീവിതത്തിന് അര്‍ത്ഥമുണ്ടാവുക.

വധേര എന്ന മാതൃകാ മരുമകന്‍


 
‘അമ്മായി ചുട്ടതെല്ലാം മരുമോനിക്കായി’ എന്നാരംഭിക്കുന്ന നാടന്‍പാട്ട് സിനിമാ പാട്ടായി മാറിയപ്പോള്‍ ആരും ഉദ്ദേശിക്കാത്ത വിധത്തിലുള്ള അര്‍ത്ഥവ്യാപ്തി ഉണ്ടായതിനു പിന്നില്‍ റോബര്‍ട്ട് വധേര എന്ന ‘മിസ്റ്റര്‍ മരുമകന്റെ’ ചെയ്തികളായിരുന്നു. ‘ഇന്ത്യ എന്നാല്‍ ഇന്ദിര’ എന്നും കോണ്‍ഗ്രസ് എന്നാല്‍ ‘ഞാന്‍’ എന്നും പ്രഖ്യാപിക്കാന്‍ ഒട്ടും മടികാട്ടാത്ത ഒരു പ്രധാനമന്ത്രിയുടെ പേരക്കിടാവിന്റെ മരുമകന്‍ ‘സ്ത്രീധന’മായി കിട്ടിയ ഇന്ത്യയെ സ്വന്തം പേരിലാക്കണമെന്നാഗ്രഹിക്കുമ്പോള്‍ അതിലെന്താണ് തെറ്റ്? നമ്മുടെ രാജ്യത്തിന്റെ ധനമന്ത്രി പി ചിദംബരം വധേരക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കേണ്ട കാര്യമേ ഇല്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.

നമ്മുടെ നാട്ടിലെ സാധാരണ ചെറുപ്പക്കാര്‍ക്ക് മുന്നില്‍ ജീവിതവിജയത്തിനുള്ള വഴികളിലൊന്ന് പണച്ചാക്കുകളായ പെണ്‍കിടാങ്ങളെ വിവാഹം കഴിക്കുക എന്നതാണ്. പ്രേമം, ഭീഷണി അങ്ങനെ പലതും ഇതിനായി സ്വീകരിക്കാറുണ്ട്. ആദ്യം കുറേ സാഹസികത വേണ്ടിവരുമെന്ന് മാത്രമല്ല  സമ്മര്‍ദ്ദവും അനുഭവിക്കേണ്ടിവരും.പിന്നീട് സുഭിക്ഷമായ ജീവിതസൗകര്യങ്ങള്‍ എന്ന യാഥാര്‍ത്ഥ്യം മുന്നില്‍കണ്ട് ഇത് ഒരു മാര്‍ഗമായി കരുതുന്നവര്‍ കുറവല്ല എന്നതിന് തെളിവായി ഈ വിഷയം ആധാരമാക്കി സിനിമകള്‍തന്നെ രൂപം കൊള്ളുന്നത് ചൂണ്ടിക്കാട്ടാം. ഇത്തരമൊരു മാര്‍ഗമാണ് റോബര്‍ട്ട് വധേര സ്വീകരിച്ചതെന്ന് പറയാനാവില്ലെങ്കിലും വിവാഹത്തിന് മുമ്പും  അദ്ദേഹം തീരെ നിസ്സാരനായിരുന്നില്ല. അന്നേ അത്യാവശ്യം ‘കച്ചവടം’ ഉണ്ടായിരുന്നു. അത്തരമൊരു മനസ്ഥിതി ഇല്ലായിരുന്നില്ലെങ്കില്‍ പ്രിയങ്കയെ എന്തിന് വിവാഹം കഴിക്കണം ? തിരുവനന്തപുരത്തെ ശ്രീ ചിത്ര പുവര്‍ഹോമിലെ അന്തേവാസിയെ വിവാഹം കഴിച്ചാല്‍ പോരായിരുന്നോ? പരിശുദ്ധ പ്രണയത്തെ ഇങ്ങനെ പരിഹസിക്കരുത് എന്നാണെങ്കില്‍ ആ വാദത്തെ അംഗീകരിക്കുന്നു!

പ്രിയങ്കയെ വിവാഹം കഴിക്കുമ്പോള്‍ വധേരക്ക് ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. അത് കൃത്യമായി നിറവേറ്റുന്നു എന്നതിനാലാണ് ചിദംബരത്തിന് ‘പഠിക്കുന്ന’ ഇന്ത്യന്‍ യുവത്വം വധേരയെ മാതൃകയാക്കാന്‍ അഗ്രഹിക്കുന്നത്. നാല് വര്‍ഷം മുമ്പ് വധേരയുടെ ആസ്തി എട്ടുകോടിയോളം രൂപയായിരുന്നുവെന്നാണ് അദ്ദേഹം സമര്‍പ്പിച്ച ഔദ്യോഗിക രേഖകളിലുള്ളത്. രണ്ടുവര്‍ഷംകൊണ്ട് അറുപതിലേറെ കോടി രൂപയുടെ സമ്പാദ്യമായാണ് അത് പെറ്റുപെരുകിയത്.
‘ആര്‍ടക്‌സ്’ എന്ന ഇടത്തരം സ്ഥാപനം നടത്തിവന്ന വധേര സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി, ബഌബ്രിസ് ട്രേഡിംഗ്, നോര്‍ത്ത് ഇന്ത്യാ ഐടി പാര്‍ക്ക്‌സ്, റിയല്‍ എര്‍ത്ത് എസ്റ്റേറ്റ്‌സ് എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളിലൂടെ റിയല്‍ എസ്റ്റേറ്റ്, അനുബന്ധ മേഖലകളില്‍ വന്‍ കുതിപ്പ് നടത്തുകയായിരുന്നു. ഇങ്ങനെ സാമ്രാജ്യം വിപുലപ്പെടുത്തിയെങ്കിലും അതിനാധാരമായി വധേര മുതല്‍ മുടക്ക് നടത്തിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍- ആകെ 50 ലക്ഷം രൂപ മാത്രം. ഡിഎല്‍എഫ് എന്ന റിയല്‍ എസ്റ്റേറ്റ് ഭീമന്‍ 65 കോടി രൂപയുടെ പലിശരഹിത വായ്പയാണ് വധേരക്ക് നല്‍കിയത്. മറ്റ് സ്ഥാപനങ്ങളും ഇദ്ദേഹത്തിന് വായ്പ നല്‍കാന്‍ മത്സരിക്കുകയായിരുന്നു. 80 കോടി രൂപയിലേറെയാണ് പലിശ ഇല്ലാതെയോ വളരെ ചുരുങ്ങിയ നിരക്കിലോ വധേരക്ക് വായ്പയായി കിട്ടിയത്. ഇന്ത്യയിലെ സാധാരണക്കാര്‍ക്കൊന്നും ലഭിക്കാത്ത ഈ സഹായം എങ്ങനെ വധേരക്ക് മാത്രമായി കിട്ടി എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം നല്‍കാന്‍ കോണ്‍ഗ്രസിനായിട്ടില്ല!
ഡിഎല്‍എഫ് പലിശ ഇല്ലാതെ നല്‍കിയ വായ്പ ഉപയോഗിച്ച് ഈ സ്ഥാപനത്തിന്റെ തന്നെ കോടിക്കണക്കിന് രൂപയുടെ ഫഌറ്റുകളും വസ്തുവകകളും വധേര വാങ്ങിക്കൂട്ടി. ഇതിനുപുറമേ കരസ്ഥമാക്കിയവയില്‍ പലതും വിപണിവിലയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ഡിഎല്‍എഫിന് വില്‍ക്കാനും അദ്ദേഹം മറന്നില്ല. അവര്‍ അത് സന്തോഷപൂര്‍വ്വം ഏറ്റുവാങ്ങി ‘മരുമകന്‍ തമ്പ്രാനെ’ സന്തോഷിപ്പിച്ചു. ഈ സഹായത്തിന്റെ എത്രയോ ഇരട്ടി സഹായമാണ് ഡിഎല്‍എഫിന് ഹരിയാന സര്‍ക്കാര്‍ നല്‍കിയത്!

വധേരയുടെ ഒരുലക്ഷം രൂപമാത്രം ആസ്തിയുള്ള സ്ഥാപനത്തിന് പി ചിദംബരത്തിന്റെ ധനകാര്യവകുപ്പ് നിയന്ത്രിക്കുന്ന ഒരു പൊതുമേഖലാബാങ്ക് എട്ടുകോടിയോളം രൂപയാണ് ഓവര്‍ഡ്രാഫ്റ്റ് ഇനത്തില്‍ അനുവദിച്ചത്. എല്ലാവിധ രേഖകളുമായി ഒന്നോ രണ്ടോ ലക്ഷം രൂപയുടെ കാര്‍ഷിക വായ്പക്കോ വിദ്യാഭ്യാസവായ്പക്കോ അപേക്ഷിച്ചാല്‍ അത് എങ്ങനെയൊക്കെ തരാതിരിക്കാമെന്നു നോക്കുന്ന ബാങ്കാണ് ഇവിടെ ഒരുവിധത്തിലും അനുവദിക്കാനാവാത്ത തുക വധേരക്ക് നല്‍കിയത്. ചുമ്മാതല്ല, വധേരക്കെതിരെ ഒരന്വേഷണവുമില്ലെന്ന് ചിദംബരം ചെട്ടിയാര്‍ അദ്യമേ പ്രഖ്യാപിച്ചത്. അന്വേഷിച്ചാല്‍ പന്ത് സ്വന്തം ഗോള്‍മുഖത്തേക്ക് അടിച്ചുകയറുമെന്നറിയാനുള്ള ബുദ്ധി അദ്ദേഹത്തിനുണ്ടല്ലോ.

ധനമന്ത്രിയായി ഇരിക്കണമെങ്കില്‍ വധേരമാര്‍ക്ക് ഇത്തരം വഴിവിട്ട സഹായങ്ങള്‍ ചെയ്‌തേ മതിയാവൂ. തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ നൂറുപേരുടെ പ്രകടനം നടത്തണമെങ്കില്‍ കൂലിക്ക് ആളെവച്ചേ മതിയാവൂ എന്ന വിധത്തില്‍ ‘ജനപിന്തുണ’യുള്ള നേതാവ് മന്ത്രിസഭയിലെ മൂന്നാമനോ നാലാമനോ ആയി വാഴണമെങ്കില്‍ വധേരമാര്‍ക്ക് വെച്ചുവിളമ്പിയേ മതിയാവൂ. അതിനാല്‍ വധേരയെ നമുക്ക് മാതൃകയാക്കാം.  സബ്‌സിഡികള്‍ വെട്ടിക്കുറച്ച് പാവങ്ങളുടെ അടുക്കളകളില്‍ തീപുകയാതാക്കുന്ന ഭരണാധികാരികള്‍, കോടിക്കണക്കിന് രൂപയുടെ സൗജന്യങ്ങള്‍ അനുവദിക്കുന്ന ഇത്തരം വധേരമാരെ വരവേല്‍ക്കാന്‍ നമുക്ക് കാത്തിരിക്കാം.എന്തെന്നാല്‍, ഇപ്പോള്‍ പിന്നിലിരുന്ന് ഭരിക്കുന്ന ഇക്കൂട്ടരാണ് നാടിന്റെ യഥാര്‍ത്ഥ ഭരണാധികാരികളെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. മന്‍മോഹന്‍സിംഗിനും ചിദംബരത്തിനുമൊക്കെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശിഖണ്ഡിയുടെ സ്ഥാനംപോലുമില്ലാത്തതില്‍ നമുക്ക് ഖേദിക്കാം.

ഗാന്ധിജിക്കെതിരെയും കേസ്!

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കെതിരെ കേസെടുക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ തയ്യാറായേക്കും. ചിലപ്പോള്‍, ജവഹര്‍ലാല്‍ നെഹ്‌റു കൂട്ടുപ്രതി ആയെന്നും വരാം.
ഇരുവരും ചില്ലറ കുറ്റമാണോ ചെയ്തത്? ഒട്ടേറെപ്പേരുടെ ജോലി നഷ്ടപ്പെടുന്നതിന് കാരണമായ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കി! സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ അടിച്ചോടിക്കുക എന്ന മാപ്പര്‍ഹിക്കാത്ത അപരാധമാണ് അന്ന് ഈ ഗാന്ധിയും നെഹ്‌റുവുംകൂടി ചെയ്തത്. അതുകൊണ്ടാണ് അന്ന് പറഞ്ഞുവിട്ടവരെ വളഞ്ഞ വഴിയിലൂടെ ഇവിടെ അധികാരക്കസേരയിലിരുത്താന്‍ പിന്നെ ആഗോളവത്കരണം, ഉദാരവത്കരണം എന്നിങ്ങനെയുള്ള ഓരോരോ കഥകള്‍ ചമയ്‌ക്കേണ്ടി വന്നത്.

എത്ര വിദ്യാര്‍ത്ഥികളാണ് ഗാന്ധിപ്രേമം മൂത്ത് സ്വന്തം ഭാവി തുലച്ച് സ്വാതന്ത്ര്യസമരത്തിലേക്ക് എടുത്തുചാടിയത്.  ബാരിസ്റ്റര്‍ എ.കെ.പിള്ള ബിലാത്തി എന്നറിയപ്പെടുന്ന ഇംഗഌണ്ടില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ പോന്നു. കെ.കേളപ്പന്‍ ബോംബെയില്‍നിന്നാണ് പഠിത്തം മതിയാക്കി വണ്ടികയറിയത്. അങ്ങനെ ഒരു തലമുറയെ വെള്ളത്തിലാക്കിയ ഗാന്ധിജിയേയും നേഹ്‌റുവിനേയും വെറുതെ വിടാന്‍ പാടില്ലെന്ന് അഭിപ്രായമുള്ളവരായിരിക്കണം മനുഷ്യാവകാശ കമ്മിഷന്‍ എന്നാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. മുന്‍കാല പ്രാബല്യത്തോടെ കേസെടുക്കാന്‍  കമ്മിഷന് അധികാരമുണ്ടെങ്കില്‍ ഗാന്ധിജിയുടേയും നെഹ്‌റുവിന്റെയും കാര്യം പോക്കുതന്നെ!


ഇതിത്രയും പറയാന്‍ കാരണം ഡീസല്‍ വില വര്‍ദ്ധനക്കെതിരെയും പാചകവാതക സിലിണ്ടര്‍ നിയന്ത്രണത്തിനെതിരെയും എല്‍.ഡി.എഫും ബി.ജെ.പിയും നടത്തിയ ഹര്‍ത്താലിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ പുറപ്പെടുവിച്ച വിധിയാണ്. ഈ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി.കോശി സഞ്ചരിച്ചിരുന്ന ഔദ്യോഗിക കാര്‍ തിരുവനന്തപുരം കഴക്കൂട്ടം ദേശീയപാതാ ബൈപാസില്‍ ബൈക്കില്‍ സഞ്ചരിച്ചിരുന്ന ദമ്പതികളെ ഇടിച്ചിട്ടശേഷം ആശുപത്രിയിലെത്തിക്കാന്‍ കൂട്ടാക്കാത്തതിനെപ്പറ്റി മുമ്പൊരിക്കല്‍ എഴുതിയിരുന്നതാണ്. ആ പാവപ്പെട്ടവരുടെ മനുഷ്യാവകാശത്തിന് പുല്ലുവില കല്‍പ്പിക്കാത്ത ചെയര്‍മാന്റെ നടപടിക്കെതിരേ അന്നുയര്‍ന്ന ജനരോഷം ശമിപ്പിക്കാന്‍ പൊലീസ് വേണ്ടിവന്നു!
മെറിറ്റില്‍മാത്രം പ്രവേശനം ലഭിക്കേണ്ട സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജില്‍ പ്രവേശനം കിട്ടാന്‍ അര്‍ഹതയില്ലാത്ത ഒരു വിദ്യാര്‍ത്ഥിക്ക് സര്‍ക്കാര്‍ ഇടപെട്ട് അഡ്മിഷന്‍ കൊടുത്തതിനെതിരെ കേരളവ്യാപകമായി ജനരോഷം ഇരമ്പി. സ്വാഭാവികമായി വിദ്യാര്‍ത്ഥികളും ഇളകും. അവരുടെ സമരത്തിനുനേരെ തോക്കുമായി പാഞ്ഞുചെന്ന രാധാകൃഷ്ണപിള്ള എന്ന ഡിവൈഎസ്പിയെ ന്യായീകരിക്കുന്ന ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും നമുക്ക് മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍, സര്‍വീസില്‍നിന്ന് വിരമിച്ചപ്പോള്‍ വീണ്ടും ശമ്പളം കിട്ടാന്‍ അവസരമുണ്ടാക്കിയവരോടുള്ള കൂറും വിധേയത്ത്വവുംകൊണ്ട് പൊലീസിനെ ന്യായീകരിക്കുന്ന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യാപമാന കമ്മിഷന്‍ ചെയര്‍മാനാവുകയായിരുന്നു! മെറിറ്റില്‍ പ്രവേശനം കിട്ടാത്ത അര്‍ഹതയുള്ള വിദ്യാര്‍ത്ഥികളെ ഓര്‍ത്ത് എന്റെ ഹൃദയം തേങ്ങുന്നു എന്ന് വിധിയെഴുതി കേരളീയ സമൂഹത്തിന്റെ ആദരവ് നേടിയെടുത്ത ന്യായാധിപന്‍ സേവനമനുഷ്ഠിച്ച അതേ ഹൈക്കോടതിയിലാണ് ഇദ്ദേഹവും പ്രവര്‍ത്തിച്ചത്!

അതിനുശേഷമാണ് ഹര്‍ത്താലില്‍ ലംഘിക്കപ്പെടുന്ന മനുഷ്യാവകാശത്തിനെതിരേ ചെയര്‍മാന്‍ വിധിന്യായത്തില്‍ ആഞ്ഞടിച്ചത്. സമരം കൊണ്ട്  ഡീസല്‍ വില കുറയില്ലെന്നും ഒരു പ്രയോജനവുമില്ലെന്നുമാണ് ചെയര്‍മാന്‍ ഉത്തരവില്‍ വചിച്ചത്. വിലക്കയറ്റം മൂലം പൊറുതിമുട്ടിയ ജനങ്ങള്‍ക്കിടയിലേക്കാണ് കഠിനയാതനയുടെ കടുത്ത ബാദ്ധ്യത അടിച്ചേല്‍പ്പിച്ചത്. യഥാര്‍ത്ഥത്തില്‍ ഹര്‍ത്താല്‍ നടത്താന്‍ പ്രേരണയായ വിലക്കയറ്റത്തിന്റെ ഉത്തരവാദികള്‍ക്കെതിരെയാണ് മനുഷ്യാവകാശ കമ്മിഷന്‍ കേസെടുക്കേണ്ടിയിരുന്നത്. ആയിരക്കണക്കിന് പാവപ്പെട്ടവരുടെ മനുഷ്യാവകാശം മാത്രമല്ല, പട്ടിണിയില്ലാതെ ജീവിക്കാനുള്ള അവകാശംകൂടിയാണ് കേന്ദ്രസര്‍ക്കാരും എണ്ണക്കമ്പനികളുംകൂടി കവര്‍ന്നെടുത്തത്. ഡീസല്‍ വിലവര്‍ദ്ധന ഉണ്ടായ ഉടന്‍ ഉപ്പുതൊട്ട് കര്‍പ്പൂരംവരെയുള്ള സകലതിനും വിലകൂടി. ബസ് യാത്രാ നിരക്കുകള്‍ കൂട്ടുമെന്ന് ഗതാഗതമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. ഓട്ടോ മുതല്‍ ചരക്കുലോറിവരെ എല്ലാത്തിന്റെയും നിരക്കുകള്‍ കൂടുകയാണ്.
ജസ്റ്റിസ് ജെ.ബി.കോശി
പാവപ്പെട്ടവന്റെ നികുതിപ്പണത്തില്‍ ജീവിക്കുന്ന ഇത്തിള്‍കണ്ണി ചെയര്‍മാന്‍മാര്‍ക്ക് അവരുടെ വേദന മനസ്സിലാവില്ല. കാരണം, ഇക്കൂട്ടരുടെ സകലമാന ചെലവും നമ്മള്‍ എന്ന പാവം ‘പൊതുജനകഴുതകള്‍’ വഹിച്ചുവരികയാണല്ലോ. അതുകൊണ്ട് പെട്രോളിനോ മണ്ണെണ്ണക്കോ അരിക്കോ ഒക്കെ വിലകൂടിയാല്‍ ഇക്കൂട്ടര്‍ക്കെന്തു ചേതം? മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍മാര്‍ക്ക് പ്രതിമാസം 200 ലിറ്റര്‍ ഇന്ധനം ആണ് ഔദ്യോഗികയാത്രക്ക് അനുവദിച്ചിരുന്നത്. ഡീസല്‍ വിലവര്‍ദ്ധനയെ ന്യായീകരിക്കുന്ന ഈ ചെയര്‍മാന്‍ അത് കൂടുതല്‍ ഉപയോഗിക്കാന്‍ പ്രത്യേകാനുമതി വാങ്ങിയശേഷമാണ് ഈ ഗീര്‍വാണം. ഔദ്യോഗികം എന്ന പേരില്‍ ഈ കമ്മിഷന്‍ ചെയര്‍മാന്‍ പോകുന്നതിലേറെയും സ്വകാര്യ ആവശ്യങ്ങള്‍ക്കാണ്. അയല്‍ സംസ്ഥാനത്തും വിദൂര ജില്ലകളിലും വീടുവച്ചപ്പോള്‍ അതിന്റെ പണിക്ക് മേല്‍നോട്ടം വഹിക്കാന്‍ പലതവണ പോയത് ഔദ്യോഗികമാക്കിയ മുന്‍ഗാമികള്‍ ഉള്ളതിനാല്‍ ഈ നാട്ടില്‍ ഇതും ഇതിലപ്പുറവും നടക്കും.

ഇത്രയും ഒക്കെ ചെയ്തിട്ടും രാഷ്ട്രീയപാര്‍ട്ടികള്‍ മിണ്ടാതിരിക്കുന്നതിനെപ്പറ്റി ഒരു പ്രമുഖ നേതാവിനോട് ചോദിച്ചു. മനുഷ്യാവകാശ കമ്മിഷന് വെറും ശുപാര്‍ശ ചെയ്യാനുള്ള അധികാരമേയുള്ളൂ. സ്വന്തം  ഉത്തരവിന് അത് എഴുതാന്‍ വാങ്ങിയ കടലാസിന്റെ വിലപോലുമില്ലെന്ന് മനസ്സിലാക്കാനുള്ള വിവേകംപോലുമില്ലാത്തവര്‍ക്ക് മറുപടി പറഞ്ഞാല്‍ ഇവര്‍ അതും വലിയ ക്രെഡിറ്റായി കരുതും. ആസനത്തില്‍ ആല് മുളച്ചാല്‍ അത് തണലാണെന്നുമാത്രമല്ല, അതില്‍ ഊഞ്ഞാലുകെട്ടി ആടിക്കളിക്കുകയും ചെയ്യുന്നവരെപ്പറ്റി പരാമര്‍ശിക്കുന്നതുപോലും നാണക്കേടല്ലേ എന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരം വെള്ളാനക്കമ്മിഷനുകളെക്കുറിച്ച് പഠിക്കാന്‍ ആരാണ് മുന്‍കൈയെടുക്കുക?

മഹാബലി ഫോര്‍മുല വണ്‍ കാറോട്ടത്തിന്!


ഹാബലിയും നരേന്‍ കാര്‍ത്തികേയനുമായി എന്താണ് ബന്ധം എന്ന് ചോദിക്കരുത്. മഹാബലി അവതാരമൊന്നും ആയി ഇതുവരെ വ്യാഖ്യാനിക്കപ്പെട്ടില്ലെങ്കിലും ഐശ്വര്യ,സമ്പല്‍സമൃദ്ധ,സോഷ്യലിസ ഭരണം നടത്തിവന്ന അദ്ദേഹത്തെ ചവിട്ടിത്താഴ്ത്തിയ വാമനന്‍ മഹാവിഷ്ണുവിന്റെ അവതാരമായിരുന്നുവെന്നാണ് ഹിന്ദുക്കള്‍ വിശ്വസിക്കുന്നത്. ദയാലുവും ഉദാരമതിയും നന്‍മ ചെയ്യാന്‍ പ്രതിബദ്ധതയുള്ള ഭരണാധികാരിയുമായിരുന്നല്ലോ മഹാബലി. ജാതിമത ചിന്തകള്‍ക്കതീതനായിരുന്നു എന്നാണല്ലോ മാവേലി എന്ന പേരിലൂടെ അദ്ദേഹം ഓര്‍മിക്കപ്പടാന്‍ കാരണം. മാവേലിയുടെ അര്‍ത്ഥംതന്നെ ‘വേലിക്കെട്ടുകളില്ലാതെ’ എന്നാണല്ലോ. അങ്ങനെയുള്ള ഒരു രാജാവിനെ ദൈവം എന്തിന് ചവിട്ടിത്താഴ്ത്തി എന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ്.

വര്‍ഷത്തില്‍ ഒരു ദിവസമെങ്കിലും മഹാബലിക്ക് പണ്ട് വാണരുളിയ നാട്ടിലേക്ക് പാതാളത്തില്‍നിന്ന് വരാനുള്ള അവകാശം കിട്ടിയല്ലോ. ചവിട്ടിത്താഴ്ത്തുംമുമ്പുള്ള കരാറില്‍ അത് ഉള്‍പ്പെടുത്തിയത് നന്നായി. അതുകൊണ്ട് കേരളത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് സീസണ് തുടക്കമിടാന്‍ മഹാബലിക്ക് സാധിച്ചു. അങ്ങനെ കേരളത്തിലേക്കുളള മഹാബലിയുടെ വരവിനിടയിലാണ് നരേന്‍ കാര്‍ത്തികേയന്‍ പ്രത്യക്ഷപ്പെടുന്നത്.
ഫോര്‍മുല വണ്‍ കാറോട്ടമത്സരത്തിലെ കേമനാണല്ലോ ഈ ചങ്ങാതി. അദ്ദേഹത്തെ കാര്‍ സഹിതം ഇറക്കി കുറേ ‘പുത്തന്‍’ ഉണ്ടാക്കണമെന്ന് ചിലര്‍ക്ക് താല്പര്യം. ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം എന്നുപറയില്ലേ ? അതുതന്നെ സംഗതി. അല്ലെങ്കില്‍ മാവേലിയുടെ വരവിനിടെ ഫോര്‍മുല വണ്‍ കാറോട്ടവുമായി എഴുന്നളളാന്‍ ഒരു കൂട്ടം കച്ചവടക്കാര്‍ക്ക് വഴിയൊരുങ്ങിയത് എങ്ങനെയാണ്? മൊത്തത്തില്‍ എല്ലാം വില്‍ക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു ഭരണമാണിതെന്ന പ്രതീതിയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്. മാവേലി ഫോര്‍മുല വണ്‍ കാറിലാണ് കേരളത്തില്‍ വരുന്നതെന്ന് പ്രചരിപ്പിക്കാനും ഇക്കൂട്ടര്‍ മടിക്കില്ല!



നിയമങ്ങളൊക്കെ എത്ര പെട്ടെന്നാണ് മാറിമറിയുന്നത്! റേഷന്‍ കാര്‍ഡില്‍ പാവപ്പെട്ട ഒരാളുടെ പേര് വിട്ടുപോയത് ചേര്‍ക്കാന്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ കേറിയിറങ്ങി നടക്കുന്നവരുടെ ചെരിപ്പുകള്‍ തേയുന്നതല്ലാതെ കാര്യം നടക്കില്ല. എന്നാല്‍, തിരുവനന്തപുരം നഗര വീഥിയില്‍ 40 കിലോമീറ്ററിലേറെ വേഗതയില്‍ വാഹനം ഓടിക്കാന്‍ പാടില്ലെന്നാണ് നിയമം. ഇത് നടപ്പാക്കാനായി നിരത്തിലെങ്ങും ക്യാമറകളും വച്ചിട്ടുണ്ട്. പുലര്‍ച്ചെ ഒരുമണിക്കും രണ്ടുമണിക്കുമൊക്കെ 60 കിലോമീറ്റര്‍ വേഗതയില്‍പോയവര്‍ക്കൊക്കെ പിഴ ഈടാക്കാന്‍ നോട്ടീസ് അയക്കാന്‍ എന്തൊരുത്സാഹമായിരുന്നെന്നോ!
ജീവന്‍മരണ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ജനകീയ പോരാട്ടങ്ങള്‍ നടക്കുമ്പോള്‍ വഴിയാത്ര തടസ്സപ്പെടുത്തി എന്നാരോപിച്ച് പൊലീസ് എടുത്ത കേസിലെ പ്രതികള്‍ ചില്ലറക്കാരല്ല. ഇപ്പോഴത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുതല്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍വരെ അതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഫോര്‍മുല വണ്‍ കാറിനുവേണ്ടി ആ നിയമമൊക്കെ കാറ്റില്‍ പറക്കാനാണൊരുങ്ങിയത്.
ഇവിടെ മറ്റൊരു കാര്യം കൂടി ഓര്‍ക്കേണ്ടതുണ്ട്. തൃശൂര്‍ പാലിയേക്കര ടോള്‍ബൂത്തിലെ സര്‍വീസ് റോഡ് നാട്ടുകാര്‍ക്കുവേണ്ടി ഉള്‍പ്പെടുത്തിയിരുന്നതാണ്.മണ്ണൂത്തി മുതല്‍ ഇടപ്പള്ളി വരെയുള്ള സര്‍വീസ് റോഡുകള്‍ സജ്ജമാക്കുക ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ കരാറിലുണ്ട്. പക്ഷേ, അത് നടപ്പാക്കാത്ത ടോള്‍ കമ്പനിക്കുവേണ്ടി പൊതുമരാമത്ത് മന്ത്രിയും സെക്രട്ടറിയും അഡ്വക്കേറ്റ് ജനറലും ഒത്തുകളിച്ചിരിക്കുകയാണ്. നികുതി കൊടുക്കുന്നതിലൂടെ തങ്ങളെ തീറ്റിപ്പോറ്റുന്ന ജനങ്ങളെ ഒറ്റുകൊടുക്കുന്നതില്‍ ഒരു കുറ്റബോധവും തോന്നാത്ത ഉദ്യോഗസ്ഥപ്പരിഷകളെ കേരളം പലപ്പോഴും കണ്ടിട്ടുണ്ട്. ജനങ്ങള്‍ എന്നാല്‍ വോട്ടുചെയ്യാന്‍മാത്രമുള്ള കഴുതകള്‍ എന്നുവിചാരിക്കുന്ന പൊതുപ്രവര്‍ത്തകരും ഒരുപാടുണ്ട്. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍തന്നെ അവരെ പാഠം പഠിപ്പിച്ച ജനങ്ങളുടെ തിരിച്ചറിവില്‍ അന്തംവിട്ടുപോയ ജനനേതാക്കളുടെ കഥകള്‍ക്ക് അധികം പഴക്കമില്ല. അത് ഇപ്പോഴത്തെ മന്ത്രിമാരും ഇടയ്ക്കിടെ ഓര്‍ക്കുന്നത് നന്നായിരിക്കും.

ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം എങ്ങനെയും തടയാന്‍ ബദ്ധപ്പെടുന്ന ഒരു സര്‍ക്കാരിനെയാണ് ഈ തീരുമാനങ്ങളിലൂടെ നമുക്ക് കാണാന്‍ കഴിയുന്നത്. പാവപ്പെട്ടവരും ഇടത്തരക്കാരും ഓണം ഘോഷിക്കാന്‍ ഇറങ്ങുന്നത് ഉത്രാടനാളിലാണ്. കാരണം അവര്‍ക്ക് അന്നേ കൂലിയും ബോണസും ( അതൊക്കെ ഉണ്ടെങ്കില്‍) കിട്ടുകയുള്ളൂ. അന്ന് അവര്‍ വരുമ്പോള്‍ റോഡടച്ച് നരേന്‍ കാര്‍ത്തികേയന്റെ കാറോട്ടം നടത്തണമെന്നു പറയണമെങ്കില്‍ അധികാരം അത്രമാത്രം തലയ്ക്കുപിടിച്ചവര്‍ക്കുമാത്രമേ കഴിയൂ. ഈ കാറോട്ടം ഓണക്കാലത്ത് ജനങ്ങളെ ബുദ്ധിമുട്ടിച്ച് അവരുടെ വഴിമുടക്കിത്തന്നെ വേണമെന്ന വാശി ആരുടേതാണ്? വികലാംഗ പെന്‍ഷനും അഗതി പെന്‍ഷനും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള സാമ്പത്തികസഹായവും കുടിശ്ശികയിട്ട സര്‍ക്കാരാണ് നരേന്‍ കാര്‍ത്തികേയന്റെ ഫോര്‍മുല വണ്‍ കാറോട്ടത്തിന് ലക്ഷങ്ങള്‍ സഹായമായി അനുവദിക്കുന്നത്.

സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയ നടത്തിയ പാവപ്പെട്ട  ജീവനക്കാരന് ആ തുക നല്‍കാത്തതിനാല്‍ ജീവിതം വഴിമുട്ടി നില്‍ക്കുമ്പോഴാണ് 70 ലക്ഷം രൂപ കാറോട്ടത്തിന് പൊടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.സര്‍ക്കാരിന്റെ മുന്‍ഗണന എങ്ങോട്ടാണെന്നതിന്റെ വ്യക്തമായ സൂചനകളാണിവ. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ  പരാജയപ്പെട്ട പരിഷ്‌കാരമായ ‘ജിമ്മി’ന്റെ പുനരാവിഷ്‌കാരമായ ‘എമര്‍ജിംഗ് കേരള’യിലൂടെ വീണ്ടും കേരളത്തെ വില്‍ക്കാന്‍ വച്ചിരിക്കുകയാണ്. അതെ, കേരളത്തെ മാത്രമല്ല പാവപ്പെട്ടവരും സാധാരണക്കാരുമായ കേരളീയരെയും പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി പുത്തന്‍ രാജാക്കന്‍മാരും അവരുടെ ‘മൃഗയാ’ വിനോദമായ കാറോട്ടങ്ങളുടെയും കളിത്തട്ടാക്കി ഈ നാടിനെ മാറ്റാനാവുമോ എന്നതിന്റെ പരീക്ഷണങ്ങളാണ് നടന്നുവരുന്നത്.

ഐ ജി സന്ധ്യയും ‘അമ്മ’യും

ക്രൈംബ്രാഞ്ച് പൊലീസില്‍ ഐ ജിയായ ബി സന്ധ്യയെ സത്‌നാംസിംഗിന്റെ കൊലപാതകം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയപ്പോള്‍തന്നെ അവര്‍ ഒഴിയണമായിരുന്നു. സാധാരണ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇല്ലാത്ത സ്വാതന്ത്ര്യം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കുണ്ട്. അതാണ് ചില ജില്ലാ കളക്ടര്‍മാരും എസ് പിമാരുമൊക്കെ നിയമിക്കപ്പെട്ടാലും ചുമതല ഏറ്റെടുക്കാത്തത്.ജഡ്ജിമാരുടെ അത്രയും സ്വാതന്ത്ര്യമില്ലെങ്കിലും അതിലുമേറെ ഇവര്‍ പ്രയോഗിക്കാന്‍ മടിക്കാറില്ലെന്ന് കേരളത്തിലെ പൊലീസിന്റെ ചരിത്രം നമ്മോട് വിളിച്ചു പറയുന്നുമുണ്ട്.
മാതാ അമൃതാനന്ദമയി എന്ന ‘അമ്മ’ പല കാരണങ്ങളാല്‍ ആദരിക്കപ്പെടുന്നുണ്ട്. സവര്‍ണ ഹിന്ദുക്കള്‍ കുത്തകയാക്കിയിരുന്ന സന്ന്യാസപദവി ഒരു അവര്‍ണ കരസ്ഥമാക്കി എന്നതുകൊണ്ടുമാത്രമല്ല അത്. പുരുഷന്‍മാരല്ലാതെയുള്ളവര്‍ അപൂര്‍വമായിമാത്രം വ്യാപരിക്കപ്പെട്ടിരുന്ന  ഒരു മേഖലയില്‍ കിരീടവും ചെങ്കോലും സ്വായത്തമാക്കി എന്നതും നിസ്സാരമല്ല.
മാതാ അമൃതാനന്ദമയി ദൈവമാണോ ആള്‍ദൈവമാണോ എന്നത് ഈ കുറിപ്പിന്റെ വിഷയമല്ല.ദൈവംപോലും ആപേക്ഷികമാകുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ വിശ്വാസികള്‍ കൈകാര്യം ചെയ്യുന്നതാണ് ഉചിതം. അമ്മയാണ് അമൃതാനന്ദമയി എന്ന് വിശ്വസിക്കാന്‍ താല്പര്യമുള്ളവര്‍ അങ്ങനെ ചെയ്യട്ടെ. അല്ല അവരെ ആരാധിക്കണമെന്ന് ആഗ്രഹമുള്ളവര്‍ പൂവും ചന്ദനവും കര്‍പ്പൂരവുമെടുക്കട്ടെ. എതിരഭിപ്രായമുള്ളവരുണ്ടെങ്കില്‍ അതിനുള്ള സ്വാതന്ത്ര്യവും ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട്.
സത്‌നാംസിംഗ് എന്ന ബീഹാറിയായ ഇരുപത്തിമൂന്നുകാരന്‍ കേരളത്തിന്റെ തലസ്ഥാനത്ത് കൊല്ലപ്പെട്ടത് കേരളീയ സമൂഹത്തിന് അപമാനകരമായ വിധത്തിലാണ്. അദ്ദേഹത്തിന്റെ കൊലയിലേക്ക് നയിച്ചത് മാതാ അമൃതാനന്ദമയീ മഠത്തിലാണ് എന്നത് അത്ഭുതപ്പെടുത്തുന്നതാണ്.സ്‌നേഹത്തിന്റെയും സഹനത്തിന്റെയും പാഠങ്ങളാണ് മാതാ അമൃതാനന്ദമയിയില്‍നിന്ന് അമൃതഗീതങ്ങളായി കേള്‍ക്കുന്നത്. അങ്ങനെയൊരു അമ്മയുടെ കണ്‍മുന്നിലിട്ട് ഒരു മകന്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു എന്നത് അത്യന്തം ദുഖ:കരമാണ്.
അമൃതാനന്ദമയീ മഠത്തിലെത്തുംമുമ്പ് സത്‌നാംസിംഗ് വര്‍ക്കല നാരായണ ഗുരുകുലത്തിലായിരുന്നു. അവിടത്തെ മഠാധിപതി ഗുരു മുനി നാരായണപ്രസാദ്, സത്‌നാംസിംഗിനെപ്പറ്റി ഈ ലേഖകനോട് പറഞ്ഞത് ഇങ്ങനെയായിരുന്നു:’മിടുക്കനായിരുന്നു സത്‌നാംസിംഗ്. മൂന്നാഴ്ച ഇവിടെ ആശ്രമത്തിലുണ്ടായിരുന്നു. ആദ്ധ്യാത്മിക – തത്ത്വചിന്താവിഷയങ്ങളില്‍ അതീവ തല്പരന്‍. അയാളുടെ താല്പര്യംകണ്ട് ടാജ് ഹോട്ടലില്‍ നടന്ന വിശ്വ തത്ത്വചിന്താസമ്മേളനത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്തു. മൂന്നാഴ്ചകൊണ്ട് അയാള്‍ ഗുരുകുലത്തിന്റെ അരുമയായി.’

 
ഒരു കാര്യം കൂടി ഗുരു കൂട്ടിച്ചേര്‍ത്തു: ‘സത്‌നാംസിംഗ് പോവുന്നതിന്റെ തലേന്ന് എന്നോട് പറഞ്ഞത് മുമ്പ് അയാളുടെ ശരീരത്തില്‍കൂടി ചേര ഇഴയുമായിരുന്നെന്നാണ്. തലേന്നും അങ്ങനെ ഇഴഞ്ഞതായി അയാള്‍ പറഞ്ഞു.മയക്കുമരുന്ന് ഉപയോഗിക്കുമോ എന്ന് ചോദിച്ചപ്പോള്‍ കോളേജില്‍ പഠിച്ചിരുന്നപ്പോള്‍ ഉപയോഗിക്കുമായിരുന്നുവെന്ന് അയാള്‍ പറഞ്ഞു. അതിനുശേഷം ഞാന്‍ അയാളെ കണ്ടിട്ടില്ല. വായനയിലെ അയാളുടെ താല്പര്യം കണ്ട് ലൈബ്രറിയോട് ചേര്‍ന്നുള്ള മുറിയാണ് നല്‍കിയത്. അന്നുരാത്രി ഏതോ ചെകുത്താന്‍ ഗുരുകുലം ആക്രമിക്കാന്‍ വരുന്നുവെന്ന് വിളിച്ചുകൂവി ബഹളംവച്ച് പോവുകയായിരുന്നു.’
ചിലപ്പോള്‍ സത്‌നാംസിംഗ് അസ്വസ്ഥനാവാറുണ്ടായിരുന്നുവെന്ന് ചുരുക്കം. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, ചില ‘വട്ടു’കള്‍ അയാള്‍ക്കുണ്ടായിരുന്നുവെന്ന് സാരം. ജീനിയസുകളില്‍ അത്തരം ചില ‘സവിശേഷതകള്‍’ ഉള്ളതായാണല്ലോ കേള്‍വി. അതിനെ തുടര്‍ന്നാവാം, അല്ലെങ്കില്‍ അസുഖത്തെ തുടര്‍ന്നാവാം മാതാ അമൃതാനന്ദമയീ മഠത്തില്‍ സത്‌നാംസിംഗ് എന്തോ ഉച്ചത്തില്‍ വിളിച്ചുകൂവി. അത് അയാളെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. അതിനുമുമ്പ് അമൃതാനന്ദമയീ മഠത്തില്‍വച്ച് അദ്ദേഹത്തിന് ഭീകരമായി മര്‍ദ്ദനമേറ്റു എന്നും അത് പതിഞ്ഞതിനെ തുടര്‍ന്ന് അവിടത്തെ ക്‌ളോസ്ഡ് സര്‍ക്യൂട്ട് ടി വി സംവിധാനം ധൃതിപ്പെട്ട് എഡിറ്റുചെയ്ത് ആ ദൃശ്യങ്ങള്‍ മാറ്റി എന്നും പ്രചരിക്കുന്നുണ്ട്. അതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ടതിന്റെ ചുമതല അന്വേഷണത്തിന് നിയോഗിക്കപ്പെട്ട ഐജി ബി സന്ധ്യയ്ക്കാണ്.
എന്നാല്‍, ഇപ്പോള്‍ സന്ധ്യ സംശയത്തിന്റെ നിഴലിലാണ്. സന്ധ്യയുടെ ഏകമകള്‍ അമൃതാനന്ദമയീ മഠത്തിന്റെ നിയന്ത്രണത്തിലുള്ള കൊച്ചി ഇടപ്പള്ളിയിലെ മെഡിക്കല്‍ കോളേജിലെ എം ബി ബി എസ് വിദ്യാര്‍ത്ഥിനിയാണ്. കേരള പൊലീസിലെ സത്യസന്ധരെന്ന് വിശ്വസിക്കപ്പെടുന്ന രണ്ട് അഡീഷണല്‍ ഡി ജി പിമാരുടെ മക്കളും അവിടെ പഠിക്കുന്നുണ്ട്. അതില്‍ താഴോട്ടുള്ളവരുടെ കാര്യം പറയാതിരിക്കുകയാണ് ഭേദം! എന്റെ ഒരു സുഹൃത്തിന്റെ മകളും അവിടെ എം ബി ബി എസ് വിദ്യാര്‍ത്ഥിനിയാണ്. 30 ലക്ഷം രൂപ ‘സംഭാവന’ യും വര്‍ഷംതോറും മൂന്ന് ലക്ഷം രൂപ ഫീസും നല്‍കണമെന്നാണ് ആദ്യം ആവശ്യപ്പെട്ടത്. സുഹൃത്തിന് വേണ്ടപ്പെട്ട കേന്ദ്രമന്ത്രി താല്പര്യപൂര്‍വ്വം ഇടപെട്ടതിനാല്‍ സംഭാവനയില്‍ അഞ്ചുലക്ഷം കുറച്ചു. ഈ ‘സംഭാവന’ കൊടുത്താണോ മക്കളെ അവിടെ പ്രവേശിപ്പിച്ചതെന്ന് ഐ ജി സന്ധ്യയും എ ഡി ജി പിമാരും മറ്റ് ഉന്നത പൊലീസ് അധികൃതരും വ്യക്തമാക്കണം. മകളുടെ വിദ്യാഭ്യാസത്തിന്റെ ‘ബാദ്ധ്യത’യുടെ പേരില്‍ ഐജി ബി സന്ധ്യയുടെ അന്വേഷണം നേര്‍വഴിക്കാവില്ലെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്.
ഒരു ധ്യാനകേന്ദ്രത്തിലെ കഥ കൂടി ഇവിടെ പറയുന്നത് അപ്രസക്തമാവില്ലെന്നു തോന്നുന്നു. പോട്ടയിലെ ധ്യാനകേന്ദ്രത്തില്‍ ദുരൂഹമരണങ്ങള്‍ കൂടുന്നു എന്ന പരാതിയില്‍ ഇപ്പോഴത്തെ എ ഡി ജി പി വിന്‍സെന്‍ എം പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. അന്നത്തെ ചീഫ് സെക്രട്ടറി ലിസി ജേക്കബ്, ഐ ജി സിബി മാത്യൂസ് എന്നിവരൊക്കെ പോട്ട ആശ്രമ സമിതിയിലുണ്ടായിട്ടും വിന്‍സെന്‍ എം പോളിന് സത്യസന്ധമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു തടസ്സവുമുണ്ടായില്ല. മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ കഴിയാതിരുന്ന ആ വാര്‍ത്ത  റിപ്പോര്‍ട്ടുചെയ്യാന്‍ കഴിഞ്ഞ ഒരു മാദ്ധ്യമപ്രവര്‍ത്തകനാണ് ഞാന്‍. എന്നാല്‍, സുപ്രീംകോടതിയിലെ ‘സത്യസന്ധനായ’ ചീഫ് ജസ്റ്റിസായിരുന്ന കെ ജി ബാലകൃഷ്ണന്റെ ഇടപെടല്‍ അന്വേഷണം അട്ടിമറിക്കുന്നതിനിടയാക്കി!
സത്‌നാംസിംഗിന് തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിലെ കക്കൂസില്‍ ഇഴഞ്ഞുചെന്ന് തറയിലെ വെള്ളം നക്കിക്കുടിച്ച് മരിച്ചു വീഴാനുള്ള യോഗം ഉണ്ടാക്കിയതിനുപിന്നില്‍ സ്‌നേഹത്തിന്റെ വഴിയമ്പലമെന്നോ പര്യായമെന്നോ വിശ്വസിക്കപ്പെടുന്ന ഒരു ആശ്രമമായിരുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. ബഹളമുണ്ടാക്കിയ സത്‌നാംസിംഗിനെ പിടികൂടിയപ്പോള്‍ മാതാ അമൃതാനന്ദമയിയില്‍നിന്ന് ഇതല്ല പ്രതീക്ഷിച്ചതെന്ന് ഖേദപൂര്‍വ്വം പറഞ്ഞോട്ടെ. ‘ആ മോനെ വെറുതേ വിട്ടേക്കൂ. അവനൊന്നും അറിഞ്ഞുകൂട.അവനോട് ക്ഷമിക്കൂ എന്ന് ഉരിയാടാന്‍ ആ കാരുണ്യകേദാരത്തിന് കഴിഞ്ഞില്ല ‘ എന്ന പ്രശസ്ത എഴുത്തുകാരന്‍ സക്കറിയയുടെ അഭിപ്രായം ഒട്ടേറെ മലയാളികളുടേതെന്നപോലെ എന്റെയും ഹൃദയവികാരമാണ്

നിയമം വളഞ്ഞ് പോവുമ്പോള്‍ …

കെ.ബി.ഗണേഷ് കുമാറിന്റെ മന്ത്രിപദം തെറിപ്പിച്ച ഭാര്യ യാമിനി തങ്കച്ചിയുടെ പരാതി അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ച് പൊലീസ് ആണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നു. ഭാര്യക്കെതിരെ ഗണേഷ് നല്‍കിയ പരാതിയും ഇതേ സംഘംതന്നെയായിരിക്കും അന്വേഷിക്കുക. ഇതിന് അഡീഷണല്‍ ഡി.ജി.പി വിന്‍സെന്‍ എം.പോള്‍ മേല്‍നോട്ടം വഹിക്കും.
ക്രൈംബ്രാഞ്ച് പൊലീസിന്റെ അഡീഷണല്‍ ഡി.ജി.പി വിന്‍സെന്‍ എം.പോള്‍  ആരുടെ വഴിവിട്ട സ്വാധീനത്തിനും വഴങ്ങാത്ത സത്യസന്ധനായ പൊലീസ് ഓഫീസറാണെന്ന പേര് തകര്‍ക്കാന്‍ മുത്തൂറ്റ് പോള്‍ കൊലക്കേസിലെ ‘എസ്-കത്തി’ പ്രയോഗത്തിനുപോലും കഴിഞ്ഞിരുന്നില്ല. സ്വന്തം മതത്തിന്റെ പേരിലുള്ള സ്ഥാപനം ആയിട്ടുപോലും പോട്ടയിലെ ആശ്രമത്തിലെ ദുരൂഹമരണങ്ങള്‍ അന്വേഷിച്ച് വസ്തുതകള്‍ പുറത്തുകൊണ്ടുവന്നത് ഉയര്‍ന്നുവന്ന ഭീഷണികളെ തൃണവല്‍ഗണിച്ചുകൊണ്ടായിരുന്നുവെന്നത് നേരത്തേതന്നെ മതിപ്പോടെ ഇതേ പംക്തിയില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, താഴെതട്ടിലെ ഓഫീസറായിരുന്നപ്പോഴുള്ള നിര്‍ഭയത്വം അഡീഷണല്‍ ഡി.ജി.പി ആകുമ്പോള്‍ കാണാനാവുന്നില്ല എന്നതിന്റെ ഉദാഹരണമാണ് ഐസ്‌ക്രീം കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട്.
അതിന്റെയും മേല്‍നോട്ടച്ചുമതല വിന്‍സെന്‍ എം.പോളിനായിരുന്നു.

Banner1
കോഴിക്കോട് ഐസ്‌ക്രീംപാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ പ്രതി ആകാനിടയുണ്ടെന്ന ബോദ്ധ്യത്തോടെ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും ഒരുകാലത്ത് സന്തതസഹചാരിയും വിശ്വസ്തനുമായിരുന്ന റൗഫ് വെളിപ്പെടുത്തിയതും ഹാജരാക്കിയതുമായ നിര്‍ണായകരേഖകളാണല്ലോ തുടരന്വേഷണത്തിന് നിമിത്തമായത്. ആ രേഖകളെല്ലാം ശരിയാണെന്ന് അന്വേഷിച്ചവര്‍ക്ക് കണ്ടെത്തേണ്ടിവന്നു. മുന്‍ അഡ്വക്കേറ്റ് ജനറല്‍ എം.കെ.ദാമോദരന്റെ ഉടമസ്ഥതയിലുള്ള മലബാര്‍ അക്വാഫാമിന്റെ കടംതീര്‍ക്കാന്‍ ലക്ഷക്കണക്കിന് രൂപ ഒടുക്കിയത് തെളിഞ്ഞു. കേസിലെ ഇരകള്‍ക്കും അവരുടെ വരുമാനത്തിന്റെ നൂറോ അതിലും എത്രയോ ഇരട്ടിവരുന്ന തുകയുടെ സഹായം കിട്ടിയതായി വ്യക്തമായി. പക്ഷെ, ഇങ്ങനെയാണെങ്കിലും അതെന്തിനാണെന്ന് കണ്ടെത്താനായില്ല എന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയപ്പോള്‍ വിന്‍സെന്‍ എം പോള്‍ അതുവരെ ഉണ്ടാക്കിവച്ച പേരാണ് നഷ്ടപ്പെടുത്തുന്നതെന്ന് ഓര്‍ത്തില്ലേ, ആവോ?ഐസ്‌ക്രീം കേസിലെ വിധി ജസ്റ്റിസ് തങ്കപ്പന് ഒരു അഡ്വക്കേറ്റ് എഴുതി നല്‍കുകയായിരുന്നു എന്ന ആരോപണത്തിന് മറുപടിയായി ആ അഡ്വക്കേറ്റിന്റെ കൈയക്ഷരം പരിശോധിക്കാനായില്ല എന്നാണ് ക്രൈംബ്രാഞ്ച് പൊലീസിന്റെ വിശദീകരണം.
പഴയകാല തമാശസിനിമകളില്‍ കുതിരവട്ടം പപ്പു വേഷമിട്ട പൊലീസിന്റെ അവസ്ഥയിലേക്ക് കേരള പൊലീസിനെ മലയാളികള്‍ പരിഗണിക്കുന്നതിന് ഇത്തരം റിപ്പോര്‍ട്ടുകളും കാരണമാകുമെന്നെങ്കിലും ഇത്തരം റിപ്പോര്‍ട്ട് തയ്യാറാക്കുംമുമ്പ് അധികൃതര്‍ ഓര്‍ക്കേണ്ടിയിരുന്നില്ലേ?ഇതുസംബന്ധിച്ച തെളിവുകളടങ്ങിയ ‘ഇന്ത്യാവിഷന്‍’ ഒളിക്യാമറാ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാന്‍ പഞ്ചാബിലെ ലബോറട്ടറിയില്‍ അയച്ചിരിക്കുകയാണെന്നും അതുകിട്ടിയിട്ടില്ലെന്നും വ്യക്തമാക്കിയ ക്രൈംബ്രാഞ്ച് ഇനി ഇതേക്കുറിച്ച് അന്വേഷണമേ വേണ്ട എന്ന നിലപാടാണ് കോടതിയില്‍ സ്വീകരിച്ചത്.

Banner2







ഈ കേസില്‍ മാത്രമല്ല, ഉന്നതര്‍ പ്രതികളാവുന്ന മിക്കകേസുകളിലും പൊലീസിന് മുട്ടിടിക്കും. വിജിലന്‍സ് കേസില്‍പോലും ഇത് കാണാനാവും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ ടൈറ്റാനിയം അഴിമതിക്കേസില്‍ വിജിലന്‍സ് തയ്യാറാക്കിയ റിപ്പോര്‍ട്ട് നോക്കുക. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരില്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ.രാമചന്ദ്രന്‍ മാസ്റ്റര്‍ ഉന്നയിച്ച ആരോപണമാണ് വിജിലന്‍സ് അന്വേഷണത്തിന് നിമിത്തമായത്. ആ കേസില്‍ 256 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി അന്വേഷണ സംഘം കണ്ടെത്തി. അതെങ്ങനെയാണെന്ന് വിജിലന്‍സിന് കണ്ടെത്താനാവുന്നില്ല!
മന്ത്രിമാരും മുഖ്യമന്ത്രിയും പ്രതികളാവുന്ന കേസിലുള്‍പ്പെടെ മുഖ്യമന്ത്രി സ്ഥിരം പ്രയോഗിക്കുന്നത് ഇങ്ങനെയാണ് -’ നിയമം നിയമത്തിന്റെ വഴിക്ക് പോവും.’ പക്ഷേ, നിയമം പോവുന്നത് മന്ത്രിമാരോ മുഖ്യമന്ത്രിയോ താല്പര്യപ്പെടുന്ന വഴിയേ മാത്രമാണെന്നാണ് കേരളീയര്‍ കണ്ടുകൊണ്ടിരിക്കുന്നത്.
ഇനി കെ.ബി.ഗണേഷ് കുമാര്‍ – ഡോ.യാമിനി തങ്കച്ചി വിഷയത്തിലേക്ക് വരാം. ഇവിടെ ഇരുവര്‍ക്കും മര്‍ദ്ദനമേറ്റു എന്നാണല്ലോ പരാതി. അതിന് തെളിവായി ഇരുകൂട്ടരും പരിക്കേറ്റതിന്റെ  ദൃശ്യങ്ങള്‍ പരാതിയോടൈാപ്പം സമര്‍പ്പിച്ചിട്ടുണ്ട്. യാമിനി തങ്കച്ചിക്ക് ഏറ്റ മര്‍ദ്ദനം – അതില്‍ തര്‍ക്കമില്ല. കാരണം, അവരെ തല്ലിയില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞിട്ടില്ല. തന്നെ മര്‍ദ്ദിച്ചത് ഭാര്യ യാമിനിയാണെന്നേ ഭര്‍ത്താവ് പറയുന്നുള്ളൂ. ഗണേശിന്റെ മുഖത്തെ പോറലുകളൊക്കെ യാമിനിയുടെ വകയായിരിക്കും എന്നതില്‍ തര്‍ക്കിക്കേണ്ട കാര്യമില്ല. എന്നാല്‍, കുടുംബകോടതിയിലും പിന്നീട് പൊലീസ് സ്റ്റേഷനിലും സമര്‍പ്പിച്ച ചിത്രങ്ങളില്‍ കാണുന്നതുപോലുള്ള മര്‍ദ്ദനം ഒരു സ്ത്രീക്ക് ഏല്‍പ്പിക്കാന്‍ സാദ്ധ്യമല്ലെന്ന് ഒരു ഡിവൈ.എസ്.പിയാണ് പറഞ്ഞത്. പേരുവെളിപ്പെടുത്തരുതെന്ന അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന നിരാകരിക്കാനാവില്ല. തിരുവനന്തപുരത്തുനിന്ന് കാസര്‍കോടേക്കൊക്കെയുള്ള സ്ഥലംമാറ്റം ഒട്ടും സുഖമുള്ള കാര്യമല്ലല്ലോ.
അപ്പോള്‍ ആരായിരിക്കും ഗണേഷിനെ ഔദ്യോഗികവസതിയില്‍ കയറി മര്‍ദ്ദിച്ചത്?
തന്റെ ഭാര്യയെ കാറില്‍ മന്ത്രിമന്ദിരത്തില്‍ രണ്ടുമണിക്കൂര്‍ കൊണ്ടുവന്നശേഷം മൂന്നുകിലോമീറ്റര്‍ അകലെയുള്ള ഫ്ളാറ്റിന്റെ പിന്നില്‍ ഒളിച്ചുകൊണ്ടുവിട്ടതെന്തിന് എന്നുചോദിച്ച് കയറിവന്ന ഒരാളെപ്പറ്റി യാമിനി പരാതിയില്‍ പറയുന്നുണ്ട്. അയാളുടെ കാലുപിടിച്ച് മന്ത്രി മാപ്പിരന്നത് നേരില്‍കണ്ട താന്‍ തകര്‍ന്നുപോയി. അന്ന് ഗണേഷിന്റെ ഫോണില്‍വന്ന സന്ദേശങ്ങ(എസ്.എം.എസ്)ളെപ്പറ്റിയും യാമിനിയുടെ പരാതിയിലുണ്ട്. ആ സന്ദേശങ്ങള്‍കൂടി വായിച്ചുകഴിഞ്ഞാല്‍, പരാതിയില്‍ പറയുന്നത് ശരിയാണെങ്കില്‍, കൈ വയ്യാത്ത ഭര്‍ത്താവ് കൈയില്‍ തുണിചുറ്റി അടിച്ചുപോവും!
ഇപ്പോഴത്തെ നിലയില്‍ അന്വേഷണം മുന്നോട്ടുപോയാല്‍ ക്രൈബ്രാഞ്ച് അന്വേഷണ ഫലം പ്രവചിക്കാന്‍ എളുപ്പമാണ് – ഗണേഷ് കുമാറിനും ഡോ.യാമിനിക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. പക്ഷെ, ആരാണ് മര്‍ദ്ദിച്ചത് എന്ന് കണ്ടെത്താനാവുന്നില്ല!

Banner3
മന്ത്രിഭര്‍ത്താവില്‍നിന്ന് ഔദ്യോഗികവസതിയില്‍വച്ച് മര്‍ദ്ദനമേറ്റ പാടുകളോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച് പരാതി നല്‍കാനെത്തിയ ഡോ.യാമിനി തങ്കച്ചിയില്‍നിന്ന് പരാതി വാങ്ങിയില്ലെന്നു മാത്രമല്ല, ഒത്തുതീര്‍പ്പുചര്‍ച്ചയുടെ പേരില്‍ വേറെ പരാതി നല്‍കുന്നത് തടയുകയും ചെയ്തു. എന്നിട്ട് മന്ത്രിക്ക് ആദ്യം കുടുംബകോടതിയെ സമീപിക്കാന്‍ അവസരമൊരുക്കുകയായിരുന്നു ഈ ‘നീതിനിഷ്ഠന്‍’. ഒത്തുതീര്‍പ്പ് പൊളിഞ്ഞെന്ന് ബോദ്ധ്യമായതോടെ വീണ്ടും യാമിനി പരാതി നല്‍കിയപ്പോള്‍ അത് സ്വീകരിക്കാന്‍ നിര്‍ബന്ധിതനായ മുഖ്യമന്ത്രി ആഭ്യന്തരമന്ത്രിയേയും ഡി.ജി.പിയേയും വിളിച്ചുവരുത്തി ചര്‍ച്ച ചെയ്തു. ഇതിനനുസരിച്ചാവണം മ്യൂസിയം പൊലീസ് ഗാര്‍ഹികപീഡനത്തിന് കേസെടുക്കാത്തത്.ഡോ.യാമിനിയുടെ പരാതിപ്രകാരമാണെങ്കില്‍ ഗാര്‍ഹികപീഡനത്തിനെതിരെയല്ലേ കേസ് എടുക്കേണ്ടത്?
അതെ, ഇവിടെ നിയമം നിയമത്തിന്റെ വഴിയല്ല പോവുന്നത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ താല്‍പര്യമനുസരിച്ച് റബര്‍പോലെ വളയുന്ന വഴിയാണ് ഇപ്പോള്‍ നിയമത്തിനുള്ളത് .