Wednesday, February 19, 2014

വി.എസ്സും വി.എമ്മും


പൊതുസമൂഹത്തിലെ അംഗീകാരം സി.പി.എമ്മില്‍ തെറ്റും കുറ്റവുമാവുമ്പോള്‍ കോണ്‍ഗ്രസില്‍ അത് സ്ഥാനലബ്ധിക്കിടയാക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് പുതിയ കെ.പി.സി.സി പ്രസിഡന്റിന്റെ നിയമനം. പാര്‍ട്ടിക്ക് കാലിടറുമ്പോള്‍ അത് ചൂണ്ടിക്കാട്ടുന്ന വി.എസ് അച്യുതാനന്ദന്‍ സി.പി.എമ്മിന്റെ അപ്രഖ്യാപിത ശത്രുവാണിപ്പോള്‍. എന്നാല്‍, പാര്‍ട്ടി തീരുമാനങ്ങളെയും നയങ്ങളെയും പരസ്യമായി ചോദ്യം ചെയ്ത വി.എം.സുധീരനെ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി അംഗീകരിച്ചനുമോദിച്ചിരിക്കുന്നു.

ഡി.ഐ.സിയുമായുള്ള കൂട്ടുകെട്ട്, മുസ്ലിംലീഗുമായുള്ള അടവുനയം, പി.ഡി.പി ബന്ധം എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ സി.പി.എമ്മിന്റെ നിലപാടിനെതിരെ പരസ്യമായി അഭിപ്രായം പ്രകടിപ്പിക്കുകയും അതിനായി ഉറച്ചുനില്‍ക്കാന്‍ തയ്യാറാവുകയും ചെയ്ത നേതാവാണ് വി.എസ്. അതിന്റെ പേരില്‍ സംസ്ഥാനത്തെ സി.പി. എമ്മിന്റെ ഒരു വിഭാഗം നേതാക്കള്‍ സംസ്ഥാനക്കമ്മിറ്റിയിലും പുറത്തും നേരിട്ടും അല്ലാതെയും എത്ര നിശിതമായാണ് വി.എസ്സിനെ അപഹസിച്ചത്. ഒടുവില്‍ ഈ വിഷയങ്ങളിലെല്ലാം പാര്‍ട്ടി കേന്ദ്രനേതൃത്വം വി.എസ്സിന്റെ നിലപാടാണ് ശരിവച്ചത്. ജില്ലാകമ്മിറ്റി ഓഫീസില്‍ പരസ്ത്രീ (സഖാവ്!)ഗമനം നടത്തിയത് ഉള്‍പ്പെടെയുള്ള 'പീഡന' തെളിവുകള്‍ കിട്ടിയത് സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിമാര്‍ക്കെതിരെയാണ്. 'ഞരമ്പു'രോഗികളായ അത്തരക്കാരെയും 'വേണ്ടപ്പെട്ടവരായതിനാല്‍' സംരക്ഷിക്കുമെന്ന നിലപാടെടുത്ത സംസ്ഥാനനേതൃത്വത്തിനെതിരെ കേന്ദ്രനേതൃത്വത്തെ വി.എസ് സമീപിച്ചപ്പോള്‍മാത്രമാണ് അതിനെതിരെ നടപടി എടുക്കാന്‍ സംസ്ഥാന നേതൃത്വം നിര്‍ബന്ധിതമായതെന്ന വസ്തുത പാര്‍ട്ടിക്കാര്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ കണ്ടറിഞ്ഞതാണ്. അത്തരം തെറ്റായ നിലപാടുകളുടെ പേരില്‍ ഒരു കമ്മിറ്റിക്കെതിരെയും ഒരു ശാസനയും ഉണ്ടായില്ല. എന്നാല്‍, കേന്ദ്രനേതൃത്വം ശരിയാണെന്ന് പിന്നീട് കണ്ടെത്തിയ ഇത്തരം നിലപാടുകളുടെ പേരില്‍ വി.എസ് സ്വന്തം പാര്‍ട്ടിക്കാരാല്‍ നിരന്തരം ആക്രമിക്കപ്പെട്ടു! അതിപ്പോഴും തുടരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ വി.എസ്സിനെ ഒന്നു പ്രസംഗിപ്പിക്കാന്‍ കാത്തുകെട്ടി കിടന്നവര്‍ പാലം കടന്നപ്പോള്‍ 'വര്‍ഗസ്വഭാവം' ആവര്‍ത്തിക്കുന്നത് മലയാളികള്‍ തിരിച്ചറിയുന്നുണ്ട്. അക്കാലത്ത് എല്ലാ ഫ്‌ളക്സുകളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വമേധയാ വി.എസിന്റെ ചിത്രങ്ങള്‍ നാടൊട്ടുക്ക് ആവേശത്തോടെ നിറച്ചപ്പോള്‍ പാര്‍ട്ടി സെക്രട്ടറി അതിനെതിരെ പരസ്യമായി പ്രതികരിച്ചു. കേരള രക്ഷാ മാര്‍ച്ചില്‍ (സാധാണ മാര്‍ച്ചുചെയ്യുന്നത് കാല്‍നടയായിട്ടാണെങ്കിലും സി.പി.എമ്മിന് അത് ഇന്നോവയിലാണ്!) സ്വന്തം ചിത്രങ്ങളുള്ള ഫ്‌ളക്സായപ്പോള്‍ അദ്ദേഹത്തിന് അത് സ്വീകാര്യമായി! എന്നാല്‍, തന്റെ പേരും ചിത്രവും ഉള്‍പ്പെടുന്ന അനുമോദനഫഌക്‌സുകള്‍ സ്ഥാപിക്കരുതെന്ന് നിര്‍ദ്ദേശിച്ച സുധീരന്‍ അവിടെയും വ്യത്യസ്തനായി.

കോണ്‍ഗ്രസിലെ വി.എസ്.അച്യുതാനന്ദനാണ് വി.എം.സുധീരനെന്ന് വിശ്വസിക്കുന്ന ഒട്ടേറെപ്പേരുണ്ട്. സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാരിന്റെ പല തീരുമാനങ്ങള്‍ക്കും എതിരെ സുധീരന്‍ നിശിതമായി പ്രതികരിച്ചു. ചില വിഷയങ്ങളില്‍ അതിതീവ്രമായി സമരരംഗത്തിറങ്ങിയവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഒരു കാലത്ത് എ.കെ. ആന്റണിയുടെ പ്രിയങ്കരനായി 'എ' ഗ്രൂപ്പിന്റെ പ്രമുഖരിലൊരാളായി നിലകൊണ്ട സുധീരന്‍ വളരെപ്പെട്ടെന്ന് ആ ഗ്രൂപ്പുമായി അകന്നു. ആന്റണിയുടെ വിശ്വസ്തനായതിന്റെ പേരില്‍ സ്വന്തം മന്ത്രിസഭയില്‍ സുധീരനെ എടുക്കാനാവില്ലെന്ന് വാശിപിടിച്ച അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്‍ പക്ഷെ, ഉമ്മന്‍ചാണ്ടിക്ക് ധനകാര്യം കൊടുക്കാന്‍ ഒരു മടിയും കാട്ടിയില്ല എന്നത് ചരിത്രം. കോണ്‍ഗ്രസില്‍ അഴിമതിയില്ലാത്തവര്‍ക്ക് സ്ഥാനമുണ്ടോ എന്ന് പരിഹസിക്കുന്നവര്‍ക്ക് ചൂണ്ടിക്കാട്ടാന്‍ ഒറ്റക്കൈവിരലിലൊതുങ്ങുന്നവരേയുള്ളൂ. അവരില്‍ ആന്റണിയെ മാറ്റിനിര്‍ത്തിയാല്‍ സുധീരന് തന്നെയാണ് അടുത്ത സ്ഥാനം. ആറന്‍മുള വിമാനത്താവളത്തിനുപിന്നില്‍ കോണ്‍ഗ്രസിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ(അതോ ഒന്നാമത്തേതോ!) അധികാരകേന്ദ്രമായ പ്രിയങ്കവധേരയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയാണെന്ന ധാരണ ശക്തമായപ്പോഴും അതിനെതിരായ നിലപാട് 'രാഷ്ട്രീയഭാവി' നോക്കാതെ പ്രകടിപ്പിക്കാന്‍ സുധീരന്‍ മടിച്ചില്ല.
അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ എ,ഐ വ്യത്യാസങ്ങളൊന്നുമില്ല. കെ.എസ്.യു കിടാങ്ങള്‍പോലും അതിലാണ് പരിശീലിക്കുന്നത്. ഈ വിഷയത്തില്‍ മുമ്പ് ആളുകള്‍ പ്രതീക്ഷയോടെ കണ്ടിരുന്നത് സി.പി.എമ്മിനെയായിരുന്നു. എന്തൊക്കെ കുറ്റം പറഞ്ഞാലും അഴിമതി വച്ചുപൊറുപ്പിക്കാത്ത പാര്‍ട്ടിയായിരുന്നു അത്. കാലം മാറിയപ്പോള്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും ഒരേതൂവല്‍ പക്ഷികളായി. 

കഴിഞ്ഞ എല്‍.ഡി.എഫ് മന്ത്രിസഭയിലെ സി.പി.എം മന്ത്രിമാരില്‍ എളമരം കരീമിന് പ്രൈവറ്റ് സെക്രട്ടറി ഉണ്ടായിരുന്നില്ല.അത് ഒരു സി.പി.എം സംസ്ഥാന സമിതി അംഗം ഈയിടെ സംസാരത്തിനിടയില്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ശ്രദ്ധിച്ചത്. എന്തുകൊണ്ടാണ് ആ മന്ത്രിക്ക് പ്രൈവറ്റ് സെക്രട്ടറി ഇല്ലാതിരുന്നതെന്ന് ആ സഖാവ് വ്യക്തമാക്കിയപ്പോള്‍ അമ്പരന്നുപോയി. സി.പി.എം മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരെല്ലാം പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി ഫ്രാക്ഷനില്‍ അംഗമാണ്. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി നേരിട്ടാണ് ആ ഫ്രാക്ഷന്റെ ചുമതല വഹിക്കുന്നത്. പാര്‍ട്ടി അംഗങ്ങളെയേ പ്രൈവറ്റ് സെക്രട്ടറിമാരായി മന്ത്രിമാര്‍ക്ക് അനുവദിക്കാറുള്ളൂ. ആറുമാസത്തിലൊരിക്കല്‍ ഈ ഫ്രാക്ഷന്‍ യോഗം ചേര്‍ന്ന് മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഭാവിപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും വേണമെന്നതാണ് കീഴ്‌വഴക്കം. കഴിഞ്ഞ തവണ ആകെ നാലുതവണയേ ഈ ഫ്രാക്ഷന്‍ യോഗം നടന്നുള്ളൂ. പാര്‍ട്ടി സെക്രട്ടറിക്കു പുറമേ ഏതാനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും ഈ ഫ്രാക്ഷന്‍ യോഗങ്ങളില്‍ പങ്കെടുത്തിരുന്നു. മന്ത്രി കരീമിന്റെ ഓഫീസിന്റെ ചുമതല സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിക്കായിരുന്നു. അദ്ദേഹം പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ ആ മന്ത്രിയുടെ ഓഫീസിന്റെ കാര്യങ്ങളൊന്നും ഒരിക്കലും ഈ ഫ്രാക്ഷനില്‍ ചര്‍ച്ചക്കു വന്നില്ല. അതാണ് പ്രൈവറ്റ് സെക്രട്ടറി ഇല്ലാതിരുന്നതിന്റെ രഹസ്യമെന്ന് ആ സഖാവ് വിശദമാക്കിയപ്പോഴാണ് മനസ്സിലായത്. സി.പി. എമ്മിന്റെ ഇത്തരം സംഘടനാ രഹസ്യങ്ങള്‍ സാധാരണക്കാര്‍ക്ക് അജ്ഞാതമാണല്ലോ. എന്തായാലും വി.എസ് മന്ത്രിസഭ ഭരിച്ചിരുന്നപ്പോഴും ഇപ്പോഴും ആറന്‍മുളയും ചക്കിട്ടുപാറയും ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ അഴിമതി ആരോപണം കരീമിനെതിരെ തന്നെയാണ്. അതില്‍ പലതും ആരോപണം മാത്രമല്ലെന്നും എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ടെന്നുമാണ് മനസ്സിലാക്കാനാവുന്നത്.



സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ കേരളത്തിലെ യു.ഡി.എഫ് മന്ത്രിസഭ ആടിയുലഞ്ഞപ്പോള്‍ കൊണ്ടുവന്ന സമരംപോലും ഒത്തുതീര്‍പ്പെന്ന് ആരോപിക്കപ്പെടുന്ന അവസ്ഥയാണ് പിന്നീട് കാണാനായത്. സുധീരന്‍ കെ.പി.സി.സി പ്രസിഡന്റാവാതിരിക്കാന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും എങ്ങനെ ഒത്തുകളിച്ചോ അതുപോലൊരു അശ്‌ളീലഐക്യമാണ് യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലിപ്പോഴുള്ളതെന്ന് വിശ്വസിക്കുന്ന സംഭവപരമ്പരകളാണ് പിന്നീട് അരങ്ങേറിയത്.

ടി.പി ചന്ദ്രശേഖരന്‍ മുമ്പ് സി.പി.എം നേതാവായിരുന്നു. പാര്‍ട്ടിയില്‍നിന്ന് പുറത്തുവന്ന അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആര്‍.എം.പി രൂപീകരിക്കപ്പെട്ടത് സി.പി.എം ശക്തികേന്ദ്രമായ ഒഞ്ചിയം ഉള്‍പ്പെടെയുള്ളിടങ്ങളില്‍ പാര്‍ട്ടിയുടെ അടിക്കല്ലിളക്കി. ഒരുകാലത്തും സി.പി.എം തോല്‍ക്കില്ലെന്നു കരുതിയ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ സഹോദരികൂടിയായ സതീദേവി പരാജയപ്പെട്ടു.പിന്നീട് ചന്ദ്രശേഖരന്‍ ക്രൂരമായി വധിക്കപ്പെട്ടു. ഏറ്റത് 51 വെട്ട്. അതല്ല, 12 വെട്ടെന്ന് ആ കൊലപാതകത്തെ നിസ്സാരവത്കരിച്ച് ഇ.പി.ജയരാജന്‍ പറയുന്നു.. ഒരു മനുഷ്യനെ 12 വെട്ടുവെട്ടി കൊല്ലുന്നതിനെയും മൃഗീയത എന്നല്ലാതെ എന്താണ് വിളിക്കേണ്ടതെന്ന് മനുഷ്യസ്‌നേഹികളായ ഈ നേതാക്കള്‍ പറഞ്ഞുതന്നാല്‍ നന്നായിരിക്കും. സി.പി.എമ്മിന്റെ ഇപ്പോഴത്തെ നേതാക്കള്‍ പറയുന്നതു കേട്ടാല്‍ ചന്ദ്രശേഖരന്‍ 12 വെട്ടുവെട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് വിശ്വസിക്കേണ്ടിവരും!

ചന്ദ്രശേഖരന്‍ വധത്തില്‍ സി.പി.എമ്മിന് പങ്കില്ല എന്നാണ് കേന്ദ്ര - സംസ്ഥാന നേതാക്കള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. അത് അരിയാഹാരം കഴിക്കുന്നവര്‍ വിശ്വസിക്കില്ലെന്ന് വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടികമ്മിറ്റിയില്‍ പറഞ്ഞതിനൊപ്പമാണ് ബഹുഭൂരിപക്ഷം കേരളീയരും. കോടതിയും അതിനൊപ്പം നില്‍ക്കുന്നു. അങ്ങനെയാണെങ്കില്‍ ചന്ദ്രശേഖരന്‍ വധത്തിന് പിന്നില്‍ ഗൂഡാലോചനയോ മറ്റെന്തെങ്കിലുമോ ഉണ്ടോ എന്ന് കണ്ടുപിടിക്കേണ്ടേ? എന്തുകൊണ്ടോ, ഇതില്‍ സി.ഐ.എയുടെ പങ്ക് ഇതുവരെയും ആരോപിക്കപ്പെട്ടില്ല! അതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ച് കണ്ടുപിടിക്കുന്നതിന് സി.ബി.ഐയോ അതല്ല വേറാരെങ്കിലുേമാ വരുന്നത് ആര്‍ക്കാണ് ഗുണകരമാവുന്നത്? ഈ കേസില്‍ ഒരു പങ്കുമില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കല്ലേ. യഥാര്‍ത്ഥ കുറ്റവാളികള്‍ പിടിയിലാവുമ്പോള്‍ കൊലപാതകവുമായി 'ഒരു ബന്ധവുമില്ലാത്ത' സി.പി.എമ്മിന് സന്തോഷിക്കാം. അതിനാല്‍ ഏതുതരം അന്വേഷണത്തെയും സ്വാഗതം ചെയ്യുകയല്ലേ സി.പി.എം ചെയ്യേണ്ടത്. അതിനുപകരം ജയിലില്‍ കിടക്കുന്ന വാടകക്കൊലയാളിയുടെ മനുഷ്യാവകാശം സംരക്ഷിക്കാന്‍ പോളിറ്റ്ബ്യൂറോ അംഗങ്ങളെ ഇറക്കി സമരം ചെയ്യിക്കുന്ന സി.പി.എം നേതാക്കള്‍ ടി.പി.ചന്ദ്രശേഖരന് ജീവിക്കാനുണ്ടായിരുന്ന അവകാശത്തെപ്പറ്റി മിണ്ടുന്നേ ഇല്ല! സാധാരണക്കാരുടെ മനസ്സിലുള്ള ഈ വികാരം വി.എസ് പങ്കുവയ്ക്കുമ്പോള്‍ പാര്‍ട്ടി വിരുദ്ധനാവുന്നതെങ്ങനെയെന്ന് മനസ്സിലാവാത്തത് പ്രത്യയശാസ്ത്ര ബോധമില്ലാത്തതിനാലാണെന്ന് കരുതാം!

ഇനി സി.പി.എം- ആര്‍.എസ്.എസ്, സി.പി.എം - എന്‍.ഡി.എഫ് കൊലപാതകങ്ങള്‍ ഉണ്ടാവില്ല എന്നതിലുള്ള ആശ്വാസം ചെറുതല്ല. ഈ പാര്‍ട്ടികള്‍ തമ്മിലുള്ള വ്യത്യാസം പറയത്തക്കവിധത്തിലൊന്നുമില്ലെന്ന് സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിരിക്കുന്നു. ഇന്നലത്തെ ആര്‍.എസ്.എസ്സുകാരനും എന്‍.ഡി.എഫുകാരനും ഇന്നത്തെ സി.പി.എമ്മുകാരനാണ്. സഖാവ് സെയ്താലി അനുസ്മരണം നിലച്ചിട്ടിപ്പോള്‍ കുറച്ചുകാലമായി. കാരണം ആ കൊലക്കേസിലെ പ്രതിയായ ആര്‍.എസ്.എസ്സുകാരന്‍ ഇപ്പോള്‍ പേരുമാറ്റി സി.പി.എം എം.എല്‍.എയാണ്. സഖാവ് സുധീഷിന്റെ ഉള്‍പ്പെടെയുള്ള കൊലപാതകികള്‍ എപ്പോള്‍ വേണമെങ്കിലും ഇനി പേരും ഊരുമൊന്നും മാറ്റാതെതന്നെ സി.പി.എമ്മിന്റെ എം.പിയോ എം.എല്‍.എയോ ആവാം. രക്തസാക്ഷിക്ക് ഒരുപിടിപൂക്കള്‍ മതിയാവുമെന്ന് കവിതയില്‍ പറഞ്ഞത് സഖാവ് കുഞ്ഞപ്പ പട്ടാനൂരാണ്. സുധീഷും സെയ്താലിയും ഉള്‍പ്പെടെ പാര്‍ട്ടി പതാകയെ ജീവരക്തംകൊണ്ട് ചുവപ്പിച്ച രക്തസാക്ഷികള്‍ക്ക് ഇനി പൂക്കളും കിട്ടാനിടയില്ല. ആര്‍.എസ്.എസ്സുമായി കോടതിക്കേസില്‍ ഒത്തുതീര്‍പ്പുണ്ടാക്കി എന്ന് ആരോപണമുയര്‍ന്ന പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ അഖിലേന്ത്യാ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് ഇടപെട്ടുമാറ്റിയത് ഈ നാട്ടിലാണെന്ന ചരിത്രം നമ്മെ നോക്കി പല്ലിളിക്കാതിരിക്കട്ടെ.

കാവിയും ചുവപ്പും തമ്മിലുള്ള അതിരുകള്‍ നേര്‍പ്പിക്കുന്നതിനെതിരെ അഭിപ്രായം പറഞ്ഞ പാര്‍ട്ടി സ്ഥാപകനേതാവിനെ ചീഞ്ഞ കാരണവര്‍ എന്നുവിളിച്ച നേതാവിനും പിന്‍മുറക്കാര്‍ക്കുമുള്ളതാണ് സി.പി.എം എന്ന് ആ പാര്‍ട്ടി പരസ്യമായി വിളിച്ചുപറയുന്നു. ജനാധിപത്യത്തിന്റെ പേരിലുള്ള കുടുംബാധിപത്യ പാര്‍ട്ടിയാണെങ്കിലും അടുത്ത കിരീടപതി എന്നുകരുതുന്നവരുടെ വഴിവിട്ട ആര്‍ത്തിക്കെതിരേ പരസ്യമായ നിലപാടെടുത്ത ആളെ പാര്‍്ട്ടിയുടെ സിംഹാസനമേല്‍പ്പിച്ച് ചെറുന്യൂനപക്ഷത്തിന്റെ എതിരഭിപ്രായങ്ങള്‍ ആദരിക്കപ്പെടേണ്ടതാണെന്നാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. ഇതിങ്കലെങ്ങാണ്ടൊരിടത്തിരുന്ന് ആംആദ്മിയായ മര്‍ത്യന്‍ ഇതെല്ലാം നോക്കിക്കാണുന്നു!