Saturday, August 3, 2013

ഉടുതുണിപോയ സര്‍ക്കാരും ഉടുപ്പുകീറിയ എം എല്‍ എയും


മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ 'വികസനവും കരുതലും' എന്ന മുദ്രാവാക്യത്തിന്റെ രക്തസാക്ഷിയാണ് പത്തനംതിട്ട എം.എല്‍.എ കെ.ശിവദാസന്‍ നായര്‍. സാധാരണ കോണ്‍ഗ്രസുകാരില്‍നിന്ന് വ്യത്യസ്തനാണ് അദ്ദേഹം. കോണ്‍ഗ്രസുകാര്‍ക്ക് തീരെ പരിചിതമല്ലാത്ത പുസ്തകവായനയില്‍ തല്പരനാണ് ശിവദാസന്‍ നായര്‍. പത്രങ്ങളില്‍ അച്ചടിച്ചുവരുന്ന സ്വന്തം പ്രസ്താവനയും ഫോട്ടോയുമല്ലാതെ മറ്റൊന്നും നോക്കാത്ത കോണ്‍ഗ്രസുകാരുടെ ഇക്കാലത്ത് വായന ശീലമാക്കുന്നത് തീര്‍ച്ചയായും അടി കിട്ടേണ്ട കാര്യം തന്നെയാണ്!

കേരളത്തില്‍ എത്ര വിമാനത്താവളങ്ങളാവാം? ഈ കൊച്ചു സംസ്ഥാനത്തിന് താങ്ങാവുന്ന വിമാനത്താവളങ്ങള്‍ ഇപ്പോള്‍തന്നെയുണ്ട്. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ മൂന്നു മേഖലയില്‍നിന്നും അധികം യാത്ര ചെയ്യാതെതന്നെ വിമാനങ്ങളില്‍ സഞ്ചരിക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്.അതിനിടയിലാണ് കണ്ണൂരും ആറന്‍മുളയും വിമാനത്താവളങ്ങളുണ്ടാക്കാന്‍ കഴിഞ്ഞ സര്‍ക്കാരുകള്‍ ഇറങ്ങിപ്പുറപ്പെട്ടത്. ഈ സര്‍ക്കാര്‍ അത് കുറേക്കൂടി വിപുലമാക്കി. എല്ലാ ജില്ലകളിലും വിമാനത്താവളമുണ്ടാക്കലാണ് ലക്ഷ്യമെന്നുവരെ പ്രഖ്യാപനമുണ്ടായി. ഇടുക്കിയിലും വയനാട്ടിലും വിമാനത്താവളത്തിനുള്ള പ്രാഥമിക നടപടിക്രമങ്ങള്‍ ആരംഭിച്ചു.

അത് അനിവാര്യമായിരുന്നു. വയനാട്ടില്‍ പോഷകാഹാരമില്ലാതെ ആദിവാസികള്‍ മരിക്കുമ്പോള്‍ വിമാനത്താവളം അത്യാവശ്യമായി മാറുകയാണ്. ചാരായം കുടിക്കുന്നതാണ് ആദിവാസികള്‍ മരിക്കാന്‍ കാരണമെന്നാണ് സാംസ്‌കാരികമന്ത്രിയദ്ദേഹം കണ്ടെത്തിയത്. മുഖ്യമന്ത്രി 'സോളാര്‍' എനര്‍ജിയുടെ അഭാവമാണ് അട്ടപ്പാടിയിലെ പട്ടിണിമരണത്തിന് കാരണമെന്ന് വിലയിരുത്തുമെന്ന് കരുതി. മുമ്പു പലപ്പോഴുമെന്നപോലെ ഇത്തവണയും അദ്ദേഹം പ്രതീക്ഷകളെ അട്ടിമറിച്ചു. ആഹാരമുണ്ടായിട്ടും കഴിക്കാതെ ആത്മഹത്യ ചെയ്യുന്നവരാണ് ആദിവാസികള്‍ എന്നാണ് മുഖ്യമന്ത്രി കൂലങ്കഷമായി ആലോചിച്ചശേഷം എത്തിയ നിഗമനം. ഇപ്പോള്‍ ആലോചിക്കാന്‍ ഇഷ്ടംപോലെ സമയമുണ്ട്. പൊലീസുകാരല്ലാതെ മറ്റാരും തിരിഞ്ഞുനോക്കാനില്ലാത്ത സ്ഥിതിയാണല്ലോ അദ്ദേഹത്തിന്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി രണ്ടു ഡസന്‍ വാഹനങ്ങളുടെ വ്യൂഹവുമായി പാഞ്ഞുപോവുന്നതുകണ്ടു. കോഴിക്കോട്ടേക്കുള്ള വണ്ടി പിടിക്കാന്‍. അതെന്തിനാണെന്നോ, മന്ത്രിസഭയെ കാക്കാന്‍ രമേശ് ചെന്നിത്തലക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കണേ എന്ന് താണുവീണ്‌കേണപേക്ഷിക്കാന്‍. മാളിക മുകളിലേറിയ മന്നന്റെ മുകളില്‍ മാറാപ്പു കേറാന്‍ അധികസമയമൊന്നും വേണ്ടെന്ന് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്കും മനസ്സിലായിക്കാണും. വയനാട്ടില്‍ ആദിവാസികള്‍ മരിക്കുമ്പോള്‍ ക്യാമറക്കുമുന്നില്‍ കണ്ണീരൊഴുക്കണമെങ്കില്‍ ചുരം കയറി എത്താന്‍ മണിക്കൂറുകള്‍ വേണമായിരുന്നു. വിമാനത്താവളമുണ്ടായാല്‍ കുതിരവട്ടം പപ്പു 'തേന്‍മാവിന്‍ കൊമ്പത്തി'ല്‍ 'ടാസ്‌കി വിളി'യെന്നു പറയുന്നതുപോലെ നമ്മുടെ സ്വന്തം 'എയര്‍ കേരള' ഉണ്ടാക്കി 'പ്‌ളെയിന്‍ വിളി' എന്നു പറഞ്ഞ് വയനാട്ടില്‍പോയി ആദിവാസികളുടെ മൃതദേഹത്തില്‍ ആദരാഞ്ജലിക്കരച്ചില്‍ നടത്തി മടങ്ങാന്‍ എന്തെളുപ്പമാണ്!

ഇടുക്കിയിലും വയനാട്ടിലും വിമാനത്താവളമുണ്ടായാല്‍ എങ്ങനെ ലാഭകരമായി കൊണ്ടുപോകാമെന്നൊന്നും ആലോചിക്കേണ്ട കാര്യമില്ല. സര്‍ക്കാരിനെന്ത് ലാഭം? ഈ വിമാനത്താവളമെന്നു പറയുന്നത് സര്‍ക്കാരിലെ ചിലര്‍ക്ക് 'ചില്ലറ' തടയുന്ന കാര്യമാണെന്നതില്‍ സംശയമില്ല. അതുകൊണ്ടാണ് 'തോട്ടിന്‍കരയില്‍ വിമാനത്താവളമുണ്ടാക്കാ'മെന്ന നിലയില്‍ വിവിധ സര്‍ക്കാരുകള്‍ മുന്നോട്ടുപോവുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് എന്തിനും ഏതിനും 'വികസന'മാണ്. അത്തരം 'വികസനം' കിട്ടിയില്ലെങ്കില്‍ കൊച്ചി മെട്രോ പോലും അട്ടിമറിക്കാന്‍ സര്‍ക്കാരിന് മടിയുണ്ടാവില്ലെന്ന് മലയാളികള്‍ കണ്ടുകഴിഞ്ഞു. ഗാന്ധിജി എന്നത്് ഗാന്ധിത്തലയുള്ള വലിയകറന്‍സി നോട്ടിന്റെ പര്യായമായപോലെ വികസനത്തെ അത്തരം ഗാന്ധിത്തലകളുടെ സമാഹാരമാക്കി മാറ്റി എന്നതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ പ്രധാനം!'കരുതല്‍' ഇപ്പോഴും ലഭിക്കുന്നവരില്‍ പ്രധാനികള്‍ ജിക്കുമോന്‍, സലിംരാജ്, ശാലുമേനോന്‍ തുടങ്ങി സോളാര്‍ ഫെയിം കക്ഷികളാണെന്ന് ഇപ്പോള്‍ കൊച്ചുകുട്ടികള്‍ക്കുപോലും പറഞ്ഞുകൊടുക്കേണ്ടതില്ല.

അങ്ങനെ വരുമ്പോള്‍ മാദ്ധ്യമങ്ങള്‍ സ്വാഭാവികമായും മുഖ്യമന്ത്രിക്ക് ചതുര്‍ത്ഥി ആയേ മതിയാവൂ. കേരളത്തില്‍ ഉമ്മന്‍ചാണ്ടിയെപ്പോലെ മാദ്ധ്യമപരിലാളന ലഭിച്ച മറ്റൊരു നേതാവ് ഇല്ല. ആ നേതാവാണ് ഇപ്പോള്‍ താന്‍ കെട്ടിപ്പൊക്കിക്കൊണ്ടുവരുന്ന നുണകളുടെ ചീട്ടുകൊട്ടാരങ്ങള്‍ തകര്‍ന്നു വീഴുമ്പോള്‍ മാദ്ധ്യമങ്ങള്‍ക്കെതിരേ സര്‍ക്കാര്‍ ചെലവില്‍ കേസിന് പോവുമെന്ന് പ്രഖ്യാപിക്കുന്നത്. മുത്തൂറ്റ് പോള്‍ വധക്കേസില്‍ 'എസ് കത്തി' സംബന്ധിച്ച പൊലീസിന്റെ കണ്ടെത്തല്‍ ആള്‍മാറാട്ടത്തിലൂടെ ചോദ്യം ചെയ്തപ്പോള്‍ ഇതേ ഉമ്മന്‍ചാണ്ടി അതിനെ ന്യായീകരിച്ച് മുന്നിലെത്തിയത് അത്രയെളുപ്പം മറക്കാനാവുമോ? അതേ 'ഏഷ്യാനെറ്റ്' മറ്റൊരു കള്ളക്കഥ പൊളിക്കാന്‍ അതേ നാടകം ആവര്‍ത്തിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ നെഞ്ചത്താണ് കൊണ്ടത്. അത്തരം കാര്യങ്ങളില്‍പോലും സര്‍ക്കാരിനെയും പ്രത്യേകിച്ചും ഉമ്മന്‍ചാണ്ടിയേയും നിരന്തരം ന്യായീകരിച്ചു വരുന്ന ആളാണ് ശിവദാസന്‍ നായര്‍.
ഇതിനര്‍ത്ഥം ശിവദാസന്‍ നായര്‍ക്ക് തല്ലുകൊണ്ടത് ന്യായീകരിക്കപ്പെടേണ്ടതാണ് എന്നല്ല. ഒരു ജനപ്രതിനിധി എന്ന നിലയില്‍ ശിവദാസന്‍ നായര്‍ക്ക് സ്വന്തം നിയമസഭാ മണ്ഡല പരിധിയിലെ ആരാധനാലയത്തില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അവകാശമുണ്ട്. അതിന് അദ്ദേഹത്തെ ക്ഷണിച്ചില്ല, വലിഞ്ഞുകേറി വന്നതാണ് എന്നതരത്തിലുള്ള ആരോപണം ദയനീയമാണ്. ഹൈന്ദവ സമുദായാംഗവും അറിയപ്പെടുന്ന ഈശ്വരവിശ്വാസിയുമായ ഒരാളിന് ക്ഷേത്രത്തില്‍ എത്താന്‍ ക്ഷണം എന്തിനാണ്? വിമാനത്താവളക്കാര്യവും വിശ്വാസവും തമ്മില്‍ കൂട്ടിക്കുഴക്കാനുള്ള നീക്കം എവിടെനിന്നുണ്ടാവുന്നതും അപലപനീയമാണ്. മതത്തെയും ദൈവത്തെയും അതാതിന്റെ വഴിക്ക് വിടുക. രാഷ്ട്രീയത്തിന്റെ വഴികളില്‍ ഇവ പരസ്പരം കൂട്ടിക്കെട്ടാതിരിക്കുന്നതാണ് അഭികാമ്യമെന്ന് ഭിന്ദ്രന്‍വാല മുതലുള്ള അനുഭവത്തിലൂടെ ചരിത്രം തെളിയിച്ചുതന്നത് മുന്നിലുണ്ട്.


ഒരു ജനപ്രതിനിധിക്ക് ഇല്ലെങ്കില്‍ രാഷ്ട്രീയ കക്ഷി നേതാവിന് അയാള്‍ക്ക് വികസന കാര്യത്തില്‍ ഇഷ്ടപ്പെട്ട നിലപാടെടുക്കാന്‍ അവകാശമുണ്ട്. അയാളുടെ പാര്‍ട്ടി അംഗീകരിക്കുന്നിടത്തോളംകാലം അതിന് നിയമപ്രാബല്യവുമുണ്ട്. ആറന്‍മുളയില്‍ വിമാനത്താവളം വേണമെന്നാണ് ശിവദാസന്‍ നായര്‍ക്ക് താല്പര്യമെങ്കില്‍ അതിനായി പ്രവര്‍ത്തിക്കാനും പ്രസംഗിക്കാനും അയാള്‍ക്ക് സ്വാതന്ത്ര്യം കൂടിയേ തീരൂ. അത് വേണ്ടെന്ന് വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യംപോലെ പ്രധാനമാണത്. അതിന് അടിയും കുപ്പായം കീറലുമല്ല പരിഹാരം. ശിവദാസന്‍ നായരുടെ കുപ്പായം കീറിയതോടെ ആറന്‍മുള വിമാനത്താവള പ്രശ്‌നം പരിഹരിക്കപ്പെട്ടോ?
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശനാണ്യം നേടിത്തരുന്ന ജില്ലയാണ് പത്തനംതിട്ട. അതുകൊണ്ടുതന്നെ ആ ജില്ലയിലെ ആറന്‍മുളയില്‍ ഒരു വിമാനത്താവളം വേണമെന്ന ആവശ്യത്തോടൊപ്പം നിന്ന മുന്‍ എം.എല്‍.എ കെ.സി.രാജഗോപാലന്റെയും ശിവദാസന്‍ നായരുടേയും നിലപാടുകള്‍ തെറ്റാണെന്ന് പറയാനാവില്ല.പക്ഷെ, പത്തനംതിട്ടക്കാര്‍ക്ക് മൂന്നുമണിക്കൂറിനുള്ളില്‍ തിരുവനന്തപുരത്തുനിന്നും നെടുമ്പാശ്ശേരിയില്‍നിന്നും ആറന്‍മുളയിലെത്താമെന്ന യാഥാര്‍ത്ഥ്യമുണ്ട്. കേരളത്തിന്റെ പരിസ്ഥിതിയെ തകിടം മറിച്ച് അവശേഷിക്കുന്ന വയലുകളെക്കൂടി മണ്ണിട്ടുമൂടി വിശക്കുമ്പോള്‍ പാത്രത്തിനുമുന്നില്‍ കറന്‍സി നോട്ടിട്ടാല്‍ വയര്‍ നിറയില്ലെന്ന് മലയാളി പഠിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ ദീര്‍ഘവീക്ഷണനിലപാടെടുക്കേണ്ടത് സര്‍ക്കാരാണ്. അവിടെ സ്വന്തം പോക്കറ്റിനുവേണ്ടിയുള്ള 'വികസനവും കരുതലും' മാത്രം നടക്കുമ്പോള്‍ ജനങ്ങള്‍ അരക്ഷിതരായി മാറുകയും വ്യവസ്ഥിതിയോട് കലഹിക്കുകയും ചെയ്യുന്നത് അപൂര്‍വമല്ല. 'സോളാര്‍' കേസോടെ ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റെ ഉടുതുണി നഷ്ടപ്പെട്ടു കഴിഞ്ഞു. സോളാര്‍ വിവാദത്തില്‍പോലും ആദ്യമൊക്കെ സജീവമായി വക്കാലത്തെടുക്കുകയും പിന്നീട് നാറുമെന്ന് ബോദ്ധ്യപ്പെട്ട് സ്വയം പിന്തിരിഞ്ഞതായി കരുതുകയും ചെയ്യുന്ന ആളാണ് ഇപ്പോള്‍ ഉടുപ്പ് കീറപ്പെട്ട ശിവദാസന്‍ നായര്‍..

ഒരു എം.എല്‍.എയുടെ കുപ്പായം ഒരു സാഹചര്യത്തിലും കീറുന്ന അവസ്ഥ ഉണ്ടാവാന്‍ പാടില്ല. പലപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ 'ഒത്തുകൂടി' യാല്‍ ഉടുതുണി പറിക്കപ്പെടുന്ന സംഭവം കേരളത്തിലുണ്ടായിട്ടുണ്ട്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉള്‍പ്പെടെ ഉടുതുണിപോയവരുടെ ലിസ്റ്റ് നിരത്തേണ്ട കാര്യമുണ്ടാവില്ലല്ലോ.അന്നൊന്നും ഒരു ഹര്‍ത്താലും ഇവിടെ ഉണ്ടായിട്ടില്ല. എന്നാല്‍, ഇപ്പോള്‍ ശിവദാസന്‍ നായരുടെ ഉടുപ്പ് കീറിയപ്പോള്‍ ജില്ലാ ഹര്‍ത്താല്‍! ഹര്‍ത്താല്‍ മൂലം കേരളത്തില്‍ ഒരു ദിവസം ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടമുണ്ടാവുന്നുവെന്ന് വായ്ത്താരിയിടുന്ന മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടില്‍ പൊലീസ് സമയത്ത് ഇടപെടാത്തതുകൊണ്ടുള്ള കുപ്പായം കീറലിന്റെ പേരില്‍ നടത്തിയ ഈ ഹര്‍ത്താലിനെ തുടര്‍ന്ന് എത്ര കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ടാവും? കണക്കുകള്‍കൂട്ടാന്‍ പ്രാവീണ്യമുള്ള ബഹു. കുപ്പായം കീറിയ എം.എല്‍.എതന്നെ അതിന് മുന്നിട്ടിറങ്ങുമെന്ന് കരുതാമോ? ഹര്‍ത്താലിനെതിരെ ഉണ്ണാവ്രതമിരുന്ന കെ.പി.സി.സി വക്താവ് എം.എം.ഹസ്സന്‍ജിയെ മഷിയിട്ടുനോക്കിയിട്ടും കാണാനുമില്ല!